‘എന്തിനാ പ്രതിഷേധം, എവിടെയോ ഒരാളെ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിന്റെയുള്ളിൽ കത്രിക പോയെന്നാ പറയുന്നത്’

#ന്യൂസ് ഡെസ്ക്
എം.സ്വരാജ്‌
എം.സ്വരാജ്‌

കൊച്ചി: ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയായ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫുകുട്ടിയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ പ്രതിഷേധിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. ഇത് സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയത് ക്വട്ടേഷൻ പ്രവർത്തനമാണെന്നും സ്വരാജ് പറഞ്ഞു.

ഇടപ്പള്ളി പോലീസ് സ്റ്റേഷൻ സമരം 76-ാം അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വരാജ്. കേരളത്തിലെ ആരോഗ്യ മേഖല ലോകോത്തരമായി വളർന്നുവന്ന കാലമാണ് ഈ കാലമെന്ന് സ്വരാജ് പറഞ്ഞു. എന്തിനാണ് പ്രതിഷേധമെന്ന് ചോദിച്ച സ്വരാജ്, എവിടെയോ ഒരാളെ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിന്റെയുള്ളിൽ കത്രിക പോയീന്നോ എന്തോ ആണ് പറഞ്ഞിരിക്കുന്നതെന്നും തുടർന്ന് പറയുകയുണ്ടായി.

'എവിടെയോ ഒരാളെ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിന്റെയുള്ളിൽ കത്രിക പോയെന്നോ ആണ് പറയുന്നത്. എന്ന് ഓപ്പറേഷൻ ചെയതതാണ്. എന്ന് പോയ കത്രിക പോയതാണ് എന്നോ നമ്മൾ അന്വേഷിക്കാൻ പോയിട്ടില്ല. വേണമെങ്കിൽ അത് അന്വേഷിച്ച് പോയാൽ ഏത് കാലത്താണ് എന്നൊക്കെ കണ്ട് പിടിക്കാൻ പറ്റും. അങ്ങനെ അന്വേഷിച്ച് പോയി അന്ന് ആരായിരുന്നു മന്ത്രി എന്ന് പറയലല്ല മറുപടി' സ്വരാജ് പറഞ്ഞു.

അത് അബദ്ധമാണെന്നും ലോകത്തിന്റെ പലഭാഗത്തും ഇത്തരം വാർത്തകൾ ഉണ്ടാകാറുണ്ടെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

'ഏതെങ്കിലും ഒരു ഡോക്ടർ കിടക്കട്ടെ വയറ്റിൽ ഒരു കത്രിക എന്ന് വെച്ച് കൊടുത്തതായിരിക്കുമോ, എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. സാധാരണ ചിന്താഗതിയുള്ള മനുഷ്യന് മനസ്സിലാകില്ലേ. അതൊരു അബദ്ധം പറ്റിയതാണ്. അത് എവിടെയും എപ്പോഴും സംഭവിക്കാം. ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഇത്തരം വാർത്തകൾ വരാറുണ്ട്. അത് ന്യായീകരിക്കാനോ അത് നന്നായി എന്ന് ആരെങ്കിലും തയ്യാറാകുമോ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. അത് സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നേ പറയാൻ പറ്റൂ' സ്വരാജ് വ്യക്തമാക്കി.

Content Highlights: CPM leader M. Swaraj downplayed the seriousness of scissors left in a patient's abdomen post-surgery