തലകറക്കം, തീവണ്ടി സുരക്ഷിതമായി നിർത്തി ലോക്കോ പൈലറ്റ്; പകരം ലോക്കോപൈലറ്റ് എത്തി വണ്ടി യാത്ര തുടർന്നു

കണ്ണൂര്‍: ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തീവണ്ടി നിര്‍ത്തി. പകരം ലോക്കോ പൈലറ്റിനെ എത്തിച്ച് വണ്ടി യാത്ര തുടര്‍ന്നു. തിങ്കളാഴ്ച വൈകീട്ട് 4.20-ന് ചെന്നൈ-മംഗളൂരു എഗ്മോര്‍ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ് (51) അസ്വസ്ഥത ഉണ്ടായത്. വണ്ടി എടക്കാട്ട് എത്താറായിരുന്നു.
വിവരം അവിടത്തെ സ്റ്റേഷന് മാസ്റ്ററെ അറിയിച്ചു. എടക്കാട്ട് സ്റ്റോപ്പില്ലെങ്കിലും ഉടന്‍ തീവണ്ടി നിര്‍ത്തി പ്രജീഷിനെ ചാലയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. വണ്ടി സുരക്ഷിതമായി നിര്‍ത്താന്‍ കഴിഞ്ഞത് റെയില്‍വേ അധികൃതര്‍ക്ക് ആശ്വാസമായി. വണ്ടിയില്‍ അസി. ലോക്കോ പൈലറ്റുണ്ടെങ്കിലും അവര്‍ സിഗ്നല്‍ നല്‍കുകയും മറ്റും ചെയ്യുകയല്ലാതെ വണ്ടി ഓടിക്കരുതെന്നാണ് ചട്ടം. കൊയിലാണ്ടി സ്വദേശിയായ പ്രജേഷ് കോഴിക്കോട് ഡിപ്പോയിലെ ഉദ്യോഗസ്ഥനാണ്.
കോഴിക്കോട്ടുനിന്ന് മംഗളുരുവരെയാണ് ഇദ്ദേഹത്തിന്റെ ഡ്യൂട്ടി. ഒപ്പമുണ്ടായിരുന്ന അസി. ലോക്കോ പൈലറ്റ് കോഴിക്കോട് സ്വദേശി പി. ശരതും പ്രജേഷിനൊപ്പം ആസ്പത്രിയിലേക്ക് പോയി. കണ്ണൂരില്‍നിന്ന് എത്തിയ ലോക്കോ പൈലറ്റ് ഭട്ടിലാല് മീണയാണ് വണ്ടി തുടര്‍ന്ന് ഓടിച്ചത്. തീവണ്ടി അരമണിക്കൂറോളം വൈകി.
Content Highlights: Chennai-Mangaluru Express train halted at Edakkad, Kannur,after the loco pilot experienced dizziness