കോടതി ഉദ്യോഗസ്ഥരെ പോലും തടയുന്നു, ആരോടാണ് സമാധാനം ഉണ്ടാക്കേണ്ടത്; യാക്കോബായ സഭയ്ക്കെതിരെ ഓർത്തഡോക്സ് വിഭാഗം

കോട്ടയം: സമാധാന ആഹ്വാനം ധാരാളം ഉണ്ടാകുന്നു എന്നാൽ ആരോടാണ് സമാധാനം ഉണ്ടാക്കേണ്ടതെന്ന ചോദ്യവുമായി ഓർത്തഡോക്സ് സഭ. കോടതി നിയോഗിച്ച ഉദ്യോഗസ്ഥരെ പോലും തടയുന്ന സ്ഥിതിയാണ് ഉള്ളതെന്നും ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത പറഞ്ഞു.
'സമാധാനാഹ്വാനം ധാരാളം ഉണ്ടാകുന്നു, നല്ല കാര്യമാണ്. പക്ഷേ ഒരു ചോദ്യം ഉള്ളത്: ആരോടാണ് സമാധാനം ഉണ്ടാക്കേണ്ടത് എന്നതാണ്. കോടതിയിൽ നിന്നുണ്ടായ വിധിയുടെ പരാമർശങ്ങളുമായി പുത്തൻകുരിശിലേക്ക് പോയ കോടതി ഉദ്യോഗസ്ഥരെ തടഞ്ഞു നിർത്തുകയും ഭീഷണിപ്പെടുത്തുകയും തിരിച്ചയയ്ക്കുകയും ചെയ്ത സംഭവം കോടതിയുടെ ശ്രദ്ധയിൽവരികയും ഇതിനെതിരേ ശക്തമായ പ്രതികരണം കോടതി തന്നെ നടത്തുകയും ചെയ്തു. ഇവിടെ തീവ്രവാദത്തോടോ മതഭീകരതയോടോ ആരോടാണ് സമാധാനം ഉണ്ടാക്കേണ്ടത്? ഇതിന് മുമ്പ് ഇത്തരത്തിൽ പല സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതും യാഥാർഥ്യമാണ്'- ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത പറഞ്ഞു.
അന്ത്യോഖ്യാ പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവ കേരളത്തിലെത്തിയശേഷം സമാധാനത്തിനായി ആഹ്വാനം ചെയ്തിരുന്നെങ്കിലും, തുടർനടപടികളിൽ ഭിന്നത പ്രകടമാണ്.
മുളന്തുരുത്തി സുന്നഹദോസിന്റെ 180-ാം വാർഷികാഘോഷ വേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ഇരുസഭകളും തമ്മിലുള്ള സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ സമാധാന ആഹ്വാനത്തെ സദസ്സിലുള്ളവർ കൈയടികളോടെ സ്വീകരിച്ചപ്പോൾ, വേദിയിലുണ്ടായിരുന്ന യാക്കോബായ സഭാ നേതൃത്വം അതിനോട് ക്രിയാത്മകമായി പ്രതികരിക്കാൻ തയ്യാറായില്ലെന്ന് ഓർത്തഡോക്സ് സഭ കുറ്റപ്പെടുത്തി.
ഇതിനിടെ, കോട്ടയം മണർകാട് സെന്റ് മേരീസ് പള്ളിയിൽ പാത്രിയാർക്കീസ് ബാവ സന്ദർശനം നടത്തിയാൽ നിയമപരമായ മാർഗങ്ങളിലൂടെ അതിനെ തടയുമെന്ന നിലപാടിലാണ് ഓർത്തഡോക്സ് സഭ. നിലവിൽ യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള ഈ പള്ളിയിലേക്കുള്ള സന്ദർശനം കോടതി വിധികളുടെ ലംഘനമാകുമെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നിലപാട്. കൂടാതെ, പാത്രിയാർക്കീസ് ബാവ കേരളത്തിൽ നിന്ന് മടങ്ങുന്നതിന് മുൻപ് 1934-ലെ സഭാ ഭരണഘടന സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കണമെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു.
Content Highlights: Malankara Orthodox Church expressed strong dissent against ongoing peace efforts in the church dispute., Metropolitan Dr. Yuhanon Mar Dioscoros questioned the logic of making peace with those who defy court orders., Orthodox faction warned of legal action if Patriarch Ignatius Aphrem II visits the Manarcad St. Mary's Church.