സർക്കാർ വരുംമുൻപേ സർക്കാരിനെതിരേ സമരം; കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ വയറ്റത്തടിച്ച് മഹിളാമോർച്ച

തിരുവനന്തപുരം: പ്രതിഷേധിക്കാനായി ബസിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തപ്പോൾ കൈനഷ്ടം സംഭവിച്ചത് കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക്. പുതിയ സർക്കാർ അധികാരമേൽക്കുംമുൻപേ സൗജന്യയാത്രാസൗകര്യം ആവശ്യപ്പെട്ട് മഹിളാമോർച്ച നടത്തിയ സമരമാണു ജീവനക്കാർക്കു വിനയായത്. പ്രകടനപത്രികയിലെ വാഗ്ദാനം യു.ഡി.എഫ്. സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് മഹിളാമോർച്ച പ്രതിഷേധം സംഘടിപ്പിച്ചത്.
സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂർ ബസ് സ്റ്റാൻഡിൽ മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നിർവഹിച്ചു. തമ്പാനൂർ ബസ് സ്റ്റാൻഡിൽനിന്ന് നവ്യ ഹരിദാസിന്റെ നേതൃത്വത്തിൽ മുദ്രാവാക്യം മുഴക്കിയെത്തിയ പ്രവർത്തകർ ആറ്റിങ്ങലിലേക്കുള്ള ബസിൽ കയറി. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ നിയമപ്രകാരം കഴിയില്ലെന്നു ജീവനക്കാരും പോലീസും അറിയിച്ചിട്ടും പ്രവർത്തകർ പിൻവാങ്ങിയില്ല.
ഇവരെ അറസ്റ്റുചെയ്ത് നീക്കാൻ പോലീസ് തയ്യാറായതുമില്ല. ഇതോടെ യാത്രക്കാരും പ്രതിഷേധിച്ചു. ഒടുവിൽ പ്രവർത്തകരെയും വഹിച്ചുകൊണ്ട് ബസ് പുറപ്പെട്ടു. 22 സമരക്കാരാണ് ബസിലുണ്ടായിരുന്നത്. ആറ്റിങ്ങലിലേക്കുള്ള ടിക്കറ്റാണ് ഇവർ ആവശ്യപ്പെട്ടത്. ഒരാൾക്ക് 43 രൂപ നിരക്കിലുള്ള ടിക്കറ്റ് കണ്ടക്ടർ നൽകിയെങ്കിലും പക്ഷേ, പ്രവർത്തകർ പണം നൽകിയില്ല.
ഇതു താൻ അടയ്ക്കേണ്ടിവരുമെന്ന് കണ്ടക്ടർ പറഞ്ഞിട്ടും പ്രവർത്തകർ വഴങ്ങിയില്ല. ആറ്റിങ്ങലിലേക്ക് ടിക്കറ്റെടുത്ത സമരക്കാർ പി.എം.ജി. ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്തു. സമരത്തിന്റെ ഫലമായി 946 രൂപയാണ് ജീവനക്കാരിൽനിന്നു പോവുക.
അതേസമയം, മഹിളാമോർച്ച സമരത്തിനെതിരേ രൂക്ഷമായാണ് യാത്രക്കാരും കെ.എസ്.ആർ.ടി.സി. ജീവനക്കാരും പ്രതികരിച്ചത്. സർക്കാർ അധികാരമേൽക്കാതെ എങ്ങനെ തിരഞ്ഞെടുപ്പു വാഗ്ദാനം നടപ്പാക്കുമെന്നും ഇതറിയാത്തവരാണോ രാഷ്ട്രീയപ്രവർത്തകരെന്നും യാത്രക്കാർ ചോദിച്ചു.
ഉത്തരവില്ലാതെ എങ്ങനെ സൗജന്യയാത്ര അനുവദിക്കുമെന്നും തങ്ങളുടെ ശമ്പളത്തിൽനിന്ന് ഇത്തരം സമരങ്ങൾക്കായി പണം നൽകേണ്ടിവരുന്നത് കഷ്ടമാണെന്നുമായിരുന്നു കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ അഭിപ്രായം.
മേയ് 15 മുതൽ സൗജന്യയാത്ര ഉറപ്പുനൽകിയിരുന്നതാണെന്നും ഇതു പാലിക്കാത്തതിനാലാണ് സമരമെന്നുമാണ് മഹിളാമോർച്ചയുടെ വാദം. തിരഞ്ഞെടുപ്പുഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ രൂപവത്‌കരിക്കാത്തത് കോൺഗ്രസിനുള്ളിലെ തർക്കങ്ങൾമൂലമാണെന്നും വാഗ്ദാനം നടപ്പാക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും നവ്യ ഹരിദാസ് പറഞ്ഞു.
മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സിനി മനോജ്, ജില്ലാസെക്രട്ടറിമാരായ സിന്ധു, ശാന്തി ഗിരി തുടങ്ങിയവർ പങ്കെടുത്തു. അതേസമയം, ബി.ജെ.പി.ക്കുള്ളിൽത്തന്നെ സമരത്തോടു ഭിന്നാഭിപ്രായമുള്ളതായി സൂചനയുണ്ട്.
Content Highlights: Mahila Morcha activists staged a protest by traveling on KSRTC buses without tickets. The protest was directed against the UDF government for failing to fulfill election promises regarding free travel. KSRTC conductors were forced to bear the cost of the unpaid tickets, amounting to a significant financial loss. Public and employee backlash emerged due to the lack of official government orders for free travel. The protest took place in Thiruvananthapuram, led by Mahila Morcha state president Navya Haridas.