മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞു, ബ്ലാക്ക് മെയിൽ ചെയ്യരുതെന്നാണ് നേരിൽ കണ്ടപ്പോൾ എന്നോട് പറഞ്ഞത് -വളർമതി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്. വളർമതി. മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞുവെന്ന് വളർമതി ആരോപിച്ചു. തന്നെ സമ്മർദപ്പെടുത്തരുതെന്നും ബ്ലാക്ക് മെയിൽ ചെയ്യരുതെന്നുമാണ് നേരിൽ കണ്ടപ്പോൾ മുഖ്യമന്ത്രി തന്നോട് പറഞ്ഞത്. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയാണ് കൂടുതൽ സംസാരിച്ചതെന്നും താൻ രണ്ട് സെക്കൻഡ് മാത്രമാണ് സംസാരിച്ചതെന്നും വളർമതി പറഞ്ഞു.
'ഇന്നലെ നിയമസഭയിൽ നമ്മുടെ വിഷയം ചർച്ച ചെയ്തു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മറുപടി നൽകാനാണ് മാധ്യമങ്ങളെ കാണുന്നത്. മുഖ്യമന്ത്രി ആത്മവിശ്വാസത്തോടെ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ അതിന് പിന്നിൽ എത്രമാത്രം സത്യമുണ്ട് എന്ന് നാടിന് അറിയണം. കഴിഞ്ഞ സർക്കാരിനോട് നിങ്ങൾ തിരിഞ്ഞു നോക്കിയോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രി, അതുകൊണ്ട് ഞങ്ങളും തിരിഞ്ഞു നോക്കുന്നില്ല എന്നാണോ പറയുന്നത്? മുഖ്യമന്ത്രി സഭയിൽ കള്ളം പറയുന്നു.' -വളർമതി പറഞ്ഞു.
'നേരിൽ കണ്ടപ്പോൾ മുഖ്യമന്ത്രിയാണ് കൂടുതൽ സംസാരിച്ചത്. 'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാൻ രണ്ട് സെക്കൻഡ് മാത്രമാണ് സംസാരിച്ചത്. എട്ടുതവണ വിദ്യാഭ്യാസ മന്ത്രി കണ്ടു എന്നു പറയുന്നു. ആരെയാണ് എട്ട് തവണ കണ്ടത്? ലിസ്റ്റിന്റെ കാലാവധി നീട്ടാനുള്ള ശുപാർശ പിഎസ്സിക്ക് നൽകിയിട്ടുണ്ടെങ്കിൽ രേഖ പുറത്തു വിടണം. വിഷയം പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിൽ ചർച്ചകളുടെ രേഖ പുറത്തുവിടണം. കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല.' -വളർമതി തുടർന്നു.
'സമരത്തിൽ നിന്ന് പിന്മാറില്ല. പ്രതിപക്ഷത്തിരുന്നപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വാക്ക് തന്ന് പറ്റിക്കുകയായിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ ഞങ്ങളുടെ പ്രശ്നങ്ങൾ എങ്ങനെയാണ് ന്യായമായി തോന്നിയത്? നാല് ജില്ലകളിൽ ഒന്നാം റാങ്ക് കാരൻ പോലും ജോലിക്ക് പ്രവേശിച്ചിട്ടില്ല. ഇത് സിസ്റ്റത്തിന്റെ പ്രശ്നമാണ്. കാര്യം നടക്കില്ല എന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും. ഒരു വളർമതി മരിച്ചാൽ 1000 വളർമതിമാർ ഉണ്ടാകും. മരണം വരെ നിരാഹാര സമരം തുടരാനാണ് തീരുമാനം. മുൻപ് വാഗ്ദാനങ്ങൾ തന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. ഇനി അത്തരം ശ്രമങ്ങൾക്ക് വഴങ്ങില്ല.' -വളർമതി വ്യക്തമാക്കി.
Content Highlights: LPST Rank Holders Association State Secretary S. Valarmathi accused Chief Minister VD Satheesan of making false statements in the assembly and threatening her during a meeting, vowing to continue her hunger strike.