'മകനെ അയാളെ ഏൽപ്പിച്ച് ബെറ്റി പറഞ്ഞു: CPM ഓഫീസിൽ ഏൽപ്പിച്ച് ബേബിയുടെ മകനെന്ന് പറഞ്ഞാൽമതി'

1988 ജൂലായ് എട്ട്. സിപിഎം നേതാവും മുൻമന്ത്രിയുമായ മേഴ്‌സിക്കുട്ടിയമ്മയുടെ കല്യാണമായിരുന്നു. എം.എ. ബേബി അവിടെ സജീവമായുണ്ട്. കല്യാണത്തിൽ പങ്കെടുക്കാൻ തൃശ്ശൂരിൽനിന്ന് ഭാര്യ ബെറ്റി ബേബിയും മകൻ അപ്പുവും തീവണ്ടികയറിയിട്ടുണ്ട്. കല്യാണപ്പന്തലിൽവെച്ച് ഒരു വാർത്തകേൾക്കുന്നു. ‘ട്രെയിൻ മറിഞ്ഞു’. ബേബി അവിടെനിന്നും ഓട്ടോപിടിച്ച് നേരേ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തി. പെരുമണ്ണിലാണ് ദുരന്തം. റെയിൽവേ ഉദ്യോഗസ്ഥർക്കൊപ്പം ബേബിയും അവിടേക്കുപോയി.
ഐലൻഡ് എക്സ്‌പ്രസിൽ സ്ളീപ്പർ കോച്ചിലായിരുന്നു ബെറ്റിയും മകനും. ഒരു ബോഗിക്കു മുകളിലേക്കുവീണ മറ്റൊരു ബോഗിയിലായിരുന്നു അവർ. അതുകൊണ്ട് പൂർണമായും മുങ്ങിയില്ല. മകനെയും മാറോടണച്ചിരുന്ന ബെറ്റി, രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരാളോട് അഭ്യർഥിച്ചു: ‘‘മകനെ രക്ഷിക്കണം.’’ അയാൾ കുട്ടിയെ വാങ്ങി. ‘‘ഏതെങ്കിലും സിപിഎം ഓഫീസിൽ ഏൽപ്പിച്ച് എം.എ. ബേബിയുടെ മകനാണെന്നു പറഞ്ഞാൽമതി.’’ -ബെറ്റി വിളിച്ചുപറഞ്ഞു. പിന്നീട് ബെറ്റിയെയും ആരോ രക്ഷിച്ചു.
ബേബിയുടെ മകനാണെന്നു പറഞ്ഞ് പാർട്ടി ഓഫീസിൽ ഏൽപ്പിച്ചാൽ സുരക്ഷിതകരങ്ങളിലെത്തുമെന്ന വിശ്വാസം ഇവർക്ക് വെറുംവാക്കല്ല. കാരണം എല്ലാകാലത്തും പാർട്ടിയാണ് ഇരുവരുടെയും ജീവശ്വാസം.
അടിയന്തരാവസ്ഥയ്ക്കെതിരേ ജയിലിൽക്കിടന്ന നേതാവിനോട് ആദരവും ആരാധനയുമായിരുന്നു ബെറ്റിക്ക്. പൊന്നാനി എംഇഎസ് കോളേജിൽ ബിരുദവിദ്യാർഥിയായിരുന്ന കാലത്താണ് ബെറ്റി ബേബിയെ ആദ്യം കാണുന്നത്. കോളേജിൽ സ്‌പ്രൗട്ട് എന്ന ഫിലിം ക്ളബ് തുടങ്ങിയത് വിവാദത്തിലായപ്പോൾ ഉപദേശംതേടാൻ പുനലൂർ എസ്എഫ്ഐ സെമിനാറിൽ ബേബിയെ കാണാൻചെന്നതാണ്. അന്നുമുതൽ അവർ അടുപ്പമുള്ളവരായി.
പിന്നീടവർ കണ്ടത് കോഴിക്കോട് പാർട്ടിയോഫീസിൽവെച്ചാണ്. അവിടെവെച്ചാണ് ബെറ്റിയെ കല്യാണംകഴിക്കാൻ താത്പര്യമുണ്ടെന്ന് ബേബി പറയുന്നത്. അതിനെക്കുറിച്ചൊരു കഥയുണ്ട്. ‘വിവാഹക്കാര്യത്തിൽ സഖാവ് വളരെ അവധാനതയോടെ ആലോചിച്ച് മറുപടിപഞ്ഞാൽ മതി’ എന്ന് ബേബി പറഞ്ഞത്രേ. ഭാഷാപ്രവീണനായ ബേബിയുടെ ‘അവധാനതാ’പ്രയോഗം ബെറ്റിക്ക് പെട്ടെന്ന് മനസ്സിലായില്ല. സാവകാശം ആലോചിച്ച് മറുപടിപറഞ്ഞാൽ മതി എന്നാണ് ബേബി ഉദ്ദേശിച്ചതെന്ന് മനസ്സിലായശേഷംമാത്രമാണ് ബെറ്റി സമ്മതംമൂളിയതെന്നാണ് കഥ.
ലളിതമായ കല്യാണമായിരുന്നു. ഇ.എം.എസും, ബസവ പുന്നയ്യയും നായനാരും ഗൗരിയമ്മയുമെല്ലാം പങ്കെടുത്ത പാർട്ടി കല്യാണം. സംഗീതത്തെ ഇഷ്ടപ്പെടുന്ന, ഫുട്‌ബോളിനെ സ്നേഹിക്കുന്ന അറിവിന്റെയും ചിന്തയുടെയും ലോകത്ത് വ്യാപരിക്കുന്ന ബേബിക്കൊപ്പം അന്നും ഇന്നും ശക്തിയായി ബെറ്റിയുമുണ്ട്; പരസ്പരബഹുമാനത്തോടെ. പാർട്ടിപ്രവർത്തനത്തിനൊപ്പം പാർട്ടി ചാനലായ കൈരളിയും ബെറ്റി തന്റെ കർമമേഖലയാക്കി.
Content Highlights: ma baby wife betty baby memories