മൂകാംബിക സന്ദർശനവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾക്കാണ് മുഖ്യമന്ത്രി പ്രതികരിച്ചത്- എംഎ ബേബി

ന്യൂഡൽഹി: മൂകാംബിക ക്ഷേത്രസന്ദർശനവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾക്ക് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി പറഞ്ഞതെന്ന് സി.പി.എം. ജനറൽസെക്രട്ടറി എം.എ. ബേബി. തങ്ങൾ ആരുടെയും വിശ്വാസത്തിനെതിരല്ല. ക്ഷേത്രത്തിൽ പോവുന്നതിന് സി.പി.എം എതിരാണെന്ന പ്രചാരണമുണ്ടാകുന്നുവെന്നും ബേബി പറഞ്ഞു.
വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കവേ, വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനത്തിലുള്ള മംഗലുരു യാത്രയെക്കുറിച്ച് ബേബി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പ്രതികരിച്ചത് ഇപ്രകാരമാണ്: ‘‘മുൻകൂട്ടി പ്രഖ്യാപിക്കാതെ സ്‌പെഷ്യൽ എയർക്രാഫ്റ്റിൽ യാത്ര നടന്ന വിവരം നിങ്ങൾക്കെല്ലാമറിയാമല്ലോ. മംഗലൂരുവിലേക്കാണ് വി.ഡി. സതീശൻ പോയത്. അവിടെ അദ്ദേഹം പലരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ഇതുവരെയും അതിലൊരു തൃപ്തികരമായ വിശദീകരണം അദ്ദേഹം നൽകിയിട്ടില്ല. അതിന്റെ ദുരൂഹത ഇതുവരെയും അദ്ദേഹത്തിന് നീക്കാനായിട്ടില്ല. വ്യക്തിപരമായ സന്ദർശനമെന്നാണ് അദ്ദേഹം പറയുന്നത്. രാഷ്ട്രീയനേതാക്കൾ ഗൃഹപ്രവേശത്തിനും വിവാഹവിരുന്നിനുമൊക്കെ പോകുന്നത് സ്വാഭാവികമാണ്. അതവർ വെളിപ്പെടുത്താറുമുണ്ട്. പക്ഷേ, ഇവിടെ അദ്ദേഹം ഇപ്പോഴും അതൊരു നിഗൂഢതയാക്കി െവച്ചിരിക്കുകയാണ്. എനിക്കിതിൽ കൂടുതൽ പറയാനാവില്ലെങ്കിലും ചില കാര്യങ്ങൾ വെളിപ്പെടാനുണ്ടെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.’’
Content Highlights: M.A. Baby refutes claims that CPM is against temple visits., Questions the lack of transparency in V.D. Satheesan's private flight to Mangaluru., Highlights the ongoing mystery surrounding the political leader's secret meetings., Criticizes the Opposition Leader for failing to provide a satisfactory explanation.