മലബാർ ട്രാവൽ മാർട്ട് സംഘടിപ്പിക്കുമെന്ന് മന്ത്രി PC വിഷ്ണുനാഥ്; മാതൃഭൂമി ഗേറ്റ് വേ ടു മലബാർ ടൂറിസം കോൺക്ലേവിന് തുടക്കം

#സ്വന്തം ലേഖകൻ
മാതൃഭൂമി ഗേറ്റ് വേ ടു മലബാര്‍ ടൂറിസം കോണ്‍ക്ലേവ് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു
മാതൃഭൂമി ഗേറ്റ് വേ ടു മലബാര്‍ ടൂറിസം കോണ്‍ക്ലേവ് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മലബാറിന്റെ വിനോദസഞ്ചാരസാധ്യതകൾ ലോകത്തിനു മുൻപിൽ അവതരിപ്പിച്ചുകൊണ്ട് മാതൃഭൂമി ഒരുക്കുന്ന 'ഗേറ്റ് വേ ടു മലബാർ ടൂറിസം കോൺക്ലേവ്' വ്യാഴാഴ്ച ദി റാവിസ് കടവിൽ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ടൂറിസം മേഖലയിലെ വിദഗ്ധരും സംരംഭകരും പങ്കെടുക്കുന്ന കോൺക്ലേവ് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനംചെയ്തു.

കേരള ട്രാവൽ മാർട്ട് മാതൃകയിൽ മലബാർ ട്രാവൽ മാർട്ട് സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പ്രഖ്യാപിച്ചു. എക്‌സ്പീരിയൻഷ്യൽ ടൂറിസത്തിന് ഏറ്റവും സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലേക്ക് എത്ര ടൂറിസ്റ്റുകൾ വരുന്നു എന്നതല്ല, വരുന്നവർ എത്ര ദിവസം ഇവിടെ താമസിച്ചു എന്നും എത്ര പണം ചെലവഴിച്ചു എന്നും അതുവഴി സ്ഥാപനങ്ങൾക്കും പ്രാദേശിക ജനങ്ങൾക്കും എന്ത് ഗുണമുണ്ടായി എന്നുമാണ് നമ്മൾ പരിശോധിക്കേണ്ടത്. അതിനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. നമ്മളെ സംബന്ധിച്ച് വലിയ വ്യവസായങ്ങൾക്കോ അതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പരിമിതിയുണ്ട്. അവിടെയാണ് കേരളത്തിന്റെ എക്‌സ്പീരിയൻഷ്യൽ ടൂറിസത്തിന്റെ പ്രാധാന്യം. ഡെസ്റ്റിനേഷൻ വെഡ്ഡിങ് അടക്കമുള്ള പുതുതലമുറ വിവാഹങ്ങൾക്ക് ഏറെ സാധ്യതയുള്ള സ്ഥലമാണ് കേരളം. ആയുർവേദം, യോഗ, കൃഷി എന്നിവയ്‌ക്കെല്ലാം വലിയ സാധ്യതയാണ് കേരളത്തിലുള്ളത്. ഇതിനെയെല്ലാം നമുക്ക് ഉപയോഗപ്പെടുത്താൻ കഴിയണമെന്നും മന്ത്രി ചുണ്ടിക്കാട്ടി.

മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ ആമുഖഭാഷണം നടത്തി. കേരളം യഥാർത്ഥത്തിൽ ദൈവത്തിന്റെ നാട് തന്നെയാണെന്നും അതിനെ എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് നമ്മൾ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസ്റ്റുകൾ കേരളത്തിലേക്ക് എത്തുന്നത് നമ്മുടെ മുഖം കാണാനല്ല. പ്രകൃതിയെ ആസ്വദിക്കാനാണ്. അതിനുള്ള സൗകര്യങ്ങൾ നമ്മൾ ഒരുക്കണമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.

മലബാറിന്റെ ടൂറിസം എങ്ങനെ വികസിപ്പിക്കണം എന്നത് സംബന്ധിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം ജോയിന്റ് സെക്രട്ടറി എസ്. ഹരികിഷോർ മുഖ്യപ്രഭാഷണം നടത്തി. കേരളത്തെ സംബന്ധിച്ച്മാർക്കറ്റ് ചെയ്യാൻ പറ്റുന്ന ഒരുപാട് പ്രോഡക്ടുകൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആയുർവേദ, വെൽനെസ്, സംസ്‌കാരം എന്നിവ. ഇതിനെയൊന്നും നമ്മൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടില്ല. ഓരോ രാജ്യത്തുമുള്ള ഓരോ തരം കാര്യങ്ങൾ ആസ്വദിക്കാനാണ് വിനോദസഞ്ചാരികൾ പല രാജ്യങ്ങളിലേക്കും പോകുന്നത്. അങ്ങനെയുള്ളവർക്ക് നമുക്ക് പ്രധാനമായും നൽകാൻ കഴിയുന്നതാണ് നമ്മുടെ പ്രകൃതിയും സംസ്‌കാരവും. ആളുകൾ കേരളത്തിലേക്ക് എത്തുമ്പോൾ തെയ്യം, കളരി, ആയുർവേദം പോലുള്ള കാര്യങ്ങൾ നമുക്ക് മുന്നോട്ടുവെക്കാൻ കഴിയണം. തെയ്യം ഫെസ്റ്റിവൽ പോലുള്ളവ കൂടുതൽ സജീവമാക്കിയാൽ നമുക്ക് അവരെ മലബാറിലേക്ക് എത്തിക്കാം. 100 ദിന തെയ്യം ഫെസ്റ്റിവൽ പോലുള്ളവ ആലോചിക്കാവുന്നതാണെന്നും ഹരികിഷോർ പറഞ്ഞു.

മികച്ച ടൂറിസത്തിനായി മലബാറിന്റെ വികസനമാതൃക, മലബാർ: ഡെസ്റ്റിനേഷൻ വിവാഹങ്ങളുടെ വേദി, തീരത്തിനപ്പുറം: മലബാറിന്റെ ജല-ഉൾനാടൻ ടൂറിസം, സൗഖ്യമേകുന്ന മലബാർ: ആരോഗ്യ-വെൽനെസ് ടൂറിസം, മലബാറിന്റെ രുചി തുടങ്ങിയ വിഷയങ്ങളിൽ വിവിധ മേഖലയിലെ പ്രമുഖർ സംസാരിക്കും.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സാണ് കോൺക്ലേവിന്റെ മുഖ്യ സ്‌പോൺസർ. ദ റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്സ് പവേഡ് ബൈ പാർട്ണറും മലബാർ ഹോസ്പിറ്റൽസ് അസോസിയേറ്റ് പാർട്ണറും ഫിക്കി സാങ്കേതിക പാർട്ണറുമാണ്.

Content Highlights: Inaugurating Mathrubhumi’s Gateway to Malabar Tourism Conclave at Kozhikode, Tourism Minister PC Vishnunath announced plans to organize a Malabar Travel Mart.