പ്രളയനിരപ്പിന് മീതേ ഈ ഗാന്ധിഭക്തി; കഴുത്തറ്റം വെള്ളത്തിലും ഗാന്ധി പ്രതിമയ്ക്ക് കരുതലായി പാലാ നഗരം

പാലാ: കഴുത്തറ്റം വെള്ളത്തിലും ഗാന്ധിപ്രതിമയ്ക്ക് കരുതലായി പാലാ നഗരം. പാലാ മൂന്നാനിയിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമ മഴയത്ത് ചരിഞ്ഞപ്പോൾ വെള്ളത്തിലിറങ്ങിനിന്ന് അഴിച്ച് നഗരസഭയുടെ ലോയേഴ്‌സ് ചേംബറിലേക്ക് മാറ്റി. പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിച്ച പ്രതിമയാണിത്.
പ്രതിമയ്ക്ക് യാതൊരു കേടും സംഭവിച്ചിട്ടില്ലെന്നും വെള്ളം ഇറങ്ങിയാലുടൻ ഗാന്ധിസ്ക്വയർ പൂർവസ്ഥിതിയിലാക്കി അടുത്തയാഴ്ച പ്രതിമ വീണ്ടും സ്ഥാപിക്കുമെന്നും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ 9.30-ഓടെയാണ് പ്രതിമ ചരിഞ്ഞതായി പത്താംവാർഡ് കൗൺസിലർ ബിജു വരിക്കയാനി അറിയിച്ചത്. രാവിലെ 10.30-ഓടെ പ്രതിമയുടെ ചരിവ് വർധിച്ചതായി കണ്ടെത്തി.
എബി ജെ. ജോസ്, മുൻ മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം, മൈക്കിൾ ജോസഫ് കുഴിഞ്ഞാലിൽ, റോയി തൈപ്പറമ്പിൽ, ഒ.എസ്. പ്രകാശ് എന്നിവർ കഴുത്തൊപ്പമുള്ള വെള്ളത്തിലൂടെ പ്രതിമയുടെ സമീപത്തെത്തി പരിശോധന നടത്തി. ഐസോ റെസിൻ ഉപയോഗിച്ച് നിർമിച്ച പ്രതിമയ്ക്ക് കേടുസംഭവിച്ചിട്ടില്ലെന്ന് വ്യക്തമായി. പ്ലാറ്റ്ഫോമിൽ പ്രതിമ ഉറപ്പിച്ച സ്‌ക്രൂവിന് ജലപ്രവാഹത്തിൽ ഇളക്കംവന്നതാണ് ചരിവിന് കാരണം. 2022-ൽ അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പ്രതിമ അനാവരണം ചെയ്‌തത്.
Content Highlights: Mahatma Gandhi statue in Pala safely relocated due to heavy rain and flooding., No damage reported to the resin-based statue., Statue to be reinstalled at Gandhi Square once water levels recede., Initial installation was inaugurated by Governor Arif Mohammed Khan in 2022.