കോട്ടയത്ത് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി; അപകടം ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി ശരൺ (32) ആണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.

ശക്തമായ മഴയിൽ ശരണിന്റെ വീടിന് പിറകിലുണ്ടായിരുന്ന വാട്ടർടാങ്ക് വെള്ളത്തിലൂടെ ഒഴുകിപ്പോയിരുന്നു. ടാങ്ക് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീടിന് പിന്നിലെ പാടശേഖരത്തോടുചേർന്നുള്ള വെള്ളക്കെട്ടിലേക്ക് ശരൺ അബദ്ധത്തിൽ വീഴുകയായിരുന്നു. വെള്ളത്തിൽ വീണ ഉടൻതന്നെ ശരൺ മുങ്ങിത്താഴുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു.

യുവാവിനെ കണ്ടെത്താനായി അഗ്നിരക്ഷാസേനയും എൻ.ഡി.ആർ.എഫ്. സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌കൂബ ടീമിനെകൂടി ഉൾപ്പെടുത്തി തിരച്ചിൽ ഊർജിതമാക്കിയെങ്കിലും രാത്രിയായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്.