ഒറ്റ മിന്നൽപ്പിണർ, പിന്നെചലനമറ്റ് പ്രിയപ്പെട്ടവർ; ഒറ്റ മിന്നലിൽ നാലുമരണം കേരളത്തിൽ ആദ്യം

മഞ്ചേരി: 'വെള്ളില അട്ടക്കുളം മലമുകളിലെ കുരങ്ങൻചോല പാറയിൽ കാറ്റുകൊണ്ട് ഞങ്ങൾ ഏഴുപേർ ഒരുമിച്ചിരുക്കുകയായിരുന്നു. നാലുമണിയോടെ അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴയ്‌ക്കൊപ്പം ഒരൊറ്റ മിന്നൽപ്പിണർ! പിന്നെ എനിക്കൊന്നും ഓർമയില്ല. ബോധംവീണു കണ്ണുതുറന്നുനോക്കിയപ്പോൾ എണീറ്റിരിക്കുന്നത് ഞാൻ മാത്രം. അല്പംമുൻപ് കളിച്ചുചിരിച്ചിരുന്ന പ്രിയപ്പെട്ടവരെല്ലാം ചുറ്റിലും അനക്കമറ്റുകിടക്കുന്നു. വിളിച്ചിട്ടും ആരും എഴുന്നേറ്റില്ല. ഞങ്ങൾക്കൊപ്പം തൊട്ടുമുകളിലിരുന്ന മൂന്നുപേരാണ് ആദ്യം ഓടിയെത്തിയത്. അവർ വിവരം നാട്ടുകാരെ അറിയിച്ചു. ഏറെനേരം കഴിഞ്ഞെത്തിയവരാണ് ഞങ്ങളെ ആശുപത്രിയിലെത്തിച്ചത്.'
സ്വന്തം സഹോദരൻ ഉൾപ്പെടെ നാലുപേർക്ക് ഇടിമിന്നലേറ്റ് ജീവൻ നഷ്ടമായതറിയാതെ മഞ്ചേരി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ കിടക്കയിൽക്കിടന്ന് വെള്ളില അട്ടക്കുളം പള്ളിപ്പറമ്പിൽ റോഷൻ എന്താണ് സംഭവിച്ചതെന്ന് മാതൃഭൂമിയോട് വിശദീകരിച്ചു. റോഷന്റെ സഹോദരൻ ഫഹദാണ് മരിച്ചവരിൽ ഒരാൾ. അട്ടക്കുളം മലയുടെ ഒരു കിലോമീറ്റർ പരിസരത്ത് താമസിക്കുന്നവരാണ് ഈ ഏഴുപേരും. ചൊവ്വാഴ്ച ഉച്ചയോടെയാണ് സുഹൃത്തുക്കളായ ഇവർ മല കയറിയത്. ഏറെനേരം മലമുകളിൽ അവർ കാറ്റുകൊണ്ടിരുന്നു. യാത്രയുടെ സന്തോഷനിമിഷങ്ങൾക്കിടെയാണ് ദുരന്തം മിന്നിയിറങ്ങിയത്. അതിനിടെ കാര്യമായി പരിക്കേൽക്കാത്ത റോഷൻ ഇടയ്ക്കിടെ ഏട്ടനെ ചോദിക്കുന്നുണ്ടായിരുന്നു. അവൻ തൊട്ടടുത്ത കിടക്കയിലുണ്ടെന്നാണ് കൂടെയുള്ളവർ പറഞ്ഞത്. മരിച്ച നാലുപേർക്കും മുഖത്തും ശരീരത്തിലും പൊള്ളലേറ്റിട്ടുണ്ട്. ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരിൽ ഒരാൾ ഇടയ്ക്കിടെ ഛർദ്ദിക്കുന്നതിനാലും മറ്റൊരാൾക്ക് ഐ.സി.യു. കിടക്ക ലഭ്യമല്ലാത്തതിനാലും പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്ക് മാറ്റി. കാര്യമായി പരിക്കില്ലെങ്കിലും ബന്ധുക്കളുടെ നിർദേശപ്രകാരം റോഷനെയും മൗലാനയിലേക്ക് കൊണ്ടുപോയി.
ഒറ്റ മിന്നലിൽ നാലു മരണം കേരളത്തിൽ ആദ്യം
മലപ്പുറം ഒറ്റ ഇടിമിന്നലിൽ നാലുപേർ മരിച്ച സംഭവം കേരളത്തിൽ മുൻപുണ്ടായിട്ടില്ല. ഒരാളും രണ്ടുപേരും മരിച്ച സംഭവങ്ങളാണ് കേരളത്തിൽ മുൻപുണ്ടായിട്ടുള്ളത്. 2013 ഏപ്രിൽ 28-ന് പാലായ്ക്കടുത്ത് ഇടമറ്റം തിടനാട് എന്നിവിടങ്ങളിലായി മൂന്നുപേർ മരിച്ച സംഭവമുണ്ടായിട്ടുണ്ട്. 1991-ലെ തിരഞ്ഞെടുപ്പുപ്രചാരണ സമയത്ത് എറ്റുമാനൂരിലെ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന ബാബു ചാഴികാടൻ മിന്നലേറ്റ് മരിച്ചിരുന്നു. മേയ് 15-ന് വൈകീട്ട് തുറന്ന ജീപ്പിൽ പ്രചാരണം നടത്തുമ്പോഴാണ് അദ്ദേഹത്തിന് മിന്നലേറ്റത്.
ഏപ്രിൽ-മേയ് മാസങ്ങളിലും ഒക്ടോബറിലുമാണ് കേരളത്തിൽ ഇടിമിന്നൽ അപകടങ്ങൾ തീവ്രമാകുന്നത്.
2010 മുതൽ 2020 വരെയുള്ള കണക്കനുസരിച്ച് ഒരു വർഷം ശരാശരി 17 പേർ ഇടിമിന്നലേറ്റ് മരിക്കാറുണ്ടായിരുന്നു. എന്നാൽ, കാലാവസ്ഥാ പ്രവചനങ്ങളിൽ കൂടുതൽ കൃത്യതവരികയും ജാഗ്രതാ നിർദേശങ്ങളും ബോധവത്കരണങ്ങളും ഫലപ്രദമാവുകയും ചെയ്തതോടെ ഇടിമിന്നലേറ്റുള്ള മരണങ്ങൾ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.
വർഷം ശരാശരി അറുപതുമുതൽ എഴുപതുവരെ മരണമാണ് ഇപ്പോൾ കേരളത്തിലുണ്ടാകാറുള്ളത്. മേയ് ഒന്നിന് ഇടുക്കിയിലെ മംഗളാദേവി ക്ഷേത്രോത്സവം കഴിഞ്ഞ് മലയിറങ്ങുന്ന 11 പേർക്ക് മിന്നലേറ്റിരുന്നു. എന്നാൽ ആർക്കും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായില്ല.
അപകടം കുരങ്ങൻചോല വ്യൂപോയിന്റിൽ
മലപ്പുറം: മങ്കടയ്ക്കടുത്ത് വെള്ളിലയിൽ മലമുകളിലെ കുരങ്ങൻചോല വ്യൂപോയിന്റിൽ ഇടിമിന്നലേറ്റ് നാലു യുവാക്കൾ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
കോഴിക്കോട്ടുപറമ്പ് നമ്പൂരിക്കാട് കടുക്കാസിറ്റി മലയിൽ വെള്ളില സ്വദേശികളായ പുതുക്കുടി അലിയുടെ മകൻ റഹീസ് (18), കൂരിമണ്ണിൽ പുത്തൻ സെയ്തലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെ മകൻ സിയാദ് (16), കറുത്താൻകുത്ത് നിസാറിന്റെ മകൻ ഫഹദ് (20) എന്നിവരാണു മരിച്ചത്. റോഷൻ (20), ഇഷ്ഹാത് (19), സൽമാനുൽ ഫാരിസ് (19) എന്നിവർക്കാണു പരിക്കേറ്റത്.
മരിച്ച റഹീസിന്റെ സഹോദരനാണ് സൽമാനുൽ ഫാരിസ്. മരിച്ച ഫഹദിന്റെ ഇരട്ട സഹോദരനാണ് റോഷൻ. പരിക്കേറ്റ മൂന്നുപേരെയും മഞ്ചേരി മെഡിക്കൽ കോളേജിൽനിന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്കു മാറ്റി. ഇതിൽ റോഷനും ഇഷ്ഹാത്തിനും ഗുരുതരമായി പരിക്കേറ്റു. എല്ലാവരും അപകടംനടന്ന പ്രദേശത്തിനു സമീപത്തുള്ള സുഹൃത്തുക്കളാണ്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. വൈകുന്നേരം കൂട്ടുകാർ കൂടി വ്യൂപോയിന്റിലേക്കു കയറിയെത്തിയപ്പോഴാണ് മിന്നലേറ്റത്. സൽമാനുൽ ഫാരിസിനെ രാത്രി ഏഴോടെയാണ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയത്.
മങ്കട ജി.വി.എച്ച്.എസ്.എസിൽനിന്ന് പത്താംക്ലാസ് കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു സിയാദ്. റഹീസും ഇതേ സ്‌കൂളിൽ പ്ലസ്ടു കഴിഞ്ഞ് ഫലം കാത്തിരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബഹാസ് മലപ്പുറം ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ്. ഫഹദ് വെള്ളില നെരവിൽ കടയിലെ ജീവനക്കാരനാണ്.
അപകടവിവരം അറിയാനും രക്ഷാപ്രവർത്തനം നടത്താനും കുറച്ചു താമസം നേരിട്ടു. വിവരമറിഞ്ഞെതതിയ നാട്ടുകാരാണ് എല്ലാവരെയും മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചത്. മൃതദേഹങ്ങൾ ബന്ധുക്കളെ കാണിച്ചശേഷം രാത്രി എട്ടുമണിക്കുമുൻപായി മോർച്ചറിയിലേക്കു മാറ്റി. ബുധനാഴ്ച പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.രാവിലെ 9.30-ന് വെള്ളില ടസ്‌കർ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനുശേഷം മലയിൽ ജുമാ മസ്ജിദ് കബറിസ്താനിൽ നാലുപേരുടെയും കബറടക്കം ഒരുമിച്ചുനടത്തും.
മിന്നിയെത്തിയ ദുരന്തം
മലമുകളിൽ ഒരു വേനലയെങ്കിലും തുറന്ന ഇടമായിരിക്കുമല്ലോ വ്യൂപോയിന്റുകൾ. മലമുകളിലായിരിക്കുകയും ഒരു പ്രദേശം വിശാലമായ തുറസ്സായ ഇടമായിരിക്കുകയും ചെയ്യുന്നതിനാൽ മിന്നൽ ഏൽക്കാനുള്ള സാധ്യത കൂടുന്നു. മങ്കട കുണ്ടൻചോലയിൽ മിന്നൽ അതിതീവ്രമാകാൻ കാരണം ഇതായിരിക്കാമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധർ പറയുന്നു.
വേനൽമഴയുണ്ടാകുമ്പോൾ എപ്പോഴും ഇടിമിന്നലിനുള്ള സാധ്യത വളരെ കൂടുതലാണ്. അതനുസരിച്ച് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നതുമാണ്. കഴിഞ്ഞദിവസം മംഗളാദേവിയിൽ മലയിറങ്ങുന്നവേളയിൽ ഏതാനും പേർക്ക് മിന്നലേറ്റിരുന്നു. അതേതരത്തിൽ തീവ്രമായ മിന്നൽ ഏറ്റതാണ് മങ്കടയിലെ ദുരന്തം ഇത്രയും വലുതാകാൻ കാരണം.
ഇടിമിന്നലിനു സാധ്യതയുള്ള കാലങ്ങളിൽ മലകയറാൻ പോകുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധർ വീണ്ടും ഓർമിപ്പിക്കുന്നു.
കൂട്ടായിരുന്നു ഞങ്ങൾ
'ചെറുപ്പംതൊട്ട് കൂട്ടുകാരാണ് ഞങ്ങൾ. ഇന്ന് ഉച്ചവരെ കൂടെയുണ്ടായിരുന്നു. ഒട്ടും ഉൾക്കൊള്ളാനാകുന്നില്ല..' - ഇത് പറഞ്ഞുതീർക്കുന്നതിനിടെ വെള്ളിലയിലെ നിധിന്റെ കണ്ണുകൾ നിറഞ്ഞു, വാക്കുകൾ ഇടറി. ഏറ്റവും പ്രിയപ്പെട്ടവരുടെ വിയോഗമുണ്ടാക്കിയ ഞെട്ടലിൽ തളർന്നിരിക്കുകയായിരുന്നു നിധിൻ. ഉച്ചയ്ക്ക് മഴ പെയ്യുമ്പോഴാണ് നിധിൻ സുഹൃത്തുക്കളുമായി പിരിയുന്നത്. വൈകീട്ട് മിന്നലേറ്റ് അപകടംപറ്റിയ കാര്യം കേട്ടപ്പോൾ ഒന്നും നോക്കാതെ നിധിൻ കുണ്ടൻചോലയിലേക്ക് ഓടി. അവിടെനിന്ന് മരിച്ചവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോൾ പിന്നാലെ അവിടെയുമെത്തി.
വലിയ അപകടം കണ്ടപ്പോഴാണ് സംഭവത്തിന്റെ ഗൗരവം നിധിന് മനസ്സിലായത്. പിന്നീട് സങ്കടം നിയന്ത്രിക്കാനായില്ല. നിധിനോടൊപ്പം കളിക്കൂട്ടുകാരായ സനൂപും രാഹുലും റംഷീദുമുണ്ടായിരുന്നു. ഇവർക്കും സുഹൃത്തുക്കളുടെ മരണം ഉൾക്കൊള്ളാനാകാതെ തളർന്നിരിക്കുകയായിരുന്നു.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതുവരെ അവർ നിസ്സംഗതയോടെ മെഡിക്കൽ കോളേജിന്റെ പുറത്തിരുന്നു. രാത്രി ഏഴോടെയാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്.
എറണാകുളത്ത് വെയർഹൗസ് കോഴ്‌സ് പഠിക്കുകയാണ് നിധിൻ. മൊബൈൽ മെക്കാനിക്കാണ് സനൂ.
മഴക്കാറിന്റെ സൗന്ദര്യം കാണാനിറങ്ങിയത് മരണത്തിലേക്ക്
മഴയുടെ മുന്നോടിയായി മഴക്കാറിൽ കോടമഞ്ഞ് രൂപപ്പെടുമ്പോഴുള്ള സൗന്ദര്യം കാണാനാണ് സഹോദരങ്ങളും കൂട്ടുകാരുമായ ഏഴുപേർ മലകയറിയത്. നാലുമണിയോടെ വീടിനു കുറച്ച് മുകളിലെത്തിയത്. കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ ശക്തമായ മിന്നലുണ്ടാകുകയും അതിൽ തെറിച്ചുവീഴുകയുമായിരുന്നു.വിവരമറിഞ്ഞ് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. ചെങ്കുത്തായ സ്ഥലമായതിനാൽ പരിക്കേറ്റ ഒരാളെ വൈകീട്ട് ഏഴുമണിയോടെയാണ് കണ്ടെത്തിയത്.
അപകടം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രത്തിൽ
പെരിന്തൽമണ്ണ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് നാല് യുവാക്കൾ ഇടിമിന്നലേറ്റ് മരിച്ച മങ്കട പന്തല്ലൂർമലയുടെ ഭാഗമായുള്ള കുണ്ടൻചോല വ്യൂ പോയിന്റ്.
കൊടികുത്തിപ്പാറ ഉൾപ്പെടെ ഏറെ വ്യൂ പോയിന്റുകളുള്ള പന്തല്ലൂർ മലയുടെ ചരിവിലാണ് കുണ്ടൻചോല വ്യൂ പോയിന്റ് സ്ഥിതിചെയ്യുന്നത്. അവധിക്കാലവും വേനൽമഴയുടെ തണുപ്പും ഒത്തുചേർന്നതോടെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ മഞ്ചേരി റോഡിലെ വെളളിലയിൽനിന്ന് മല റോഡ് വഴിയാണ് കൂടുതൽ പേർ ഇവിടെയെത്തുന്നത്. വെള്ളില സ്വദേശികളായ ഏഴ് യുവാക്കളുടെ സംഘത്തിന് ചൊവ്വാഴ്ച വൈകീട്ട് 5.30-തൊടെയാണ് കുണ്ടൻചോലയിൽ മിന്നലേറ്റത്. അപ്രതീക്ഷിതമായെത്തിയ കനത്ത മഴയ്‌ക്കൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ ഇവർ അകപ്പെടുകയായിരുന്നു. മലയുടെ ഉള്ളിലേക്ക് മാറിയുള്ള ഭാഗത്തുവെച്ചാണ് അപകടം സംഭവിച്ചത്. അതിനാൽത്തന്നെ രക്ഷാപ്രവർത്തനം വൈകി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഏഴ് മണിയോടെയാണ് സംഘത്തിലെ ഏഴാമനെ കണ്ടെത്താനായത്. മറ്റാരെങ്കിലും അപകടത്തിൽപ്പെട്ടിട്ടുണ്ടാകുമോ എന്ന നാട്ടുകാരുടെ സംശയത്തെത്തുടർന്ന് താലൂക്കിൽ ഉൾപ്പെടെ രാത്രി വൈകിയും തിരച്ചിൽ നീണ്ടു.
Content Highlights: Four youths lost their lives due to a single lightning strike at Kuranganchola., Three survivors are currently undergoing treatment at Moulana Hospital.