'സംസ്ഥാന-ദേശീയ തലങ്ങളിൽ പാർട്ടിയെ വളർത്തിയ നേതാവ്'; കാനത്തെ അനുസ്മരിച്ച് പ്രമുഖർ

തിരുവനന്തപുരം: സി.പി.ഐ.ക്കും ഇടതുമുന്നണിക്കും വളരെ വലിയ നഷ്ടമാണ് കാനത്തിന്‍റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണദ്ദേഹം. വലത്- ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിനിടയിലാണ് അദ്ദേഹത്തെ നഷ്ടമായതെന്നും ഡി. രാജ പറഞ്ഞു.
യൂത്ത് വിങ്ങിന്റെ ഭാഗമായിരുന്നപ്പോള്‍ മുതല്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചവരാണ് ഞങ്ങള്‍. കേരളത്തില്‍ മാത്രമല്ല ദേശീയതലത്തിലും പാര്‍ട്ടിയ്ക്ക് വളരെ വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. പാര്‍ട്ടിയുടെ യുവജനപ്രസ്ഥാനത്തിന്റെ ക്രിയാത്മകനേതാവായിരുന്നു അദ്ദേഹം. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ മികച്ച നേതാവ് കൂടിയായിരുന്നു കാനമെന്നും ഡി. രാജ പറഞ്ഞു.
എം.വി. ഗോവിന്ദന്‍
കാനത്തിന്‍റെ വിയോഗ വാര്‍ത്ത അക്ഷരാര്‍ഥത്തില്‍ ഒരു ഞെട്ടലോടുകൂടിയാണ് കേള്‍ക്കുന്നത്. ഇന്നലെ അദ്ദേഹത്തിന്റെ മകനെ കണ്ടപ്പോള്‍ നല്ല വ്യത്യാസമുണ്ടെന്നും മുറിവുകളെല്ലാം ഉണങ്ങിവരികയാണെന്നും ഇപ്പോള്‍ നല്ല നിലയിലുള്ള മാറ്റം ഉണ്ടായിട്ടുണ്ടെന്നുള്ള വിവരം അറിഞ്ഞിരുന്നു. വളരെ വേഗം സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് സഖാവ് കാനം രാജേന്ദ്രന്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് ഈ ദുഃഖകരമായ വാര്‍ത്ത അറിയേണ്ടി വന്നത്. രണ്ട് പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍, സിപിഎമ്മുമായി സിപിഐയ്ക്ക് നല്ല രീതിയിലുള്ള ബന്ധവും ഐക്യവും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ച ഏറ്റവും പ്രധാനപ്പെട്ട കമ്യൂണിസ്റ്റ് നേതാവായിരുന്നു സഖാവ്. കാനം രാജേന്ദ്രന്റെ ജീവിതം കൂടുതല്‍ മനസിലാക്കാനും പഠിക്കാനുമുള്ള ഒരു പുസ്തകമാണ്.
വി.ഡി. സതീശൻ
ഏറെക്കാലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രൻ. പത്തൊൻപതാം വയസിൽ യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തിൽ എത്തിയതാണ് കാനം. മികച്ച നിയമസഭ പ്രവർത്തനമായിരുന്നു കാനത്തിന്റേത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനും അവ സഭയിൽ അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു. വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ തുടങ്ങിയ മുൻഗാമികളെ പോലെ നിലപാടുകളിൽ കാനവും വിട്ടുവീഴ്ച ചെയ്തില്ല. വ്യക്തിപരമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതു പ്രവർത്തകനായിരുന്നു കാനം. കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. രോഗാവസ്ഥയെ മറികടന്ന് പൊതുരംഗത്ത് ഉടൻ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകൾ സഫലമായില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗം.
ആര്‍. ബിന്ദു
സമുന്നതനായ പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്ക് കാനം രാജേന്ദ്രന്റെ വിയോഗം ഏറ്റവും ദുഃഖകരമാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തുടങ്ങി, മികച്ച നിയമസഭാ സാമാജികൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച കാനത്തിന്റെ വ്യക്തിത്വം എക്കാലത്തും സമാദരണീയമായിരുന്നു. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളോടുള്ള പോരാട്ടത്തിലും അവരോട് ചാര്‍ച്ച പുലര്‍ത്തുന്ന കോണ്‍ഗ്രസിനെ തുറന്നുകാട്ടുന്നതിലും വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു കാനം.
പി.എ. മുഹമ്മദ് റിയാസ്
ഇടതുപക്ഷ ഐക്യം കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ച നേതൃത്വമാണ് കാനം രാജേന്ദ്രന്റേത്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹം. വിദ്യാര്‍ത്ഥി-യുവജന സംഘടനാ നേതാവ്, തൊഴിലാളി സംഘടന നേതാവ്, നിയമസഭാ അംഗം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കാകെ കനത്ത നഷ്ടമാണ് കാനത്തിന്റെ വിയോഗം. സഖാക്കളുടെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു.
കെ. സുധാകരന്‍ എം.പി
സൗമ്യശീലനായ കാനം രാജേന്ദ്രന്‍ പ്രഗത്ഭനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു. ദിശാബോധത്തോടെ സി.പി.ഐയെ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തൊഴിലാളി പ്രശ്‌നങ്ങളില്‍ എക്കാലത്തും സജീവ ഇടപെടല്‍ നടത്തിയ അദ്ദേഹത്തിന്റെ പൊതുജീവിതം തൊഴിലാളി വര്‍ഗത്തിന്റെ അവകാശ സംരക്ഷണത്തിന് വേണ്ടി മാറ്റിവെച്ചതാണ്. അസാമാന്യ മനക്കരുത്തോടെ നിലപാടുകള്‍ എവിടെയും തുറന്ന് പറയുന്ന പ്രകൃതം. മികച്ച പാര്‍ലമെന്റേറിയനും ജനകീയനുമായ പൊതുപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. ആശയപരമായി വ്യത്യസ്ത പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നു. കാനം രാജേന്ദ്രന്റെ നിര്യാണം കേരളീയ പൊതുസമൂഹത്തിന് കനത്ത നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.
കെ.സി. വേണുഗോപാല്‍ എം.പി
ഏതൊരു പ്രതിസന്ധിയും അസാമാന്യമായ ഉള്‍ക്കരുത്തോടെ തരണം ചെയ്ത കാനം രാജന്ദ്രന്‍ ഈ രോഗാവസ്ഥയേയും അതിജീവിച്ച് പൊതുജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നത്. ഉള്ളുലയ്ക്കുന്ന ഈ മരണവാര്‍ത്ത ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. രാഷ്ട്രീയത്തിനതീതമായ വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചിരുന്ന നേതാവായിരുന്നു കാനം. രാഷ്ട്രീയമായി വിഭിന്ന ചേരിയിലായിരുന്നപ്പോഴും അദ്ദേഹവുമായി നല്ല സൗഹൃദബന്ധം എക്കാലവും കാത്തു സൂക്ഷിക്കുവാനായി. സി.പി.ഐ. നേതാവ് എന്നതിലുപരി കോട്ടയത്തിന്റെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ എക്കാലവും നിറഞ്ഞുനിന്ന വ്യക്തിക്ക് കൂടിയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെ സൗമ്യമുഖം എന്ന് തന്നെ എക്കാലവും കാനം രാജേന്ദ്രനെ വിശേഷിപ്പിക്കാം. ഇനിയും കേരളാ രാഷ്ട്രീയത്തിന് ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗം കേരളരാഷ്ട്രീയത്തിന് കനത്ത നഷ്ടമാണ്.
എം.എം. ഹസന്‍
പുതിയ തലമുറയുടെ പ്രതിനിധിയായി സി.പി.ഐ. എന്ന പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം നല്‍കിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണ്. മികച്ച പാര്‍മെന്റേറിയനായിരുന്നു കാനം. അദ്ദേഹത്തോടൊപ്പം നിയമസഭയില്‍ ഓരോ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. വളരെ അടുത്ത സൗഹൃദം സഭയ്ക്ക് അകത്തും പുറത്തും പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ശാന്തനും സൗമ്യശീലനുമാണെങ്കിലും നിലപാടുകളിലെ കാര്‍ക്കശ്യവും അടിയുറച്ച അഭിപ്രായ പ്രകടനവും അദ്ദേഹത്തെ ശാന്തഗംഭീരനായ കമ്യൂണിസ്റ്റ് നേതാവാക്കി. തൊഴിലാളി പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം നല്‍കിയ കാനം സി.പി.ഐ. സെക്രട്ടറിയെന്ന നിലയിലും മികവ് പുലര്‍ത്തി. മികച്ച ഒരു കമ്യൂണിസ്റ്റ് നേതാവിനെയാണ് കാനം രാജേന്ദ്രന്റെ നിര്യാണത്തോടെ നഷ്ടമായതെന്നും ഹസന്‍ പറഞ്ഞു.
എം.വി. ശ്രേയാംസ്‌കുമാര്‍
വളരെ അപ്രതീക്ഷിതമായിരുന്നു കാനത്തിന്‍റെ വേര്‍പാട്. അദ്ദേഹം സുഖം പ്രാപിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു. വളരെ ധീരനായ, വ്യക്തമായ നിലപാടുള്ള നേതാവായിരുന്നു കാനം. ഇടതുമുന്നണിയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. കേരളരാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കാനത്തിന് സാധിച്ചിട്ടുണ്ട്. നിലപാടുകളില്‍ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ല. വളരെ ശക്തമായ ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. മുന്നണിയില്‍ നില്‍ക്കുമ്പോഴും അതിലെ ഒരു തിരുത്തല്‍ ശക്തിയായി അദ്ദേഹം നിലനിന്നു. ഞാനുമായി നല്ല ബന്ധമായിരുന്നു അദ്ദേഹത്തിന്. വളരെ അപ്രതീക്ഷിതമായ ഒരു വാര്‍ത്തയായിപ്പോയി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു.
കെ.സുരേന്ദ്രന്‍
ഇടതുപക്ഷത്തെ സൗമ്യമുഖമായിരുന്നു കാനം രാജേന്ദ്രന്‍. തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയാനുള്ള ആര്‍ജ്ജവം കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സി.പി.ഐയുടെ ജനകീയ മുഖമായിരുന്ന അദ്ദേഹം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എടുത്ത പല നിലപാടുകളും പ്രശംസനീയമാണ്. എതിര്‍രാഷ്ട്രീയ ചേരിയിലായിരുന്നുവെങ്കിലും കാനവുമായി എന്നും നല്ല വ്യക്തിബന്ധമായിരുന്നു പുലര്‍ത്തിയിരുന്നത്.
Content Highlights: Kanam Rajendran