അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറ്റം; എഫ്.സി.ആർ.എ നിയന്ത്രണങ്ങളിൽ വിയോജിച്ച് മലങ്കര സഭ

കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമവുമായി (എഫ്.സി.ആർ.എ.) ബന്ധപ്പെട്ട് അക്കൗണ്ട് ഉടമകളുടെ സമൂഹമാധ്യമ വിവരങ്ങളും പബ്ലിക്കേഷനുകളുടെ വിശദാംശങ്ങളും ആവശ്യപ്പെടുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് മലങ്കര സഭ. സഭയുടെ സാമ്പത്തിക ഇടപാടുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നവയും സുതാര്യവുമാണെന്നും സാമ്പത്തിക ഇടപാടുകൾക്ക് പകരം സംഘടനകളുടെ നിലപാടുകളെ ഓഡിറ്റ് ചെയ്യാൻ ശ്രമിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും സഭ ചൂണ്ടിക്കാട്ടി. സർക്കാരിനെ വിമർശിക്കുന്നവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന പരോക്ഷ മുന്നറിയിപ്പാണോ ഇത്തരം നടപടികളിലൂടെ അധികൃതർ നൽകുന്നതെന്ന് സംശയിക്കാമെന്നും സഭ കൂട്ടിച്ചേർത്തു.
രാജ്യത്തോടുള്ള സ്നേഹത്തിന്റെ പ്രതീകമായി ക്രൈസ്തവ സഭകൾ നിരവധി ആതുരാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്നും ഈ സേവന ദൗത്യങ്ങളെ സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും സഭ ആവശ്യപ്പെട്ടു. വ്യവസായങ്ങൾക്കും ഖനനത്തിനുമായി നിയമങ്ങൾ ലളിതവൽക്കരിക്കപ്പെടുമ്പോൾ മാനുഷിക സേവന പ്രവർത്തനങ്ങൾക്ക് കർശനമായ ചട്ടങ്ങളിലൂടെ കൂച്ചുവിലങ്ങിടുന്നത് ഖേദകരമാണ്. എല്ലാവരെയും രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാക്കിയാൽ മാത്രമേ ദേശീയോദ്ഗ്രഥനം അർത്ഥപൂർണ്ണമാകൂ എന്നും ഇത്തരം നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നും സഭ ആവശ്യപ്പെട്ടു.
Content Highlights: Malankara Church opposes new FCRA regulations, citing concerns over freedom of speech and transparency.