മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍: തലപ്പാറ വലിയപറമ്പില്‍ ഓവുപാലം താഴ്ന്നു, ഗതാഗതം നിര്‍ത്തി

ദേശീയ പാതയിൽ സർവീസ് റോഡിലെ ഓവുപാലം താഴ്ന്ന നിലയിൽ, മണ്ണിട്ടുയർത്തിയ ഭാഗത്തുണ്ടായ വിള്ളൽ
ദേശീയ പാതയിൽ സർവീസ് റോഡിലെ ഓവുപാലം താഴ്ന്ന നിലയിൽ, മണ്ണിട്ടുയർത്തിയ ഭാഗത്തുണ്ടായ വിള്ളൽ

കോഴിക്കോട്: മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍. തലപ്പാറ വലിയപറമ്പിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. ഓവുപാലം താഴുകയും ചെയ്തിട്ടുണ്ട്. ഇതിനേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു.  സംഭവത്തെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു.

മലപ്പുറം ജില്ലയിലെ തലപ്പാറയ്ക്കും കൊളപ്പുറത്തിനും ഇടയില്‍ വികെ പടി വലിയപറമ്പിലാണ് സംഭവമുണ്ടായത്. ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇവിടെ ദേശീയപാതയ്ക്ക് കുറുകെയുള്ള ഓവുപാലം അപകടകരമായ രീതിയില്‍ താഴ്ന്നിട്ടുമുണ്ട്. ഇതോടെ ദേശീയപാതയിൽ സുരക്ഷാഭീഷണി ഉയർന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചു. നേരത്തെ ദേശീയപാത തകർന്നുവീണ കൂരിയാടുനിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് ഇപ്പോൾ വിള്ളൽ കണ്ടെത്തിയ ഭാഗം.

ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയ സ്ഥലത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകർ പ്രതിഷേധിച്ചു. സംസ്ഥാനത്തെ പുതിയ പാതയില്‍ സംഭവിക്കുന്നത് ഗൗരവുമുള്ള വിഷയങ്ങളാണെന്ന് സ്ഥലം സന്ദര്‍ശിച്ച പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ. പറഞ്ഞു. പരിശോധനകള്‍ നടത്തി പരിഹാരം കാണാൻ ഇനിയും വൈകരുത്. ഭയമില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാകണം. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. നടപടികള്‍ വൈകിയാല്‍ പ്രതിഷേധങ്ങളുമായി പ്രതിപക്ഷം മുന്നോട്ടുവരുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മേയ് 19-ന് കൂരിയാട് ദേശീയപാതയുടെ ഭാഗം ഇടിഞ്ഞുതാണിരുന്നു. ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയും സര്‍വീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു.

Content Highlights: new crack has appeared on the National Highway in Malappuram, Kerala, near Thalapaara