LHB കോച്ചുകള്‍ക്ക് 600 മീറ്റര്‍ പ്ലാറ്റ്ഫോം വേണം; കോച്ചുകളുടെ എണ്ണം കൂട്ടാനാകാതെ റെയില്‍വെ

#പി.പി. ലിബീഷ് കുമാര്‍
പ്രതീകാത്മക ചിത്രം| ഫോട്ടോ: റിതിന്‍ ദാമു
പ്രതീകാത്മക ചിത്രം| ഫോട്ടോ: റിതിന്‍ ദാമു

കണ്ണൂര്‍: പ്ലാറ്റ്ഫോമുകളുടെ നീളക്കുറവ് തീവണ്ടികളിലെ കോച്ചുകള്‍ കൂട്ടുന്നതിന് തടസ്സമാകുന്നു. നേത്രാവതി, മംഗള എക്സ്പ്രസുകള്‍ ഉള്‍പ്പെടെ എല്‍.എച്ച്.ബി. (ലിങ്ക് ഹോഫ്മാന്‍ ബുഷ്) കോച്ചുള്ള വണ്ടികള്‍ക്കാണ് ഇത് തിരിച്ചടിയാകുന്നത്.

നിലവില്‍ കേരളത്തിലെ പ്ലാറ്റ്ഫോം നിര്‍മിച്ചിരിക്കുന്നത് 24 ഐ.സി.എഫ്. കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്. ഒരു ഐ.സി.എഫ്. കോച്ചിന് 22.3 മീറ്റര്‍ നീളമുണ്ട്. എന്‍ജിനടക്കം 25 കോച്ച് ഒരു പ്ലാറ്റ്ഫോമില്‍ നിര്‍ത്താന്‍ ചുരുങ്ങിയത് 560 മീറ്റര്‍ നീളം വേണം.

ഭൂരിഭാഗം വണ്ടികളും എല്‍.എച്ച്.ബി. കോച്ചുകളിലേക്ക് മാറ്റുകയാണ്. ഒരു എല്‍.എച്ച്.ബി. ട്രെയിനില്‍ നിലവില്‍ 21-22 കോച്ചാണുണ്ടാകുക. 24 കോച്ചുകള്‍വരെ ഘടിപ്പിക്കാം. ഒരു എല്‍.എച്ച്.ബി. കോച്ചിന് 24 മീറ്ററാണ് നീളം.

24 എല്‍.എച്ച്.ബി. കോച്ചുള്ള വണ്ടി സ്റ്റേഷനില്‍ നിര്‍ത്താന്‍ പ്ലാറ്റ്ഫോമില്‍ 600 മീറ്ററില്‍ കൂടുതല്‍ നീളം വേണം. എന്നാല്‍ ഭൂരിഭാഗം സ്റ്റേഷനുകളിലെയും പ്ലാറ്റ്ഫോമിന് ഇത്രയും നീളമില്ല. വലിയ സ്റ്റേഷനുകളില്‍തന്നെ ചില പ്ലാറ്റ്ഫോമുകളില്‍ മാത്രമാണ് 24 കോച്ചുകള്‍ ഉള്‍ക്കൊള്ളൂ.

ജനറല്‍ കോച്ചുകള്‍ കുറച്ച ദീര്‍ഘദൂര വണ്ടികളില്‍ ഭൂരിഭാഗവും എല്‍.എച്ച്.ബി. കോച്ചുകളിലാണ് ഓടുന്നത്. വടക്കന്‍ കേരളത്തില്‍ ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നതും ജനറല്‍ കോച്ചുകള്‍ കുറവായതുമായ തിരുവനന്തപുരം-മുംബൈ നേത്രാവതി (16346), എറണാകുളം-നിസാമുദ്ദീന്‍ മംഗള (12617) വണ്ടികളില്‍ 24 കോച്ചും ഘടിപ്പിക്കാനാകുന്നില്ല. അങ്ങനെ ഘടിപ്പിച്ചാല്‍ രണ്ടു കോച്ചുകള്‍ പ്ലാറ്റ്ഫോമിന് വെളിയില്‍ നില്‍ക്കും.

എന്നാല്‍ പരശുറാം ഉള്‍പ്പെടെ പരമ്പരാഗത (ഐ.സി.എഫ്.) കോച്ചുകള്‍ ഉള്ള വണ്ടികളില്‍ 24 കോച്ചുവരെ ഘടിപ്പിക്കാം.

റെയില്‍വേ അത് ചെയ്യുന്നുമില്ല. നിലവില്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ഐ.സി.എഫ്. കോച്ചുകള്‍ നിര്‍മിക്കാത്തതും തിരിച്ചടിയായി.
 

Content Highlights: LHB coaches, new coaches in trains