നിർത്തിയിട്ട ലോറി ഉരുണ്ടുപോയി കടയിൽ ഇടിച്ചുകയറി; ശബരിമലതീർഥാടകർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

#ന്യൂസ് ഡെസ്ക്

കുമളി: തമിഴ്‌നാട് എക്‌സൈസ് ചെക്ക്പോസ്റ്റിന് സമീപം ഇലക്ട്രിക്കൽ സാധനങ്ങൾ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് കടകളിലേക്ക് ഇടിച്ചുകയറി അപകടം. ചൊവ്വാഴ്ച രാത്രി 1.40-ഓടെയാണ് സംഭവം. ആളപായമില്ല. കടകളിൽ നിന്നിരുന്ന അയ്യപ്പഭക്തരായ തീർത്ഥാടകർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

തമിഴ്‌നാട് ഭാഗത്തുനിന്ന് ഇലക്ട്രിസിറ്റി ഉപകരണങ്ങളുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട് പോലീസിന്റെയും തുടർന്ന് കേരള എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെയും പരിശോധനകൾക്കായി നിർത്തിയിട്ടിരുന്നതായിരുന്നു വാഹനം. പരിശോധന പൂർത്തിയാക്കി വാഹനത്തിന് സമീപത്തേക്ക് ആളുകൾ തിരികെ എത്തുന്നതിനിടെ പെട്ടെന്ന് വാഹനത്തിന്റെ ബ്രേക്ക് റിലീസ് ആവുകയായിരുന്നു. മുൻപോട്ടുരുണ്ട ലോറി റോഡിന് എതിർവശത്തുള്ള ചിപ്സ് കട ഉൾപ്പെടെയുള്ള മൂന്ന് കടകളിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു.

അയ്യപ്പക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയെത്തി റോഡരികിൽ നിന്നിരുന്ന നാലഞ്ചു തീർത്ഥാടകർ നിമിഷങ്ങളുടെ വ്യത്യാസത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ കടകൾക്ക് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ കുമളി പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു. 

Content Highlights: A parked goods lorry lost its brakes and crashed into three shops in Kumily near the Tamil Nadu checkpost., Sabarimala pilgrims standing near the shops had a miraculous escape with no casualties reported., The incident occurred around 1:40 AM after police and excise inspections., Kumily police have registered a case and initiated further investigation into the accident.