വഴിയിലിട്ട ‘മെയ്ക്ക് ഇൻ കേരള’ പദ്ധതി പൊടിതട്ടിയെടുത്ത് സർക്കാർ

#ന്യൂസ് ഡെസ്ക്
കെ.എന്‍. ബാലഗോപാല്‍ | Photo: Gireeshkumar CR/ mathrubhumi
കെ.എന്‍. ബാലഗോപാല്‍ | Photo: Gireeshkumar CR/ mathrubhumi

കാസർകോട്: സംസ്ഥാനത്തെ നിർമാണഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിക്കുകയും പിന്നീട് വഴിയിലുപേക്ഷിക്കുകയും ചെയ്ത ‘മെയ്ക്ക് ഇൻ കേരള’ പദ്ധതി വീണ്ടും പൊടിതട്ടിയെടുത്ത് സർക്കാർ.

സംസ്ഥാനത്തെ ഉയർന്ന സാക്ഷരതയും നൈപുണ്യവും മികച്ച മാനവവിഭവശേഷിയും പ്രയോജനപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിട്ടത്. ഇതുവഴി ആഭ്യന്തര ഉത്പാദനവും തൊഴിൽ, സംരംഭക, നിക്ഷേപ അവസരങ്ങളും കൂട്ടാമെന്നായിരുന്നു കണക്കുകൂട്ടൽ. കേന്ദ്രസർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ചുവടുപിടിച്ച് 2023-24 വർഷത്തെ ബജറ്റിലാണ് ‘മെയ്ക്ക് ഇൻ കേരള’ പ്രഖ്യാപിച്ചത്. ഇതുവരെ ഫ്രീസറിലായിരുന്ന പദ്ധതിക്കാണിപ്പോൾ ജീവൻവെക്കുന്നത്.

‘മെയ്ക്ക് ഇൻ കേരള’യ്ക്കായി പദ്ധതി കാലയളവിൽ 1,000 കോടി രൂപ അധികമായി അനുവദിക്കുമെന്നും 2023-24 വർഷം 100 കോടി രൂപ നീക്കിവെക്കുമെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞിരുന്നു. എന്നാൽ പദ്ധതിക്കായി പ്രത്യേക ശീർഷകവും ഫണ്ടും അനുവദിച്ചില്ല.

തുടർനടപടിക്ക് പിന്നീട് ധനവകുപ്പിന്റെ അനുമതി ലഭിച്ചതിനാൽ പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള വിവിധ പരിപാടികൾ നടപ്പാക്കാൻ മാർഗനിർദേശം തയ്യാറാക്കി.

പുനർവിന്യാസത്തിലൂടെയും ചുമതലകൾ വേർതിരിച്ച് നൽകിയും ജീവനക്കാരെ അധിക സാമ്പത്തികബാധ്യതയില്ലാതെ കണ്ടെത്താനായിരുന്നു ആലോചന. തുടർന്ന് പദ്ധതിക്കായി ബജറ്റ് ശീർഷകവും ടോക്കൺ വിഹിതവും അനുവദിച്ചു. എന്നാൽ തുടർനടപടികളൊന്നുമുണ്ടായില്ല. ഇപ്പോൾ ഇത് പൊടിതട്ടിയെടുത്ത വ്യവസായ വകുപ്പ് പദ്ധതി തുടരാൻ അനുമതി നൽകി.

ഊന്നൽ നൽകുന്ന മേഖലകൾ

കാർഷിക മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുന്ന കാർഷിക സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ (എം.എസ്.എം.ഇ.), സംസ്ഥാനത്തിന് മുന്നേറാൻ സാധ്യതയുള്ളതായി വ്യവസായനയത്തിൽ നിർദേശിച്ച 22 മുൻഗണനാ മേഖലകൾ തുടങ്ങിയവയ്ക്കാണ് മുൻഗണന നൽകുന്നത്. സംരംഭകർക്ക് പലിശ ഇളവുകൾ, മൂലധന സഹായം, സാങ്കേതിക പരിശീലനം, ബ്രാൻഡിങ് തുടങ്ങിയ ആനുകൂല്യങ്ങൾ അനുവദിക്കും. 'മെയ്ഡ് ഇൻ കേരള' എന്ന പേരിൽ കേരളത്തിന്റെ ഉത്‌പന്നങ്ങളെ ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യും. വ്യവസായ വകുപ്പും മറ്റ് വകുപ്പുകളും ചേർന്ന് പ്രായോഗിക പദ്ധതി തയ്യാറാക്കും.

സംസ്ഥാനത്തേക്ക്ഉത്പന്നങ്ങളുടെ ഒഴുക്ക്

‘മെയ്ക്ക് ഇൻ കേരള’ പദ്ധതിയുമായി ബന്ധപ്പെട്ട് സെന്റർ ഫോർ ഡിവലപ്മെന്റ് സ്റ്റഡീസ് 2021-22 കാലത്ത് നടത്തിയ പഠനത്തിൽ പുറത്തുനിന്ന് കേരളത്തിലേക്ക് 1.28 ലക്ഷം കോടി രൂപയുടെ ഉത്‌പന്നങ്ങൾ എത്തിയതായാണ് കണ്ടെത്തിയത്.

ഇതിൽ 92 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നായിരുന്നു. ഇക്കാലയളവിൽ സംസ്ഥാനത്തുനിന്ന് പുറത്തേക്കയച്ചത് 74,000 കോടി രൂപയുടെ ഉത്പന്നങ്ങളായിരുന്നു. ഇതിൽ 70 ശതമാനവും മറ്റ് സംസ്ഥാനങ്ങളിലേക്കും.

സംസ്ഥാനത്തിന്റെ വ്യാപാരക്കമ്മി വളരെ ഉയർന്നതാണെന്ന് പഠനത്തിൽ വ്യക്തമായി. ഈ സാഹചര്യത്തിൽ പുറത്തുനിന്ന് വരുന്നവയിൽ തദ്ദേശിയമായി ഉത്പാദിപ്പിക്കാവുന്നവ കണ്ടെത്തി ഇവിടെ ഉത്പാദിപ്പിക്കാനാണ് ‘മെയ്ക്ക് ഇൻ കേരള’ പദ്ധതി.

Content Highlights: make in kerala project kerala government