തൊഴിലുറപ്പ്: സംസ്ഥാനത്ത് 1.44 കോടി തൊഴിൽദിനങ്ങൾ കുറഞ്ഞു; തൊഴിലാളികൾക്ക് നഷ്ടം 580 കോടി രൂപ

#ജി. സജിത്കുമാർ
പ്രതീകാത്മകചിത്രം | പരിയാരം പഞ്ചായത്തിലെ അമ്മാനപ്പാറ കാരടി തോട് തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് വൃത്തിയാക്കുന്നു
പ്രതീകാത്മകചിത്രം | പരിയാരം പഞ്ചായത്തിലെ അമ്മാനപ്പാറ കാരടി തോട് തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് വൃത്തിയാക്കുന്നു

കൊല്ലം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽനിന്ന് വിബി ജി റാം ജിയിലേക്കുള്ള പരിവർത്തനഘട്ടത്തിൽ കഴിഞ്ഞ ആറുമാസത്തിനിടെ സംസ്ഥാനത്ത് 1.44 കോടി തൊഴിൽദിനങ്ങളുടെ കുറവ്. 2025-26 സാമ്പത്തികവർഷം ആറുമാസത്തിനിടെ 4,00,83,883 തൊഴിൽദിനങ്ങൾ സൃഷ്ടിച്ച സ്ഥാനത്ത്, ഈ സാമ്പത്തികവർഷം സെപ്റ്റംബർവരെ 2,56,21,586 ദിനങ്ങൾമാത്രമാണ് സംസ്ഥാനത്ത് സൃഷ്ടിക്കാനായത്.

1,44,62,297 തൊഴിൽദിനങ്ങൾ കുറഞ്ഞതുവഴി തൊഴിലുറപ്പിൽ പണിയെടുക്കുന്ന സാധാരണ തൊഴിലാളികൾക്ക് 580 കോടിയോളം രൂപയാണ് നഷ്ടപ്പെട്ടത്. തൊഴിൽദിനങ്ങളുടെ കുറവ് പദ്ധതിയുടെ ലക്ഷ്യങ്ങളെ മാത്രമല്ല, ഗ്രാമീണമേഖലയിലെ സാധാരണ തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കുന്നു.

കഴിഞ്ഞ ജൂലായ് ഒന്നുമുതലാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിർത്തലാക്കി, പുതിയ പദ്ധതി ആരംഭിച്ചത്. 40.71 ലക്ഷം കുടുംബങ്ങളിലെ 58.48 ലക്ഷം തൊഴിലാളികളാണ് സംസ്ഥാനത്ത് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 17.77 ലക്ഷം കുടുംബങ്ങളിലെ 20.61 ലക്ഷം തൊഴിലാളികൾ പദ്ധതിയെ ആശ്രയിച്ചുകഴിയുന്ന സജീവ തൊഴിലാളികളാണ്.

എന്നാൽ 8.06 ലക്ഷം കുടുംബങ്ങളിലെ 8.63 ലക്ഷം തൊഴിലാളികൾക്കാണ് ഇതുവരെ തൊഴിൽ നൽകാനായത്. ഒരു സാമ്പത്തികവർഷം ഒരു കുടുംബത്തിന് 125 ദിവസം തൊഴിൽ ലഭിക്കുമെന്നാണ് വിബി ജി റാം ജി നിയമത്തിൽ പറയുന്നത്. തൊഴിലിനെത്തിയ കുടുംബങ്ങൾക്ക് സാമ്പത്തികവർഷം പകുതിയായിട്ടും അതിന്റെ അഞ്ചിലൊന്നുപോലും തൊഴിൽദിനങ്ങൾ നൽകാനായില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പുതിയ പദ്ധതിയിൽ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കടുത്ത വ്യവസ്ഥകൾ പദ്ധതിനടത്തിപ്പിൽ വിനയാകുകയാണെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു. അതേസമയം പഴയ തൊഴിലുറപ്പു പദ്ധതിയിൽ അംഗീകാരം ലഭിച്ചതും വിബി ജി റാം ജിയിൽ ഉൾപ്പെടുത്തിയ 375-ഇനം പ്രവൃത്തികളിൽ അനുവദനീയവുമായവ ഏറ്റെടുക്കുന്നതിനു തടസ്സമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.

അതനുസരിച്ചുള്ള സജീവമായ പ്രവർത്തനങ്ങൾ പഞ്ചായത്തുകളിൽ നടക്കാത്തതാണ് ഇത്രയധികം തൊഴിൽദിനങ്ങൾ കുറയാൻ കാരണമെന്നും സൂചനയുണ്ട്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാതലങ്ങളിൽ പദ്ധതി നിർവഹണവും മേൽനോട്ടവും മുൻകാലങ്ങളിലെപ്പോലെ ഫലപ്രദമല്ലെന്ന ആക്ഷേപവുമുണ്ട്.

Content Highlights: The transition from the Mahatma Gandhi National Rural Employment Guarantee Scheme to the new VBGRM scheme has resulted in a reduction of 1.44 crore workdays in Kerala over the past six months, impacting rural workers' livelihoods and causing a financial loss of approximately 580 crore rupees. Despite the registration of 58.48 lakh workers from 40.71 lakh families, only 8.63 lakh workers from 8.06 lakh families have received employment, with the scheme failing to provide even one-fifth of the promised 125 workdays per family for the financial year.