'രാഹുലിനെ കാണണമെങ്കിൽ ഭാരം 10 കിലോ കുറയ്ക്കണമെന്ന് പറഞ്ഞു'; ആരോപണവുമായി യൂത്ത് കോൺഗ്രസ് മുന്‍നേതാവ്

മുംബൈ യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് സീഷാൻ സിദ്ദിഖ് | Photo: facebook.com/zeeshansiddiqueofficial
മുംബൈ യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് സീഷാൻ സിദ്ദിഖ് | Photo: facebook.com/zeeshansiddiqueofficial

മുംബൈ: രാഹുല്‍ ഗാന്ധിയെ കാണണമെങ്കില്‍ ശരീരഭാരം 10 കിലോഗ്രാം കുറയ്ക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടതായി യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവായിരുന്ന ബാബാ സിദ്ദിഖിന്റെ മകനും യൂത്ത് കോണ്‍ഗ്രസ് മുംബൈ ഘടകത്തിന്റെ മുന്‍ പ്രസിഡന്റുമായ സീഷാന്‍ സിദ്ദിഖ് ആണ് ആരോപണം ഉന്നയിച്ചത്. രാഹുല്‍ നയിച്ച ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെ നന്ദേദില്‍ എത്തിയപ്പോഴായിരുന്നു സംഭവം. രാഹുല്‍ ഗാന്ധിയുമായി വളരെ അടുത്ത ആളാണ് തന്നോട് വിചിത്രമായ കാര്യം നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ഇതിന് പുറമെ ന്യൂനപക്ഷവിഭാഗത്തില്‍ പെട്ട നേതാക്കള്‍ക്ക് കോണ്‍ഗ്രസിനുള്ളില്‍ മോശമായ അനുഭവമാണ് ഉള്ളതെന്ന വിമര്‍ശനവും 31-കാരനായ സീഷാന്‍ പറഞ്ഞു. പാര്‍ട്ടിക്ക് വിവേചനപരവും വര്‍ഗീയവുമായ സമീപനമാണ് ഇത്തരം നേതാക്കളോടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാബരി മസ്ജിദ് തകര്‍ത്തതിനെ പ്രശംസിച്ച് സംസാരിച്ച ഉദ്ധവ് താക്കറേയുടെ ശിവസേനയുമായി കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെട്ടതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 

'കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ന്യൂനപക്ഷവിഭാഗത്തില്‍ പെട്ട നേതാക്കളോടും പ്രവര്‍ത്തകരോടുമുള്ള പെരുമാറ്റം വളരെ ദൗര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസിനുള്ളിലും മുംബൈയിലെ യൂത്ത് കോണ്‍ഗ്രസിലുമുള്ള വര്‍ഗീയതയുടെ വ്യാപ്തി മറ്റെങ്ങും കാണാത്ത അത്രയുമാണ്. മുസ്‌ലിമായതിനെ പാപമായാണോ കോണ്‍ഗ്രസ് കാണുന്നത്? എന്നെ ലക്ഷ്യമിടുന്നത് എന്തിനാണെന്ന് പാര്‍ട്ടി പറയണം. ഞാന്‍ മുസ്‌ലിമായതുകൊണ്ടാണോ?' -സീഷാന്‍ സിദ്ദിഖി ചോദിച്ചു. 

ബുധനാഴ്ചയാണ് സീഷാന്‍ സിദ്ദിഖിയെ മുംബൈ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. ഇദ്ദേഹത്തിന്റെ പിതാവ് ബാബാ സിദ്ദിഖ് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു നടപടി. 50 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പമുള്ള നേതാവായിരുന്നു ബാബാ സിദ്ദിഖ്. രാജി വെച്ച അദ്ദേഹം അജിത് പരവാര്‍ നേതൃത്വം നല്‍കുന്ന എന്‍.സി.പിയില്‍ ചേര്‍ന്നു. 

Content Highlights: I was told to lose 10 kg to meet Rahul Gandhi, says former youth congress leader Zeeshan Siddique