‘വേതാളകഥ’യിലെ നായകൻ, അനാഥമൃതദേഹങ്ങളുടെ കാവൽക്കാരൻ; സന്തോഷ് യാത്രയായി

കൊല്ലം: ‘വേതാളകഥയല്ലിത്, കരളുരുകും ജീവിതഗാഥ’ എന്ന അടിക്കുറിപ്പോടെ വന്ന ചിത്രം ഏറെക്കാലം മലയാളികളുടെ മനസ്സിൽ തങ്ങിനിന്നതാണ്. 1998 നവംബർ 25-ലെ ‘മാതൃഭൂമി’ പത്രത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ആ വാർത്തയും അജ്ഞാതജഡവും പേറി നടന്നുനീങ്ങുന്ന സന്തോഷിന്റെ ചിത്രവും വായനക്കാർ മറന്നിട്ടുണ്ടാവില്ല. വാർത്തയെത്തുടർന്ന് കൊല്ലം ജില്ല ആശുപത്രിയിൽ മോർച്ചറിസൂക്ഷിപ്പുകാരന്റെ ജോലി ലഭിച്ച സന്തോഷ്(54), ഞായറാഴ്ച ലോകത്തോടു വിടപറഞ്ഞു.
ആരും ഏറ്റെടുക്കാനില്ലാത്ത, അനാഥമൃതദേഹങ്ങൾക്കു കാവലിരിക്കാനും സംസ്‌കരിക്കാനും ജീവിതത്തിന്റെ ഏറിയ പങ്കും മാറ്റിവെച്ച സന്തോഷ്, പോലീസുകാർക്ക് എന്നും സഹായിയായിരുന്നു. അറപ്പുളവാക്കുന്ന ഏതു സാഹചര്യത്തിലും ഒട്ടും മടിയില്ലാതെ ജഡം എടുക്കാനും മറ്റു കാര്യങ്ങൾ ചെയ്യാനും മാറ്റിവെച്ച ആ ജീവിതമായിരുന്നു ‘മാതൃഭൂമി’യിൽ വാർത്തയായത്.
അഞ്ചാം വയസ്സിൽ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയതായിരുന്നു സന്തോഷ്. അർബുദം ബാധിച്ച്, വ്രണങ്ങളുമായി കിടന്ന അച്ഛനെ പരിചരിക്കാൻ. 15 വർഷം അച്ഛൻ അസുഖവുമായി കിടന്നു. പഠനം മുടങ്ങിയ സന്തോഷ്, പിന്നീട് ആശുപത്രിപ്പരിസരംതന്നെ തന്റെ ജീവിതപാഠമാക്കി. ആശുപത്രിയിൽനിന്ന് അനാഥശവങ്ങൾ മറവുചെയ്യാൻ കൊണ്ടുപോയാൽ കിട്ടുന്ന 75 രൂപയായിരുന്നു വരുമാനം. അന്ന് ഉന്തുവണ്ടി ശ്മശാനത്തിൽ കടക്കാത്തതുകൊണ്ട്, കവാടത്തിൽ വണ്ടി നിർത്തി തോളത്ത് എടുത്തുകൊണ്ടുപോയായിരുന്നു മൃതദേഹം സംസ്‌കരിച്ചിരുന്നത്. പേപ്പട്ടിവിഷബാധയേറ്റവരെപ്പോലും ബന്ധുക്കളടക്കം തൊടാൻ മടിക്കുമ്പോൾ, സന്തോഷ് ഏറ്റെടുക്കുമായിരുന്നു.
ഒഴുകുപാറ സ്വദേശിയാണെങ്കിലും ജില്ല ആശുപത്രിയും പരിസരവുംതന്നെയായിരുന്നു സന്തോഷിന്റെ ലോകം. പിന്നീട് സ്ഥിരം ജീവനക്കാരനായി. അടുത്തിടെ പക്ഷാഘാതം ബാധിച്ചു കിടപ്പിലായിരുന്നു. താൻ അടക്കംചെയ്ത എണ്ണമറ്റ അജ്ഞാതജഡങ്ങൾക്കൊപ്പം ഞായറാഴ്ച സന്തോഷും യാത്രയായപ്പോൾ ആ ജീവിതകഥയും ഓർമ്മയിലേക്ക്...
Content Highlights: Santhosh dedicated his life to caring for unclaimed bodies, leaving a lasting impact on Kollam's community and earning a place in their hearts.