'മംഗളൂരു'വിനെ മൈസുരു എടുത്തു, കർണാടകം ജയിച്ചു; കേരളത്തെ കേൾക്കാതെ റെയിൽവേ

പയ്യന്നൂർ: മൈസുരു ഡിവിഷൻ 'മംഗളുരു'വിനെ അടർത്തിയെടുത്തു. മംഗളുരുവിനെ സ്വന്തമാക്കി കർണാടകം പിടിമുറുക്കിയപ്പോൾ റെയിൽവേ കേരളത്തെ ഒരിക്കലും കേട്ടില്ല. പാലക്കാട് റെയിൽവേ ഡിവിഷന്റെ ചിറകരിഞ്ഞതിൽ കേരളം ഇപ്പോൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ്. ചരിത്രവിജയമെന്നാണ് ദക്ഷിണ കന്നടയിൽനിന്നുള്ള പ്രതികരണങ്ങൾ. പിന്നിൽ പ്രവർത്തിച്ച ദക്ഷിണ കന്നട എം.പി. ബ്രിജേഷ് ചൗട്ടക്ക് അഭിനന്ദനങ്ങളും നൽകി.
കർണാടക ലോബി വർഷങ്ങളായി മംഗളുരുവിന് വേണ്ടി പിടിമുറുക്കിയിരുന്നു. അതിന്റെ പ്രധാന നീക്കമായിരുന്നു 2024-ൽ മംഗളുരുവിനായി 'ഏക റെയിൽവേ സോൺ ഭരണത്തിന്' ആവശ്യമായ റിപ്പോർട്ട് സമർപ്പിക്കാൻ റെയിൽവേ ബോർഡ് ഉത്തരവിട്ടത്. ജുലായ് 18-ന് റെയിൽവേ സഹമന്ത്രി സോമണ്ണ ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. ദക്ഷിണ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർമാർ, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയരക്ടർ എന്നിവർക്കാണ് കത്തയച്ചത്.
ആ ഉത്തരവിൽ മംഗളുരു സെക്ഷനുവേണ്ടി സുറത്ത്കൽ, പനമ്പൂർ, തോക്കൂർ, പടീൽ, മംഗളുരു ജംഗ്ഷൻ, മംഗളുരു സെൻട്രൽ, ഉള്ളാൽ, മഞ്ചേശ്വരം എന്നിവയാണ് ഏറ്റെടുക്കുകയെന്ന് അറിയിച്ചിരുന്നു. ഇതിൽ സുറത്ത്കൽ മാത്രമാണ് കൊങ്കൺ റെയിൽവേയുടെ ഭാഗം. ബാക്കി എല്ലാം പാലക്കാട് ഡിവിഷന് കീഴിലാണ്. എന്നാൽ, മംഗളുരു പാലക്കാടിന് നഷ്ടമാകില്ലെന്നാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജരും പാലക്കാട് ഡിവിഷൻ അധികൃതരും അന്ന് അറിയച്ചത്. പക്ഷെ, കർണാടക ലോബിയുടെ വാദം വിജയിക്കുകയായിരുന്നു.
ദക്ഷിണ റൈയിൽവേ, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ, സൗത്ത് വെസ്റ്റേൺ റെയിൽവേ എന്നിവയുടെ ഭാഗമായി കിടക്കുന്നതിനാൽ മംഗളുരുവിന്റെ വികസനം തടസ്സപ്പെടുന്നു എന്നാണ് കർണാടക ലോബി പ്രധാനമായി വാദിച്ചത്. 2024 ജുലായിൽ മംഗളുരുവിൽ മന്ത്രി സോമണ്ണ പങ്കെടുത്ത യോഗത്തിലും ഇത് പ്രധാന വിഷയമായി. മംഗളുരു മേഖലയെ പാലക്കാട് ഡിവിഷനിൽനിന്ന് അടർത്തി സ്വതന്ത്ര ഡിവിഷനാക്കി മാറ്റുക എന്നതായിയിരുന്നു ലക്ഷ്യം. അത് വിജയിച്ചു.
Content Highlights: Mangaluru has been detached from the Palakkad Railway Division due to prolonged lobbying by Karnataka., The move transfers key sections previously under Palakkad to a new administrative setup., Kerala has united in protest against the reduction and division of the Palakkad Railway Division., Railway Board and Ministry actions in 2024 set the groundwork for this administrative shift.