ഉത്തരവാദിത്വം ഏറ്റെടുക്കുന്നു,പ്രദേശത്ത് പാലം നിര്‍മിക്കാനും തയ്യാര്‍ - കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്

മലപ്പുറം കൂരിയാട് പണികൾ പുരോഗമിക്കുന്ന ആറുവരി ദേശീയപാതയും സർവീസ് റോഡും ഇടിഞ്ഞുണ്ടായ അപകടം. ഒരേ നിരപ്പിലുണ്ടായിരുന്ന റോഡ് ഇടിഞ്ഞുതാഴ്ന്നിരിക്കുന്നത് കാണാം | ഫോട്ടോ: അജിത്‌ ശങ്കരൻ /മാതൃഭൂമി
മലപ്പുറം കൂരിയാട് പണികൾ പുരോഗമിക്കുന്ന ആറുവരി ദേശീയപാതയും സർവീസ് റോഡും ഇടിഞ്ഞുണ്ടായ അപകടം. ഒരേ നിരപ്പിലുണ്ടായിരുന്ന റോഡ് ഇടിഞ്ഞുതാഴ്ന്നിരിക്കുന്നത് കാണാം | ഫോട്ടോ: അജിത്‌ ശങ്കരൻ /മാതൃഭൂമി

മലപ്പുറം: നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി നിര്‍മാണക്കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്. കമ്പനിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡിയാണ് കമ്പനിയുടെ വീഴ്ച ഏറ്റെടുത്ത് പ്രതികരിച്ചത്. പ്രാഥമിക വിവരം മാത്രമാണുള്ളതെന്നും എന്താണ് സംഭവിച്ചതെന്നറിയാനുള്ള കൃത്യമായ പരിശോധനകള്‍ തുടരുകയാണെന്നും നിര്‍മാണത്തിനുമുന്‍പ് എല്ലാതരം പഠനങ്ങളും നടത്തിയിരുന്നുവെന്നും എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പറഞ്ഞു. പ്രദേശത്ത് പാലമാണ് വേണ്ടതെങ്കില്‍ പാലം നിര്‍മിക്കാനും തയ്യാറാണ്. വിദഗ്ധരുടെ ഉപദേശമനുസരിച്ച് കമ്പനി മുന്നോട്ടുപോകുമെന്നും ജലന്ധര്‍ റെഡ്ഡി പറഞ്ഞു. കമ്പനിയ്ക്ക് 40 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടെന്നും മികച്ച അസംസ്‌കൃതവസ്തുക്കളും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്താന്‍ കമ്പനി ശ്രദ്ധ ചെലുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തില്‍ കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷനെ കേന്ദ്രം ഡീബാര്‍ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജലന്ധര്‍ റെഡ്ഡിയുടെ പ്രതികരണം.  കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷനു പുറമെ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് (എച്ച്.ഇ.സി) എന്ന കമ്പനിക്കും കേന്ദ്രം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ എം. അമര്‍നാഥ് റെഡ്ഡി, ദേശീയപാത നിര്‍മാണത്തിന്റെ ടീം ലീഡറായ രാജ് കുമാര്‍ എന്നീ ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി. പ്രാഥമിക പരിശോധനയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കരാര്‍ കമ്പനിക്കും കണ്‍സള്‍ട്ടന്റ് കമ്പനിക്കുമെതിരെ കേന്ദ്രം നടപടിയെടുത്തത്. ഡീ ബാർ ചെയ്തതിനാല്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഇനി ദേശീയപാതയുടെ ടെന്‍ഡറുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. 

ഈ മാസം 19നാണ് കൂരിയാണ് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയും സര്‍വീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റി പരിശോധന നടത്തിയിരുന്നു. രണ്ടംഗ സംഘമാണ് പരിശോധന നടത്തിയത്. മലയാളിയായ ഡോ. ജിമ്മി തോമസ്, ഡോ. അനില്‍ ദീക്ഷിത് എന്നിവരാണ് കൂരിയാട് പരിശോധന നടത്തിയത്.  ഈ സംഘത്തിന്റെ പ്രഥമിക റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. ഡല്‍ഹി ഐഐടിയിലെ പ്രൊ. ജി.വി റാവുവിനെ ഉള്‍പ്പെടുത്തി ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിദഗ്ധസംഘത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിനൊപ്പം കേരളത്തിലെ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ഈ വിദഗ്ധ സംഘം പരിശോധിക്കുമെന്നാണ് ലഭ്യമായ വിവരം. 

Content Highlights: NR Constructions accepts responsibility for the National Highway collapse in Malappuram, Kerala