രാഹുൽ മാങ്കൂട്ടത്തിലിന് പ്രതിരോധം തീർക്കാൻ മുൻനിരയിൽ നിന്നത് ലീഗിന്റെ സൈബർ പടയെന്ന് ആരോപണം

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന് പ്രതിരോധം തീർക്കാൻ മുൻനിരയിൽ നിന്നത് മുസ്ലിം ലീഗിന്റെ സൈബർ പടയെന്ന ആരോപണം ശക്തമാകുന്നു. കാപ്സ്യൂളുകളായും പൊളിറ്റിക്കൽ നരേറ്റീവുകളായും കഴിഞ്ഞ ഒരു മാസത്തിലധികമായി രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ലീഗിന്റെ സൈബർ ഇടങ്ങൾ സജീവമാണ്. പോസ്റ്റുകൾക്കെതിരെ വിമർശനങ്ങളും ട്രോളുകളും ഉയർത്തുകയാണ് ഇടത് അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളും സിപിഎം, ഡിവൈഎഫ്ഐ പ്രൊഫൈലുകളും.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ട് ലീഗ് സൈബർ ഇടങ്ങളിൽ വന്ന പോസ്റ്റുകൾ ആസൂത്രിതമാണെന്നാണ് വിമർശനങ്ങൾ. ആറായിരത്തിലധികം ലീഗ് പ്രൊഫൈലുകളിലും വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലുമാണ് രാഹുൽ മാങ്കൂട്ടത്തിൽ അനുകൂല പോസ്റ്റുകൾ പ്രചരിച്ചിരുന്നത്. യൂത്ത് ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഉൾപ്പടെ പാർട്ടി പരിപാടികൾ പ്രചരിപ്പിക്കാനും പാർട്ടിയെ പ്രതിരോധിക്കാനും ഉപയോഗിച്ചിരുന്ന പ്രൊഫൈലുകളിലും ഗ്രൂപ്പുകളുമാണ് രാഹുൽ മാങ്കൂട്ടത്തെ വെള്ളപൂശാൻ ഉപയോഗിച്ചത്. ഈ പ്രൊഫൈലുകളും ഗ്രൂപ്പുകളും കൈകാര്യം ചെയ്യുന്നവരിലേക്ക് സംഘടനയക്ക് പുറത്തുനിന്നും പോസ്റ്റുകൾ എത്തിയെന്നും ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു എന്നുമാണ് വിമർശനം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിക്കുന്നവരെ കടന്നാക്രമിച്ചും പോസ്റ്റുകൾ ഷെയർ ചെയ്യപ്പെട്ടിരുന്നു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് സൈബർ ഇടങ്ങൾ രാഹുലിനെ അനുകൂലിക്കാൻ മടിച്ചപ്പോളും ലീഗ് സൈബർ സ്പേസുകൾ രാഹുലിന് പിന്തുണച്ചതാണ് ചർച്ചയാകുന്നത്. ആരോപണങ്ങളിൽ പ്രതിരോധത്തിലായ രാഹുൽ മാങ്കൂട്ടത്തിലിന് ആദ്യമായി പൊതുവേദി നൽകിയതും യൂത്ത് ലീഗായിരുന്നു.
വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർത്ഥിയായി എത്തിയപ്പോൾ ലീഗിന്റെ 200-ലധികം ഗ്രൂപ്പുകൾ ഷാഫി പറമ്പിലിന്റെ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു. സമാന രീതിയിലാണ് രാഹുലിന് പ്രതിരോധം തീർക്കാനും ലീഗ് സോഷ്യൽ മീഡിയ ഇടങ്ങൾ ഉപയോഗപ്പെടുത്തിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെ ആരും തൊടാൻ പാടില്ല, അയാൾക്കെതിരെ ആരും ഒന്നും പറയാൻ പാടില്ല, അയാളെ ആരെങ്കിലും എതിർത്താൽ അസഭ്യവർഷം നടത്തും എന്തിനാണ് ഈ വെട്ടുകിളികൾ രംഗത്ത് വരുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിലും വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടത് സോഷ്യൽ മീഡിയ ഇടങ്ങളിൽ വീണ്ടും വിമർശനവും ട്രോളുകളും ഉയരുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ- ഷാഫി പറമ്പിൽ- പികെ ഫിറോസ് കൂട്ടുകെട്ട് സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ ചർച്ചയായതാണ്. മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയർന്ന സമയത്ത് ലീഗ് സൈബർ ഇടങ്ങളിൽ വന്ന പോസ്റ്റുകൾ പാർട്ടിക്കകത്ത് ചർച്ചയായിരുന്നു. നേതാക്കളിൽ ചിലർ ഇതിനെതിരെ വിമർശനങ്ങൾ ഉയർത്തിയെങ്കിലും രാഹുലിന് വേണ്ടിയുള്ള സൈബർ പോരാട്ടത്തിന് തടയിടാനായില്ല.
Content Highlights: Allegations rise that the League`s cyber wing actively defended Rahul Mankootathil after his bail was rejected, sparking criticism and trolls from left-leaning social media.