ലാസ്റ്റ് ഗ്രേഡുകാരുടെ സ്ഥാനക്കയറ്റം തടഞ്ഞ് റവന്യൂവകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് അപൂര്‍വമായി ലഭിക്കുന്ന സ്ഥാനക്കയറ്റസാധ്യത മുടക്കി റവന്യൂവകുപ്പ്. പി.എസ്.സി. നടത്തുന്ന യോഗ്യതാപരീക്ഷ ജയിക്കാത്ത എല്‍.ജി.എസുകാര്‍ക്ക് അറ്റന്‍ഡര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കരുതെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.
ആദ്യകാലങ്ങളില്‍ പി.എസ്.സി. നടത്തുന്ന അറ്റന്‍ഡര്‍ യോഗ്യതാപരീക്ഷ ജയിക്കുന്നവര്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കിയിരുന്നത്. എന്നാല്‍ 1993 ജനുവരിയില്‍ ഈ ചട്ടത്തില്‍ മാറ്റം വരുത്തി. എസ്.എസ്.എല്‍.സി.യോ തത്തുല്യ യോഗ്യതയോ ഉള്ളവരും എല്‍.ജി.എസായി മൂന്നുവര്‍ഷം സേവന കാലാവധിയുള്ളവരും പി.എസ്.സി. പരീക്ഷ ജയിക്കേണ്ടെന്നായിരുന്നു ഭേദഗതി.
1973-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അറ്റന്‍ഡര്‍ നിയമനത്തിന് ഏഴാംക്ലാസോ തത്തുല്യ യോഗ്യതയോ വേണമെന്നും പി.എസ്.സി. യോഗ്യതാപരീക്ഷ ജയിക്കണം എന്നുമായിരുന്നു വ്യവസ്ഥ. അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ സ്ഥിരം സര്‍വീസും യോഗ്യതാപരീക്ഷയിലെ ജയവും വേണം. ഇത് പാലിക്കാനാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 29 വര്‍ഷം മുമ്പ് വരുത്തിയ ഭേദഗതി മറന്നാണ് പുതിയ നിര്‍ദേശം.
1993-ലെ ഭേദഗതി പാലിച്ചാല്‍ അറ്റന്‍ഡര്‍ പരീക്ഷ ജയിക്കാതെതന്നെ നിശ്ചിതസേവന കാലാവധിയുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ സ്ഥാനക്കയറ്റത്തിന് അര്‍ഹരാണ്. കുറഞ്ഞ ശമ്പളമുള്ള ഇവര്‍ക്ക് മറ്റുജീവനക്കാരെപ്പോലെ സ്ഥാനക്കയറ്റം ലഭിക്കാറില്ലെന്നിരിക്കെയാണ് സര്‍ക്കാര്‍വരുത്തിയ ഭേദഗതി പാലിക്കാതെയുള്ള വിചിത്ര ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
Content Highlights: Last grade employees promotion revenue department