മോദി സർക്കാർ നിയമവിരുദ്ധ പ്രവർത്തനത്തിന്റെ മാതൃക, യോജിച്ച പ്രക്ഷോഭം ഉയർന്നുവരണം- എം.എ. ബേബി

ന്യൂഡൽഹി: എങ്ങനെ നിയമവിരുദ്ധമായി പ്രവർത്തിക്കാമെന്നതിന്റെ മാതൃകയായാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ പ്രവർത്തിച്ചതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ നിർദേശങ്ങൾ കാറ്റിൽപ്പറത്തി പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ആഭാസകരമായ നിയമം ഉണ്ടാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മുന്നിൽ നിർത്തി നരേന്ദ്ര മോദിയും അമിത് ഷായും മോഹൻ ഭഗവതും ഔദ്യോഗിക സ്ഥാനത്തിന് നിരക്കാത്ത പ്രവർത്തനങ്ങളാണ് നടത്തിയത്. ആർ.എസ്.എസിനും ബിജെപിക്കും വേണ്ടിയുള്ള ഗ്യാനേഷ് കുമാറിന്റെ ഏകാധിപത്യപരമായ നിയമലംഘനങ്ങൾ അസഹനീയമായപ്പോൾ, കമ്മീഷനിലെതന്നെ മുതിർന്ന ഉദ്യോഗസ്ഥർ നൽകിയ വിയോജനക്കുറിപ്പുകൾ പുറത്തുവന്നത് ഇതിന് തെളിവാണ്.
ഇന്ത്യയുടെ ഭരണം എങ്ങനെ കൈപ്പിടിയിൽ ഒതുക്കി എന്നതിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഈ വെളിപ്പെടുത്തലുകൾ ബിജെപിയുടെ രാഷ്ട്രീയത്തിലെ അധികാരസ്ഥാനങ്ങൾ നഷ്ടപ്പെടുന്നതിന്റെ നിർണായക ഘട്ടമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിശ്ചയിക്കുന്ന സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, പ്രധാനമന്ത്രിയും പ്രധാനമന്ത്രി നിർദേശിക്കുന്ന ക്യാബിനറ്റ് മന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന മൂന്നംഗ സമിതിക്ക് രൂപം നൽകിയതിലൂടെ എക്സിക്യൂട്ടീവിന് പൂർണ ഭൂരിപക്ഷം ഉറപ്പാക്കുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ ജനാധിപത്യവിരുദ്ധമായി പെരുമാറുന്നുവെന്ന കാര്യം പുറത്തുകൊണ്ടുവന്ന ഇന്ത്യൻ എക്സ്പ്രസ് ലേഖിക ഹൃത്തിക ചോപ്രയെയും അതിന് സഹായിച്ചവരെയും എം.എ. ബേബി അഭിവാദ്യംചെയ്തു. ഇന്ത്യയിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം പൂർണമായി നശിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഇതെന്നും കാര്യങ്ങൾ അസഹനീയമായപ്പോൾ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സഹകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരെ അനുമോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരായി കൂടുതൽ തെളിവുകൾ വരുംദിവസങ്ങളിൽ പുറത്തുവരും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ സമാധാനപൂർണവും ജനാധിപത്യപരവുമായ ബഹുജന സമരം വളർത്തിയെടുക്കേണ്ടതുണ്ടെന്നും അതിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ(എം), സിപിഐ, സിപിഐ (എം.എൽ), ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് എന്നീ അഞ്ച് ഇടതുപക്ഷ പാർട്ടികളും ചേർന്ന് രൂപീകരിച്ച അഭിപ്രായമാണിതെന്നും ഇന്ത്യ ബ്ലോക്കും അതിന് പുറത്തുള്ള പ്രതിപക്ഷ പാർട്ടികളും യോജിച്ച് പ്രക്ഷോഭരംഗത്തേക്ക് വരണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
Content Highlights: Left parties call for a mass democratic protest against Election Commission manipulation in New Delhi., CPM General Secretary M.A. Baby criticizes the central government for bypassing Supreme Court directives., Concerns raised over the exclusion of the Chief Justice from the election commissioner selection panel., Appreciation for journalist Hrithika Chopra and whistleblowers in the Election Commission., Call for unity among INDIA bloc and other opposition parties to launch a nationwide agitation.