മലബാറിൽ ട്രെയിൻയാത്ര അതിദുരിതം; സ്ലീപ്പർകോച്ച് ചുരുങ്ങി, ഡി-റിസർവ്ഡ് കോച്ചും പകൽ സ്ലീപ്പറും ഇല്ല

പയ്യന്നൂർ: തിരക്കിൽ ഞെരുങ്ങുകയാണ് മലബാറിലെ തീവണ്ടികൾ. ജനറൽ കോച്ചുകളിൽ സൂചികുത്താനിടമില്ല. തീവണ്ടി കോച്ചുകൾ സംഘർഷ മേഖലയാകുന്നതും മറ്റൊരു ഭീഷണി.
കഴിഞ്ഞയാഴ്ച മംഗളുരു-തിരുവനന്തപുരം എക്സ്പ്രസിൽ (16348) ടിക്കറ്റ് പരിശോധകൻ അക്രമിക്കപ്പെട്ടു. കേരളത്തിലെ തീവണ്ടികളിൽ നാലുവർഷത്തിനിടെ 30-ലധികം ടിക്കറ്റ് പരിശോധകരാണ് അക്രമിക്കപ്പെട്ടത്. വാക്കുതർക്കവും ഉന്തുംതള്ളും കൂടാതയുള്ള കണക്കാണിത്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചുകളിൽ കയറിയതാണ് ഭൂരിഭാഗം കേസുകളുടേയും കാരണം. സീസൺ ടിക്കറ്റുകാരും കേസിൽ ഉൾപ്പെട്ടവരിലുണ്ട്.
യാത്രക്കാർ പറയുന്നു:
എക്സ്പ്രസ്/മെയിൽ വണ്ടികളിൽ ഡി-റിസർവ്ഡ് കോച്ച് കൂട്ടാത്തതും പാലക്കാട് ഡിവിഷനിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നൽകാത്തതും യാത്രാപ്രശ്‌നം ഇരട്ടിയാക്കുന്നതായി യാത്രക്കാർ ചുണ്ടിക്കാട്ടുന്നു. മലബാറിലും മാവേലിയിലുമടക്കം സ്ലീപ്പർ കോച്ചുകൾ ചുരുങ്ങി. പല വണ്ടികളിലും ജനറൽ കോച്ചും സ്ലീപ്പറും കുറച്ചാണ് എ.സി. കോച്ചുകൾ കൂട്ടിക്കൊണ്ടിരിക്കുന്നത്. പകരം പാസഞ്ചർ/മെമു ഓടിക്കാത്തതിനാൽ പീക്ക് സമയങ്ങളിലെ തിരക്ക് വലിയ തിരിച്ചടിയായി.
ഇപ്പോൾ പിഴത്തുക കൂട്ടിയതോടെ മലബാറിൽ തീവണ്ടി യാത്ര അതികഠിനമായി. മെമു വണ്ടികൾ ഇല്ലാത്തതും പാസഞ്ചറിലെ കോച്ചുകൾ കുറച്ചതും കാരണം ഇപ്പോൾ സൂചികുത്താനിടമില്ല. ഓരോ സ്റ്റേഷനിലും തിരക്ക് വർധിക്കുമ്പോൾ യാത്രക്കാർ ജനറൽ കോച്ചിൽനിന്ന് സ്ലീപ്പറിലേക്ക് കയറുന്നതിനും കനത്ത പിഴനൽകേണ്ടിവരുന്നു. കേരളത്തിൽ ഏറ്റവും കുറവ് പാസഞ്ചർ/മെമു വണ്ടികൾ ഓടുന്ന ഉത്തരമലബാറിലാണ് യാത്ര ഇപ്പോൾ കഷ്ടത്തിലായത്.
പിഴത്തുകയുമായി യാത്ര
വൈകീട്ട് 5.33-ന് കാസർകോടെത്തുന്ന മംഗളുരു-ചെന്നൈ സൂപ്പർഫാസ്റ്റിൽ (12686) എന്നും സ്ഥിരം യാത്രക്കാരുടെ പരാതിയാണ്. നാല് ജനറൽ കോച്ചിൽ ഒതുങ്ങാത്ത യാത്രക്കാർ റിസർവേഷൻ കോച്ചിൽ കയറുമ്പോൾ പരിശോധകർ പിഴയിടും. ചിലർ ഇറക്കിവിടും. അടുത്ത വണ്ടി വൈകുമെന്നതിനാൽ പിഴനൽകിയാണ് പലരും യാത്രചെയ്യുന്നത്. കണ്ണൂർവരെ ഡി-റിസർവ്ഡ് കോച്ച് അനുവദിക്കണമെന്ന് യാത്രക്കാരി രതി രാജേന്ദ്രൻ പറഞ്ഞു. സൂചികുത്താനിടമില്ലാത്ത ലേഡീസ് കോച്ചുകൾക്ക് പരിഗണന നൽകണമെന്ന് പയ്യന്നൂർ സ്വദേശി വി.സി. രമ ആവശ്യപ്പെട്ടു.
രാവിലെ 7.40-ന് കണ്ണൂരിൽനിന്ന് പുറപ്പെുടുന്ന കണ്ണൂർ-മംഗളുരു പാസഞ്ചറിൽ 11 കോച്ചുകൾ മാത്രമാണുള്ളത്. കണ്ണൂരിൽ ഒൻപത് മണിക്കൂർ വിശ്രമിക്കുന്ന ഷൊർണൂർ-കണ്ണൂർ മെമു (66324) കാസർകോട്ടേക്ക് റൂട്ടിൽ നീട്ടിയാൽ പാസഞ്ചറിന്റെ തിരക്ക് കുറയുമെന്ന് മലബാർ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ കെ.പി. രാമകൃഷ്ണൻ, സുരേഷ് കണ്ടങ്കാളി എന്നിവർ പറഞ്ഞു. നേത്രാവതി എക്സപ്രസാണ് വൈകീട്ട് മംഗളുരുവിലേക്കുള്ള അവസാന രാത്രി വണ്ടി. അതിനുശേഷം വണ്ടിയില്ല. പിന്നീട് പുലർച്ചെ 2.37-ന് വരുന്ന ചെന്നൈ-മംഗളുരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637) മാത്രമാണുള്ളത്. രാത്രി കണ്ണൂരിൽ നിർത്തുന്ന കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ (16608), പാലക്കാട്-കണ്ണൂർ പാസഞ്ചർ (16611) എന്നിവ കാസർകോട് ഭാഗത്തേക്ക് നീട്ടിയാൽ ഇതിന് പരിഹാരമാകും.