ചര്‍ച്ചയില്‍ ഉറപ്പ്, രാവിലെ ചിത്രംമാറി; മാടായി കോളേജിൽ DYFI പ്രവർത്തകരും ജോലിയിൽ പ്രവേശിച്ചു

പഴയങ്ങാടിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധപ്രകടനം
പഴയങ്ങാടിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധപ്രകടനം

പഴയങ്ങാടി: കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ച് കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോളേജിൽ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ഉൾപ്പെടെ നാലുപേർ ജോലിയിൽ പ്രവേശിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഇവർ നാലുപേരും രജിസ്റ്ററിൽ ഒപ്പുവെച്ച് ജോലിയിൽ പ്രവേശിച്ചത്. ഓഫീസ് അസിസ്റ്റന്റ്‌ വിഭാഗത്തിൽ മൂന്നും കംപ്യൂട്ടർ വിഭാഗത്തിൽ ഒന്നും ഒഴിവുമാണുണ്ടായത്. എ. ധനേഷ്, എം.കെ. രാഘവൻ എം.പി.യുടെ ബന്ധുവായ എം.കെ. ധനേഷ്, യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡൻറ് ഡി.പി. ഭരത്, സി. ദിവ്യ എന്നിവരാണ് ജോലിയിൽ പ്രവേശിച്ചത്. ഇതിൽ ഭരത് മാത്രമാണ് കോൺഗ്രസ് പ്രവർത്തകനെന്നും രണ്ട് ധനേഷുമാരും സജീവ ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണെന്നുമാണ് കോൺഗ്രസ് പ്രവർത്തകരുടെ ആക്ഷേപം.

ഇതിന്റെ പേരിൽ അഭിമുഖം നടന്ന ശനിയാഴ്ച കോൺഗ്രസ് പ്രവർത്തകർ ചെയർമാൻ കൂടിയായ എം.കെ. രാഘവൻ എം.പി.യെ തടയുകയും അഭിമുഖം നടക്കുന്ന മുറിക്കകത്തുകയറി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പോലീസെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. ഇതിനു പിന്നാലെ നാല് കോൺഗ്രസ് പ്രവർത്തകരെ ഡി.സി.സി. പ്രസിഡൻറ് സസ്പെൻഡ്‌ ചെയ്തതും വിവാദമായി.

ചർച്ച പ്രഹസനമായി; ചിത്രം മാറി

കുഞ്ഞിമംഗലത്ത് പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നറിഞ്ഞ ജില്ലാ കോൺഗ്രസ് നേതൃത്വം ഡി.സി.സി. ജന. സെക്രട്ടറി രജിത്ത് നാറാത്തിന്റെ നേതൃത്വത്തിൽ മൂശാരിക്കൊവ്വൽ ഇന്ദിരാഭവനിൽ അനുനയ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ സസ്പെൻഷൻ പിൻവലിക്കാനും നിയമന തുടർനടപടികൾ നിർത്തിവെക്കാമെന്നുള്ള ഉറപ്പിന്മേലാണ് പ്രവർത്തകർ പിരിഞ്ഞത്. തിങ്കളാഴ്ച രാവിലെയായപ്പോൾ ചിത്രം മാറി. ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ജോലിയിൽ കയറി. അനുനയ ചർച്ചയ്ക്കെത്തിയ രജിത്ത് നാറാത്തിനോട് പ്രവർത്തകർ ധാരണ അട്ടിമറിക്കപ്പെടുമോയെന്ന് ചോദിച്ചിരുന്നു. ധാരണ അട്ടിമറിച്ചാൽ ഞാനും നിങ്ങൾക്കൊപ്പം രാജിവെക്കും എന്നായിരുന്നു മറുപടി.

നിയമനത്തിൽ പ്രതിഷേധിച്ച് കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒന്നാകെ രാജിവെച്ചു. തിങ്കളാഴ്ച വൈകീട്ട് എടാട്ട് മഹാത്മാമന്ദിരത്തിൽ ചേർന്ന യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്. ബ്ലോക്ക് പ്രസിഡൻറ് വി. രാജൻ, മണ്ഡലം പ്രസിഡൻറ് കെ. വിജയൻ, ടി.വി. വേണുഗോപാലൻ, സി.പി. ജയരാജൻ എന്നിവർ പങ്കെടുത്തു. പഴയങ്ങാടിയിൽ തിങ്കളാഴ്ച വൈകീട്ട് പ്രതിഷേധ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ എം.കെ. രാഘവന്റെ കോലം കത്തിക്കുകയും ചെയ്തു.

സസ്പെൻഡ്‌ ചെയ്തു

പയ്യന്നൂർ, മാടായി ബ്ലോക്ക് പരിധിയിലെ കെ.കെ. ഫൽഗുനൻ, എം. പ്രദീപ്കുമാർ, ടി. കരുണാകരൻ, പി.ടി. പ്രതീഷ്, എം.കെ. ബാലകൃഷ്ണൻ എന്നിവരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ്‌ ചെയ്തതായി ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചതായും വ്യക്തമായെന്ന് നേതൃത്വം വ്യക്തമാക്കി.

Content Highlights: Four including DYFI workers appointed in Congress-run college despite protests