പുതുപ്പള്ളിയിലെ വിജയം ലോകം കീഴടക്കിയ സംഭവമാക്കാനുള്ള ശ്രമം- മന്ത്രി റിയാസ്

പുതുപ്പള്ളി: പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ജയം ലോകം കീഴടക്കിയ സംഭവമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിൽ ഇതോടു കൂടി തിരഞ്ഞെടുപ്പ് കഴിഞ്ഞു എന്നനിലയിലാണ് വാർത്തകളെന്നും ഇതിന്റെ പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും മന്ത്രി പറഞ്ഞു. മരണാനന്തര തിരഞ്ഞെടുപ്പില്‍ അടുത്ത ബന്ധുവിനെ വിജയിപ്പിക്കുന്നത് അരാഷ്ട്രീയ നടപടിയാണെന്നും അത് ജനാധിപത്യത്തെ ചോർത്തിക്കളയുമെന്നും എം. സ്വരാജ് പ്രതികരിച്ചു.
കേരളത്തിൽ എൽ.ഡി.എഫ്. ആകെ ദുർബലപ്പെട്ടു, സർക്കാർ പ്രയാസത്തിലാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരുകണക്കിന് ഇത് നല്ലതാണ്. യുഡിഎഫിൽ വലിയ നിലയിൽ അഹങ്കാരവും അധികാരം പങ്കിടുന്ന ചർച്ചകളും വളരും, മന്ത്രി പറഞ്ഞു. പുതുപ്പള്ളിയിൽ ജനവിധി മാനിക്കുന്നു എന്ന് പറഞ്ഞ റിയാസ്, എന്തെങ്കിലും കാര്യങ്ങൾ പരിശോധിക്കാനുണ്ടെങ്കിൽ അത് വിശകലനം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.
കേരള ചരിത്രത്തിൽ ജനപ്രതിനിധി മരിക്കുമ്പോൾ, അദ്ദേഹത്തിന്റെ അടുത്ത ബന്ധു മത്സരിച്ച അവസരങ്ങളിലെല്ലാം മരിച്ച ആളോടുള്ള സഹതാപം എന്ന നിലയിൽ മത്സരിച്ചയാൾ വിജയിച്ചിട്ടുണ്ടെന്ന് എം. സ്വരാജ് പറഞ്ഞു. ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഒന്നല്ലെന്നും ജനാധിപത്യത്തിൽനിന്ന് രാഷ്ട്രീയത്തെ ചോർത്തിക്കളയുന്ന, നാടിന്റെ വികസനകാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകളെ അപ്രസക്തമാക്കുന്ന അരാഷ്ട്രീയ നടപടിയാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു. ഈ രീതിയെ തിരുത്താനുള്ള ശ്രമമായിരുന്നു പുതുപ്പള്ളിയിൽ ഞങ്ങൾ നടത്തിയത്. എന്നാൽ തൃക്കാക്കര, അരുവിക്കര, പിറവം തുടങ്ങിയ ഇടങ്ങളിലേതുപോലെ ഞങ്ങളുടെ ശ്രമം പരാജയപ്പെട്ടുവെന്നും സ്വരാജ് പറഞ്ഞു.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും ജെയ്ക്ക് സി. തോമസും തമ്മിലായിരുന്നില്ല മത്സരം. 13-ാം തവണയും അപ്പ തിരഞ്ഞെടുക്കപ്പെട്ടു എന്നാണ് ചാണ്ടി ഉമ്മൻ ജയത്തിന് പിന്നാലെ പറഞ്ഞത്. മരിച്ചു പോയ ഉമ്മൻ ചാണ്ടിയും ജെയ്ക്ക് സി. തോമസും തമ്മിലായിരുന്നു പുതുപ്പള്ളിയിലെ മത്സരം. മരിച്ചു പോയല്ലോ എന്ന സഹതാപം ജനങ്ങൾ പ്രകടിപ്പിച്ചു. അതായിരുന്നു പുതുപ്പള്ളിയിലെ ഫലം. ബിജെപി ഏറ്റവും നല്ല വോട്ടുകച്ചവടക്കാരുടെ സംഘമാണ് എന്ന് നേരത്തെ തന്നെ കേരളത്തിൽ ചർച്ചയായിട്ടുണ്ടെന്നും സ്വരാജ് പറഞ്ഞു. സഹതാപ തരംഗത്തിൽ സിപിഎമ്മിന്റെ വോട്ട് മാറിയിട്ടുണ്ടാകാമെന്നും വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
Content Highlights: m swaraj and minister p a mohammed riyas explaining puthuppally bypoll