പാചക വാതക വില വര്‍ദ്ധന: സര്‍ക്കാര്‍ സ്വന്തം ജനതയെ കൊള്ളയടിക്കുന്നു- എം.വി. ശ്രേയാംസ് കുമാർ

M V Shreyams kumar
എം.വി. ശ്രേയാംസ് കുമാര്‍

കോഴിക്കോട്: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില അനിയന്ത്രിതമായി വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്വന്തം ജനതയെ കൊള്ളയടിക്കുകയാണെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ് കുമാര്‍ എംപി ചൂണ്ടിക്കാട്ടി.

അര്‍ദ്ധരാത്രി ഒറ്റയടിക്ക് സിലിണ്ടറൊന്നിന് 50 രൂപ വര്‍ദ്ധിപ്പിച്ച് ജനജീവിതം അക്ഷരാര്‍ത്ഥത്തില്‍ ദുസ്സഹമാക്കുകയാണ് മോദി സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ വിലയും ക്രമാനുഗതമായി ആകാശംമുട്ടെ ഉയരുകയാണ്. കോവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജനങ്ങളെ ഊറ്റിപ്പിഴിയുന്ന പകല്‍ക്കൊള്ളയാണ് രാജ്യത്ത് നടക്കുന്നത്. പാചക വാതക സിലിണ്ടറിന് 728 രൂപ വിലയിട്ട് കുടുംബബജറ്റുകളെ താളം തെറ്റിക്കുന്ന സര്‍ക്കാര്‍ നടപടി എണ്ണക്കുത്തകകള്‍ക്ക് മാത്രം സഹായമെത്തിക്കാനാണ്. 

പെട്രോളിയം പാചക വാതക വില വര്‍ദ്ധനയ്‌ക്കെതിരേ ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാനത്ത് വഴിയോരത്ത് അടുപ്പ് കത്തിച്ച് പ്രതിഷേധിക്കും. 2021 ഫെബ്രുവരി 17 ബുധനാഴ്ച വൈകീട്ട് ആറു മണിക്കാണ് പ്രതീകാത്മകമായി 728 കേന്ദ്രങ്ങളില്‍ കട്ടന്‍ ചായ വിതരണം ചെയ്ത് കുടുംബ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതെന്നും ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് അറിയിച്ചു.

Content Highlight: M.V  Shreyams Kumar criticize LPG Price hike

Content Highlights: