ഷിനോജിനും ജോബിൻ തേക്കടിക്കും ലൂർദിയൻ ബാസ്‌കറ്റ് ബോൾ മാധ്യമ പുരസ്‌കാരം

കോട്ടയം: ലൂർദ് പബ്ലിക് സ്‌കൂളിൽ ജൂലായ് 28 മുതൽ 31 വരെ നടന്ന ലൂർദിയൻ ബാസ്‌കറ്റ് ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച മികച്ച സ്‌പോർട്‌സ് വാർത്ത വീഡിയോഗ്രഫി അവാർഡിന് മാതൃഭൂമി ന്യൂസ് ചാനൽ അർഹമായി. മാതൃഭൂമിന്യൂസിയിലെ റിപ്പോർട്ടർ ഷിനോജ്, ക്യാമറാമാൻ ജോബിൻ തേക്കടി എന്നിവരാണ് ഒന്നാംസ്ഥാനത്തിന് അർഹരായത്. രണ്ടാംസ്ഥാനത്തിന് എ.സി.വി. ചാനൽ അർഹമായി. എ.സി.വി.യിലെ റിപ്പോർട്ടർ നാരായണൻ, ക്യാമറാമാൻ ബിനു മോഹൻ എന്നിവരും അർഹരായി. 10,001 രൂപയും ഫലകവുമടങ്ങിയ അവാർഡ് ഒന്നാം സ്ഥാനത്തിനും 7,501 രൂപയും ഫലകവുമടങ്ങിയ അവാർഡ് രണ്ടാം സ്ഥാനത്തിനും നൽകും.
പത്രങ്ങളിൽ പ്രസിദ്ധികരിച്ച മികച്ച സ്പോർട്സ് വാർത്താ ചിത്രത്തിനുള്ള 10,001 രൂപയും ഫലകവുമടങ്ങിയ അവാർഡിന് മലയാള മനോരമയിലെ സീനിയർ ഫോട്ടോഗ്രാഫർ ശ്രീ. ജിതിൻ ജോയൽ ഹാരിം അർഹനായി. ഓഗസ്റ്റ് ഒന്നിന് മലയാള മനോരമയിൽ പ്രസിദ്ധികരിച്ച ചിത്രമാണ് അവാർഡ് നേടിക്കൊടുത്തത്. രണ്ടാംസ്ഥാനത്തിന് ഓഗസ്റ്റ് 1-ന് മംഗളം പത്രത്തിൽ പ്രസിദ്ധികരിച്ച ജി. വിപിൻകുമാറിന്റെ ചിത്രം അർഹമായി. മൂന്നാംസ്ഥാനത്തിന് രണ്ടുപേർ അർഹരായി. കേരള കൗമുദിയിൽ ജൂലൈ 31-ന് പ്രസിദ്ധീകരിച്ച സെബിൻ ജോർജിന്റെ ചിത്രവും, ജൂലൈ 29-ന് പ്രസിദ്ധീകരിച്ച ശ്രീകുമാർ ആലപ്രയുടെ ചിത്രവും അർഹമായി.
7,501 രൂപയും ഫലകവുമടങ്ങിയ അവാർഡ് രണ്ടാംസ്ഥാനത്തിനും, 5,001 രൂപയും ഫലകവുമടങ്ങിയ അവാർഡ് മൂന്നാംസ്ഥാനത്തിനും നൽകും.
അവാർഡുകൾ പിന്നീട് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ടൈംസ് ഓഫ് ഇന്ത്യ റിട്ടയേർഡ് ഫോട്ടോ ജേർണലിസ്റ്റ് ഗിരീഷ് കുമാർ പി.ജെ., ടൈംസ് ഓഫ് ഇന്ത്യ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ജയ്കൃഷ്ണൻ നായർ, ഫോട്ടോ വൈഡ് മാഗസിൻ മാനേജിങ് എഡിറ്റർ എ.പി. ജോയി എന്നിവരുൾപ്പെട്ട ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.