അനുസ്മരണദിനങ്ങളിൽ മാത്രം സജീവമായാൽ പോരാ, രക്തസാക്ഷിമണ്ഡപങ്ങൾ ജനകീയമാകണം; ആലോചനയുമായി ഇടതു പാർട്ടികൾ

ചേർത്തല: അനുസ്മരണദിനങ്ങളിൽ മാത്രം സജീവമാകുന്ന രക്തസാക്ഷിമണ്ഡപങ്ങൾ ജനകീയമാക്കാനുള്ള ആലോചനയിൽ ഇടതുപാർട്ടികൾ. പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണ സമാപനത്തിൽ വയലാർ രക്തസാക്ഷിമണ്ഡപത്തിൽ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ടി.എം. തോമസ് ഐസക് കുട്ടിക്ക് ആദ്യക്ഷരം കുറിച്ചിരുന്നു.
വാരാചരണ കമ്മിറ്റി ഭാരവാഹികളുടെ അഭ്യർഥനയെത്തുടർന്നാണ് സി.പി.എം. കുത്തിയതോട് ലോക്കൽ കമ്മിറ്റിയംഗം എ. അജിത്തിന്റെ മകൾ ലൈറയെ എഴുത്തിനിരുത്തിയത്. ഇതോടെ കൂടുതൽ പേർ ആവശ്യമുയർത്തിയെങ്കിലും വാരാചരണ തിരക്കായതിനാൽ നടത്താനായില്ല.
എഴുത്തിനിരുത്തുപോലുള്ള ചടങ്ങുകൾക്കു മാത്രമല്ല, മണ്ഡപത്തിൽ വിവാഹം നടത്തണമെന്ന ആവശ്യവുമായി എത്തുന്നവരുണ്ടെന്നും വാരാചരണ കമ്മിറ്റി സെക്രട്ടറിയും സി.പി.എം. നേതാവുമായ എൻ.പി. ഷിബു പറഞ്ഞു. ഇത്തരം ചടങ്ങുകൾ പ്രോത്സാഹിപ്പിക്കാനായി കൂടിയാലോചന നടത്തുമെന്നു നേതാക്കൾ പറഞ്ഞു. സി.പി.ഐ.യും അനുകൂലമാണെന്നാണു വിവരം.
അപൂർവമായി ചില സമ്മേളനങ്ങൾ നടന്നിട്ടുണ്ടെങ്കിലും സമരവാർഷിക ദിനത്തിൽ മാത്രമാണ് പാർട്ടി അനുഭാവികൾപോലും വയലാറിലെയും മേനാശ്ശേരിയിലെയും രക്തസാക്ഷിമണ്ഡപങ്ങളിലെത്തുന്നത്.
ഒരേക്കറോളം വരുന്ന ഭൂമിയിൽ വിദ്യാർഥികൾക്കടക്കം പ്രയോജനപ്പെടുത്താനും സമരത്തെക്കുറിച്ചുള്ള അറിവുകൾ പുതുതലമുറയ്ക്കു പകരാനും പഠനകേന്ദ്രത്തിനും പദ്ധതി തയ്യാറാക്കിയിരുന്നതാണ്. ഒന്നരപ്പതിറ്റാണ്ടുമുന്നേ പദ്ധതികളായെങ്കിലും തുടർനടപടിയുണ്ടായില്ല.
Content Highlights: Left parties are exploring ways to transform Vayalar martyrdom memorials into vibrant public spaces for educational and cultural events, following positive public responses to recent initiation ceremonies held there.