ആദിവാസി മരിച്ചത് പേവിഷബാധ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

അതിരപ്പിള്ളി: കഴിഞ്ഞ ദിവസം മരിച്ച വാഴച്ചാൽ കാടർ ഉന്നതിയിലെ രാമന്റെ (48) മരണകാരണം പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കടുത്ത തലവേദനയും ഛർദിയുമായി വീട്ടിൽ കിടന്ന രാമനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം കുറഞ്ഞെന്ന് തോന്നിയപ്പോൾ ശനിയാഴ്ച രാവിലെ ഉന്നതിയിലേക്ക് തിരികെ പോന്നു.
ഉച്ചയ്ക്കുശേഷം വീണ്ടും അസുഖം കൂടിയതോടെ പുളിയിലപ്പാറയിലെ ആദിവാസി നാട്ടുവൈദ്യനെ കണ്ടിരുന്നു. രാത്രി വീണ്ടും ഛർദിയും വിറയലും ഉണ്ടായതിനെത്തുടർന്ന് പുലർച്ചെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനിടെ സ്രവമെടുത്ത് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. പരിശോധനയിൽ പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചു. വീട്ടിൽ ഏഴ് വളർത്തുനായ്‌ക്കളുണ്ടെന്നും തെരുവുനായ്‌ക്കളെയും രാമൻ പരിചരിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഭാര്യ: രാധിക. മക്കൾ: രഞ്ജിത, രോഷ്മിത, രോഷ്നി.
Content Highlights: man died of rabies in athirapally