അടി ആശുപത്രിയിലും ആംബുലൻസിലുംവരെ; മഹാരാജാസ് കോളേജ് സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് | VIDEO

#സ്വന്തം ലേഖകൻ
1. പരിക്കേറ്റവരെ കയറ്റിയ ആംബുലൻസിലുണ്ടായ സംഘർഷം, 2. മർദ്ദനമേറ്റ വിദ്യാർഥി ആശുപത്രിയിൽ | ഫോട്ടോ: മാതൃഭൂമി
1. പരിക്കേറ്റവരെ കയറ്റിയ ആംബുലൻസിലുണ്ടായ സംഘർഷം, 2. മർദ്ദനമേറ്റ വിദ്യാർഥി ആശുപത്രിയിൽ | ഫോട്ടോ: മാതൃഭൂമി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർഥി സംഘടനകൾ തമ്മിലുള്ള സംഘർഷത്തിൽ ഉൾപ്പെട്ട 32 പേർക്കെതിരേ കേസെടുത്ത് പോലീസ്. കെ.എസ്.യു, ഫ്രറ്റേണിറ്റി, എസ്.എഫ്.ഐ. സംഘടനകളിലെ വിദ്യാർഥികൾക്കെതിരേയാണ് കേസ്. ഇവർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്.

വിവിധ വിഷയങ്ങളിൽ മഹാരാജാസിലെ വിദ്യാർഥി സംഘടനകൾ തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായി ബുധനാഴ്ച രാത്രി യുവജനോത്സവത്തിന്റെ നാടക റിഹേഴ്സൽ ക്യാമ്പിൽ ഫ്രറ്റേണിറ്റി-കെ.എസ്.യു. പ്രവർത്തകരും എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.

ഫ്രറ്റേണിറ്റി-കെ.എസ്.യു. പ്രവർത്തകർ ആയുധങ്ങളുമായെത്തി ആക്രമണം അ‌ഴിച്ചുവിടുകയായിരുന്നെന്ന് എസ്.എഫ്.ഐ. ആരോപിക്കുന്നു. സംഘർഷത്തിൽ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി നാസറും ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാലും ഉൾപ്പെടെയുള്ളവർക്ക് സാരമായ പരിക്കേറ്റു.

ഇരുവിഭാഗത്തിൽ നിന്നും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചശേഷവും സംഘർഷമുണ്ടായി. ആർക്ക് ആദ്യം ചികിത്സ നൽകുമെന്നതിനെ ചൊല്ലിയായിരുന്നു ആശുപത്രിയിലെ അ‌ടി. തങ്ങളെ ആംബുലൻസിൽ കയറിവരെ എസ്.എഫ്.ഐക്കാർ മർദിച്ചെന്ന് ഫ്രറ്റേണിറ്റി പ്രവർത്തകർ പറയുന്നു. പോലീസ് സ്ഥലത്തുള്ളപ്പോഴായിരുന്നു മർദനം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ജനറൽ ആശുപത്രിയ്ക്കകത്തും സംഘർഷമുണ്ടായി. ആശുപത്രി ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. ഇതേത്തുടർന്ന് കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് ജനറൽ ആശുപത്രിയിലെ ഡോക്ടറും പരാതി നൽകിയിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള കേസുകളിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.

തുടർച്ചയായ സംഘർഷങ്ങളെ തുടർന്ന് മഹാരാജാസ് കോളേജ് അ‌നിശ്ചിതകാലത്തേയ്ക്ക് അ‌ടച്ചു. കോളേജ് തുറക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം ബുധനാഴ്ച ചേരുന്ന യോഗത്തിലുണ്ടാകും.

Content Highlights: Ernakulam Maharajas College students' clash extended to ambulance and hospital. Watch footage.