എൽ.ഡി.എഫ്. കുടുംബസംഗമത്തിന് പകരം സി.പി.എം. കുടുംബസംഗമം; എതിർപ്പറിയിച്ച് സി.പി.ഐ

മാന്ധംകുണ്ടിൽ സ്ഥാപിച്ച സി.പി.എം. കുടുംബസംഗമം എന്നെഴുതിയ ബോർഡ്
മാന്ധംകുണ്ടിൽ സ്ഥാപിച്ച സി.പി.എം. കുടുംബസംഗമം എന്നെഴുതിയ ബോർഡ്

തളിപ്പറമ്പ്: എൽ.ഡി.എഫ്. കുടുംബസംഗമത്തിന് പകരം സി.പി.എം. കുടുംബസംഗമം നടത്തുന്നതായി ബോർഡ് വെച്ചെന്ന് സി.പി.ഐ. ആക്ഷേപം. സി.പി.എം. തളിപ്പറമ്പ് നോർത്ത് കുടുംബസംഗമം എന്നെഴുതിയ ബോർഡ് മാന്ധംകുണ്ടിൽ സ്ഥാപിച്ചതാണ് സി.പി.ഐ.യെ ചൊടിപ്പിച്ചത്. സംഗമം സംബന്ധിച്ച് കൂടിയാലോചനയൊന്നുമുണ്ടായില്ലെന്നും ഇവർ പറയുന്നു.

കീഴാറ്റൂർ വായനശാലയ്ക്ക് സമീപം 10-ന് വൈകീട്ട് നാലിന് എം.വി. ഗോവിന്ദൻ എം.എൽ.എ. കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. കീഴാറ്റൂർ, മാന്ധംകുണ്ട് ഭാഗത്ത് സി.പി.ഐ.ക്ക് സമീപകാലത്താണ് ശക്തി പ്രാപിക്കാനായത്. നഗരസഭാ മുൻ വൈസ് ചെയർമാൻ കോമത്ത് മുരളീധരനോടൊപ്പം സി.പി.എം. വിട്ടവരാണ് സി.പി.ഐ.യിൽ ചേർന്നത്. ഇതേതുടർന്നുള്ള പ്രശ്നങ്ങൾ ഇപ്പോഴും വിട്ടുമാറിയില്ല. ബോർഡ് വിവാദമാക്കേണ്ടതില്ലെന്നാണ് സി.പി.എം. നേതാക്കൾ പറയുന്നത്.

കീഴാറ്റൂരിൽ നടക്കുന്നത് എൽ.ഡി.എഫ്. പരിപാടിയാണ്. സി.പി.എം. കുടുംബസംഗമം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും പിന്നീട് എൽ.ഡി.എഫ്. കുടുംബസംഗമമാക്കി മാറ്റിയതാണെന്നും ഇവർ പറയുന്നു.

സി.പി.ഐ.യെയും ക്ഷണിച്ചിട്ടുണ്ട്. തീരുമാനമാകും മുൻപെ തയ്യാറാക്കിയതിനാലാണ് ബോർഡിൽ സി.പി.എം. കുടുംബസംഗമം എന്നെഴുതിയതെന്നാണ് നേതാക്കളുടെ വിശദീകരണം. അതേസമയം ഇത്തരം പരിപാടികൾ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സി.പി.ഐ.ക്ക്. മാന്ധംകുണ്ടിൽ 18-ന് വൈകീട്ട് അഞ്ചിന് സി.പി.ഐ.യുടെ നേതൃത്വത്തിൽ കുടുംബസംഗമം നടക്കും. സി.പി. മുരളി ഉദ്ഘാടനം ചെയ്യുമെന്നും നേതാക്കൾ അറിയിച്ചു.

Content Highlights: ldf kudumbasangamam, cpi against cpm