എനിക്ക് ചിക്കുൻ ഗുനിയ, ഭയന്നിട്ടാണ് നിർത്താതെ പോയത്,ബൈക്ക് വന്ന് കാറിലിടിക്കുകയായിരുന്നു- മണിയൻപിള്ള

തിരുവനന്തപുരം: അപകടത്തെ തുടർന്ന് വാഹനം നിർത്താതെ പോയെന്ന ആരോപണത്തിൽ പ്രതികരണവുമായി നടൻ മണിയൻ പിള്ള രാജു. ബൈക്ക് തന്റെ കാറിൽ വന്നിടിക്കുകയായിരുന്നുവെന്നും സുഖമില്ലാത്തത് കൊണ്ടാണ് നിർത്താതെ പോയതെന്നും മണിയൻ പിള്ള രാജു പറഞ്ഞു. തിരുവനന്തപുരം വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് സമീപത്ത് വെച്ച് വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. മണിയൻ പിള്ള രാജു ഓടിച്ചിരുന്ന കാറാണ് ബൈക്കിലിടിച്ചതെന്ന് യുവാക്കൾ മൊഴി നൽകിയിരുന്നു. അപകടത്തിന് ശേഷം മണിയൻ പിള്ള രാജു വാഹനം നിർത്താതെ പോകുകയായിരുന്നുവെന്നാണ് എഫ്ഐആർ. ഇന്ന് രാവിലെയാണ് നടൻ മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ അദ്ദേഹം ഹാജരായത്.
‘'അപ്പോഴത്തെ സാഹചര്യത്തിൽ ഞാൻ ഭയന്നു പോയി. ബൈക്ക് എന്റെ വണ്ടിയിൽ വന്ന് ഇടിക്കുകയായിരുന്നു. അത് സിസിടിവിയിൽ കാണാം. അപ്പോൾതന്നെ സുഹൃത്തുക്കളെ വിളിച്ച് ഒരു അപകടം നടന്നിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞു. ആംബുലൻസ് ഏർപ്പാടാക്കാനും പറഞ്ഞാണ് പോയത്. തുടർന്ന് സ്‌റ്റേഷനിൽ വിളിച്ച് രാവിലെ വന്നോളാം എന്ന് പറഞ്ഞു. സുഖമില്ലാത്തത് കൊണ്ടാണ് പോയത്. ചിക്കുൻ ഗുനിയ ഉണ്ട്. വീട്ടിൽ ഭാര്യ ഒറ്റയ്ക്കാണ്'’ മണിയൻ പിള്ള രാജു പ്രതികരിച്ചു.
അതേസമയം മണിയൻ പിള്ള രാജുവിനെ കഴിഞ്ഞ ദിവസം രാത്രി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇന്ന് രാവിലെ ഹാജാരാകമെന്ന് അദ്ദേഹം അറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. ബൈക്ക് യാത്രക്കാരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. സ്റ്റേഷനിൽ ഹാജരായ മണിയൻ പിള്ള രാജുവിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.
Content Highlights: Actor Maniyanpilla Raju Responds to Hit-and-Run Allegations Following Thiruvananthapuram Accident