‘പിഎം ശ്രീയിൽ ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിൽ’; പറ്റിയത് അബദ്ധം, ചെയ്തത് ശരിയായില്ലെന്ന് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ കഴിഞ്ഞ ഇടത് സർക്കാർ ഒപ്പിട്ടത് ശരിയായില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പദ്ധതിയിൽ എൽഡിഎഫ് സർക്കാർ അബദ്ധത്തിൽ ഒപ്പിട്ടുപോയതാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിആർസികളിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരുണ്ട്. അവർക്ക് ശമ്പളം കൊടുക്കാൻ പറ്റിയിരുന്നില്ല. ഇതിന് കേന്ദ്രസഹായം ലഭിക്കണമായിരുന്നു. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ചെയ്തത് ശരിയായില്ലെങ്കിൽ പോലും ഒരു ദുർബല നിമിഷത്തിൽ പിഎം ശ്രീയിൽ ഒപ്പിട്ടുപോയി. പദ്ധതിയിൽ ഒപ്പിട്ടത് ശരിയായില്ലെന്നാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാട്, ടി.പി. വ്യക്തമാക്കി.
അധികാരത്തിൽവരുന്നതിന് മുൻപ് കോൺഗ്രസും മുസ്ലിം ലീഗും പിഎം ശ്രീ പദ്ധതിയെ ശക്തമായി എതിർത്തിരുന്നു. എന്നാൽ, ഇപ്പോൾ അവർ നിലപാട് മാറ്റി. നിയമസഭയിൽപോലും കരാർ ഒപ്പിട്ടതിനെ മുസ്ലിം ലീഗ് നിശിതമായി എതിർത്തു. എന്നാൽ, ഇപ്പോൾ അവർക്ക് എതിർപ്പില്ല. ഇപ്പോൾ അവരുടെ ലക്ഷ്യം ഭരണമാണ്. ഭരിക്കാനായി എന്ത് വൃത്തികേടും കാണിക്കാം എന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നതെന്നും ഇത് ഒരു സമൂഹത്തോട് കാണിക്കുന്ന അങ്ങേയറ്റത്തെ അപരാധമാണെന്നും അദ്ദേഹം വിമർശിച്ചു.
വക്കഫ് ബോർഡിൽ മുസ്ലിം അല്ലാത്തവരേയും നിയോഗിക്കണമെന്നായിരുന്നു കേന്ദ്ര നിലപാട്. എന്നാൽ, എൽഡിഎഫ് സർക്കാർ ഈ നിലപാടിനെ എതിർത്തു. അമുസ്ലിങ്ങളെ ബോർഡിൽ നിയമിക്കുന്നത് കേരളം ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാടിന് എതിരായതിനാൽ വഖഫ് ബോഡിൽ ആർക്കാണോ പ്രാതിനിധ്യം വേണ്ടത് അതേ ഉണ്ടാകാൻ പാടുള്ളൂ എന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചത്. എന്നാൽ, കോൺഗ്രസും മുസ്ലിം ലീഗും ചേർന്ന് മതനിരപേക്ഷ നിലപാടിന് എതിരായ സമീപനമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. അധികാരത്തെ പിടിച്ചുനിർത്താൽ ആർഎസ്എസ്- സംഘപരിവാർ ശക്തികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
Content Highlights: LDF convener TP Ramakrishnan admitted in Kozhikode that the previous Left government mistakenly signed the PM SHRI scheme in a weak moment to secure central funds for BRC staff salaries, while criticizing UDF's U-turn.