യുപിയില്‍ ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചൊതുക്കുന്നു; എം.കെ മുനീര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ പോലീസ് നടത്തിയ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണെന്നും പ്രകോപനം കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി അയച്ചിരിക്കുന്നത്.
സമാധാനപരമായി പ്രതിഷേധിച്ച ജനങ്ങള്‍ക്കു നേരെ യാതൊരു പ്രകോപനവും കൂടാതെ വെടിയുതിര്‍ക്കുകയാണ് യുപി പോലീസ് ചെയ്തത്. വെടിവെപ്പില്‍ നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ജനങ്ങളോട് പാകിസ്താനിലേയ്ക്ക് പോകാന്‍ ആക്രോശിക്കുന്നു.
ജനങ്ങളുടെ സാമാന്യ അവകാശങ്ങള്‍ പോലും നിരാകരിക്കപ്പെടുന്നു. അവര്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അവര്‍ ഇരയാവുന്നു. ഈ വാര്‍ത്തകളെല്ലാം പുറംലോകത്തുനിന്ന് മറച്ചുവെക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
ബറേലി, മീററ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്ലിം സമൂഹത്തിനു നേരെ ക്രൂരമായ അടിച്ചമര്‍ത്തലുകളാണ് യുപി പോലീസ് നടത്തുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും കൊല്ലപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാവണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എച്ച്. എല്‍ ദത്തുവിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Content Highlights: m k muneer's letter to national human rights commission on u p police atrocities against CAA protest
Content Highlights: