പതിറ്റാണ്ടുകളിലായി ഫയലിലാണീ കുടുംബത്തിന്റെ ജീവിതം; 75 വർഷമായി താമസിക്കുന്ന ഭൂമിക്ക് പട്ടയമില്ല

ഉദുമ: ‘പട്ടയമില്ലെങ്കിലും കുഴപ്പമില്ലെന്നേ, ആ സ്ഥലത്തുനിന്ന് നിങ്ങളെ ആരും ഇറക്കിവിടാനൊന്നും വരില്ല. സമാധാനമായി പൊയ്ക്കോ...’ 75 വർഷത്തിലധികമായി താമസിക്കുന്ന 11 സെന്റ് ഭൂമിയുടെ പട്ടയത്തിനുവേണ്ടി നൽകിയ അപേക്ഷയെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന ബേക്കൽ മലാംകുന്നിലെ കെ. പ്രഭാകരന് റവന്യൂ അധികൃതർ നൽകുന്ന മറുപടിയാണിത്.
കോട്ടിക്കുളം വില്ലേജിലെ (പഴയ പള്ളിക്കര രണ്ട് വില്ലേജ്) രണ്ട് സർവേ നമ്പരുകളിലായാണ് 11 സെന്റ് ഭൂമി. 50 വർഷമായി കൈവശമുള്ള ഭൂമിയുടെ പട്ടയത്തിനായി പ്രഭാകരൻ നെട്ടോട്ടത്തിലാണ്. പ്രഭാകരനും കാൻസർ ചികിത്സ തുടരുന്ന ഭാര്യ പ്രമീളയും വിദ്യാർഥികളായ രണ്ടു മക്കളുമാണ് പട്ടയമില്ലാത്ത ഭൂമിയിലുള്ള വീട്ടിലെ താമസക്കാർ.
അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് ശരീരത്തിൽ സ്റ്റീൽ കമ്പികളുമായിട്ടാണ് പ്രഭാകരൻ തുന്നൽപ്പണി ചെയ്യുന്നത്. 1998-ലാണ് പ്രഭാകരനും ഭാര്യ പ്രമീളയും ഈ കൈവശഭൂമിയുടെ പട്ടയത്തിന് അപേക്ഷകളുമായി ഓഫീസുകൾ കയറാൻ തുടങ്ങിയത്. അതിനുമുൻപ് പ്രഭാകരന്റെ അമ്മ പരേതയായ ജാനകിയും ഈ സ്ഥലത്തിന്റെ രേഖ ശരിയാക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ട്.
ജാനകി മൺമറഞ്ഞതോടെയാണ് മകനും ഭാര്യയും ദൗത്യം ഏറ്റെടുത്തത്. ജാനകിയും കുടുംബവും മുക്കാൽ നൂറ്റാണ്ടിലധികം താമസിച്ച സ്ഥലം ഇപ്പോഴും റവന്യൂരേഖകളിൽ എൽ.എസ്.റോഡ് പുറമ്പോക്കെന്നുള്ളതാണ് കൗതുകം. ഭൂമിക്ക് രേഖയില്ലാത്തതിനാൽ തകർന്നുതുടങ്ങിയ വീട് നന്നാക്കാനോ ചികിത്സച്ചെലവിന് വായ്പയെടുക്കാനോ കഴിയുന്നില്ല.
പലരോടും കടം വാങ്ങിച്ചാണ് ഭാര്യയുടെ ചികിത്സ മുടങ്ങാതെ നടത്തുന്നത്. ഈ സ്ഥലത്തിന് മറ്റ് അവകാശികളില്ലെന്നും അപേക്ഷകർ ഈ ഭൂമിക്ക് നൂറുശതമാനം അർഹരാണെന്നും അന്വേഷണം നടത്തിയ റവന്യൂ-പഞ്ചായത്ത് അധികാരികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
പഞ്ചായത്ത് രേഖകളിലില്ല, റവന്യൂവിലുണ്ട്
ഉദുമ പഞ്ചായത്തിന്റെ അധീനതയിൽപ്പെട്ട പുറമ്പോക്ക് ഭൂമിയെന്നാണ് റവന്യൂ രേഖ. എന്നാൽ പഞ്ചായത്തിന്റെ ആസ്തിരജിസ്റ്ററിൽ ഈ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളില്ല. എന്നാലും ഉദുമ പഞ്ചായത്ത് ഭരണസമിതി 2017 നവംമ്പറിൽ ഈ ഭൂമി കൈവശക്കാരനായ പ്രഭാകരന് വിട്ടുകൊടുക്കാനുള്ള നിരാക്ഷേപപത്രം നൽകിയിട്ടുണ്ട്.
അഞ്ചുതവണ താലൂക്ക് സർവേ ജീവനക്കാർ സ്ഥലമളന്നു. ഡി. സജിത് ബാബു ജില്ലാ കളക്ടറായിരിക്കെ ഈ ഭൂമി റവന്യൂവകുപ്പിലേക്ക് പുനർ നിക്ഷിപ്തമാക്കി വിജ്ഞാപനം ചെയ്യേണ്ട നടപടിക്കായി രേഖകൾ തിരുവനന്തപുരം പഞ്ചായത്ത് ഡയറക്ടറേറ്റിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം ഗസറ്റ് വിജ്ഞാപനമില്ലാതെതന്നെ കളക്ടർക്ക് ചിലതരം കൈവശഭൂമി പതിച്ചുനൽകാനുള്ള അധികാരം സർക്കാർ കൈമാറിയിരുന്നു. എന്നാൽ രേഖകളിൽ പൊതുവഴികൾ, ഇടവഴികൾ, ശ്മശാനങ്ങൾ, കളിസ്ഥലങ്ങൾ എന്നിങ്ങനെ അടയാളപ്പെടുത്തിയവ അടക്കമുള്ളവ ഈ അധികാരപരിധിയിൽ വരുന്നില്ല.
ഈ കേസിൽ റവന്യൂരേഖയിൽ റോഡ് പുറമ്പോക്ക് എന്നുള്ളതിനാൽ ഫയൽ ആ നിർവചനത്തിൽ കുടുങ്ങി കാഞ്ഞങ്ങാടിനും കാസർകോടിനുമിടയിൽ വട്ടംചുറ്റുകയാണ്. റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർ ഒന്നിച്ചിരുന്നാൽ പരിഹരിക്കാവുന്ന പ്രശ്നമാണ് പതിറ്റാണ്ടുകളായി നീണ്ടുപോകുന്നതെന്ന് മുൻ റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
Content Highlights: K. Prabhakaran and his family have been living on an 11-cent plot of land for over 75 years without official ownership documents, despite multiple attempts to secure a title deed since 1998. The land is classified as "poramboke" (government land) in revenue records, but lacks documentation in the panchayat's asset register, complicating efforts to obtain a title and access loans for home repairs and medical expenses. Despite local authorities acknowledging the family's rightful claim, bureaucratic hurdles and discrepancies between revenue and panchayat records have stalled the process, with the issue remaining unresolved for decades.