VD-യെ തഴഞ്ഞ് അനിലും ഷൗക്കത്തും ജോയിയും, KC-യെ തൊടാതെ നൗഷാദും; മലപ്പുറത്ത് കോൺഗ്രസ് വേദിയിൽ വിഭാഗീയത

#ന്യൂസ് ഡെസ്ക്
എ.പി. അനിൽകുമാർ, വി.ഡി. സതീശനും കെ.സി. വേണുഗോപാലും, വി.എസ്. ജോയ് | ഫോട്ടോ - മാതൃഭൂമി
എ.പി. അനിൽകുമാർ, വി.ഡി. സതീശനും കെ.സി. വേണുഗോപാലും, വി.എസ്. ജോയ് | ഫോട്ടോ - മാതൃഭൂമി

മലപ്പുറം: മലപ്പുറത്തെ കോൺഗ്രസ് എം.എൽ.എ.മാർക്കായി സംഘടിപ്പിച്ച സ്വീകരണത്തിൽ വിഭാഗീയത. തിരഞ്ഞെടുപ്പ് വിജയത്തിൽ വി.ഡി. സതീശന്റെ പങ്കിനെക്കുറിച്ച് മൂന്ന് എം.എൽ.എ.മാർ പരാമർശിച്ചില്ല. മന്ത്രി എ.പി. അനിൽകുമാർ, വി.എസ്. ജോയ്, ആര്യാടൻ ഷൗക്കത്ത് എന്നിവരാണ് സതീശനെ വിസ്മരിച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പുകഴ്ത്തി സംസാരിച്ചത്. മൂവരും വി.ഡി. സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും സംസാരിച്ചില്ല. മലപ്പുറം ഡി.സി.സി.യുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വീകരണ സമ്മേളനം കെ.സി. വേണുഗോപാലാണ് ഉദ്ഘാടനം ചെയ്തത്.

തനിക്ക് മത്സരിക്കാൻ അവസരംതന്നത് കെ.സി. വേണുഗോപാലാണെന്ന് നിലമ്പൂർ എം.എൽ.എ.യായ ആര്യാടൻ ഷൗക്കത്ത് വേദിയിൽ പറഞ്ഞു. വി.എസ്. ജോയ് കുറെക്കൂടി വൈകാരികമായ വാക്കുകളുപയോഗിച്ചാണ് കെ.സി.യെ പുകഴ്ത്തിയത്. 'ഇന്ത്യൻ രാഷ്ട്രീയത്തിൽ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പോർമുഖത്ത് കുന്തമുനയെപ്പോലെ നിലയുറപ്പിച്ച, പ്രധാനമന്ത്രിയുടെ പടിപ്പുരയും പാർലമെന്റിന്റെ പടിക്കെട്ടും കടന്ന് മലപ്പുറത്തിന്റെ തെരുവുവീഥികൾവരെ സമരക്കളമാക്കി മാറ്റിയ, പാർലമെന്റിൽ അമിത്ഷായേയും നരേന്ദ്ര മോദിയേയും മൂക്കുകൊണ്ട് 'ക്ഷ'യും 'ണ്ണ'യു വരപ്പിച്ച, പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയൊരു സമ്മേളനക്കാലയളവിൽ നൂറുശതമാനം ജനാധിപത്യമുന്നണിക്ക് വിജയം നേടിക്കൊടുത്ത, ആ പാർലമെന്റ് സമ്മേളനത്തിനുശേഷം കേരളത്തിലേക്കെത്തിച്ചേർന്ന എ.ഐ.സി.സി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്നിങ്ങനെ പോകുന്നു കെ.സി.യെ വാഴ്ത്തിയുള്ള ജോയ്‌യുടെ വാക്കുകൾ.

ഇന്ത്യയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം നൽകിക്കൊണ്ട് മുന്നോട്ടുപോകുന്ന കേരളത്തിന്റെ സംഭാവനയാണ് കെ.സി. വേണുഗോപാലെന്നായിരുന്നു മന്ത്രി അനിൽകുമാർ പ്രതികരിച്ചത്. മൂവരും പ്രസംഗത്തിലൊരിടത്തും മുഖ്യമന്ത്രിയുടെ പേര് പരാമർശിച്ചതേയില്ല. പൊന്നാനി എം.എൽ.എ. കെ.പി. നൗഷാദലിയും വേദിയിലുണ്ടായിരുന്നു. അദ്ദേഹം വി.ഡി. സതീശന്റെ ഭരണനേട്ടത്തെക്കുറിച്ച് പ്രസംഗത്തിൽ പരാമർശിച്ചു. കെ.സി. വേണുഗോപാലിനെക്കുറിച്ച് ഒന്നും മിണ്ടിയതുമില്ല. വി.ഡി. സതീശൻ പക്ഷക്കാരനായിട്ടാണ് നൗഷാദലിയെ പൊതുവേ വിലയിരുത്തപ്പെടുന്നത്. മറ്റുമൂന്നുപേരേയും കെ.സി.യുടെ പക്ഷക്കാരായും വിലയിരുത്തപ്പെടാറുണ്ട്. 

Content Highlights: Congress MLAs in Malappuram sparked factionalism debates during a reception., AP Anil Kumar, VS Joy, and Aryadan Shoukath praised KC Venugopal but omitted VD Satheesan., The event was organized by the Malappuram DCC and inaugurated by KC Venugopal., Ponnani MLA KP Noushadali supported VD Satheesan while ignoring KC Venugopal.