‘മദ്യപിച്ച് വാഹനമോടിക്കുന്നത് കൊലപാതകമാണ്’; വാട്സാപ്പ് സ്റ്റാറ്റസിട്ട് മണിക്കൂറുകൾക്കുള്ളിൽ അപകടമരണം, ഡ്രൈവർ മദ്യലഹരിയിൽ

#ന്യൂസ് ഡെസ്ക്
അപകടമുണ്ടാക്കിയ കാറും അപകടത്തിൽ തകർന്ന സ്കൂട്ടറും, ഇൻസൈറ്റിൽ മരിച്ച ഷറഫുദ്ദീൻ
അപകടമുണ്ടാക്കിയ കാറും അപകടത്തിൽ തകർന്ന സ്കൂട്ടറും, ഇൻസൈറ്റിൽ മരിച്ച ഷറഫുദ്ദീൻ

ഒതുക്കുങ്ങൽ: കുഴിപ്പുറം കവലയിൽ അമിതവേഗതയിലെത്തിയ കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നൂവെന്ന് പോലീസ്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്.

അപകടത്തിൽ മഞ്ചേരി നോബിൾ കോളേജിലെ അധ്യാപകനും കുഴിപ്പുറം സ്വദേശിയുമായ അമ്പലവൻ കുളപ്പുരയ്ക്കൽ ഷറഫുദീൻ (36) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കുഴിപ്പുറം കോടായിക്കാടൻ ഹബീബിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവർ പറപ്പൂർ സ്വദേശി ചേലപ്പുറത്ത് അക്ബറലിയെ (36) പോലീസ് അറസ്റ്റുചെയ്തു. ഇയാൾ അപകടസമയത്ത് മദ്യലഹരിയിലായിരുന്നൂവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരേ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. അമിതവേഗതയിലെത്തിയ കാർ സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു.

ഷറഫുദീന്റെ മൃതദേഹം മുണ്ടോത്ത്പറമ്പ് സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചശേഷം വൈകീട്ടോടെ കുഴിപ്പുറം പടിഞ്ഞാറേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. ഹബീബ ബുഷ്‌റയാണ് ഷറഫുദ്ദീന്റെ ഭാര്യ. മക്കൾ: അയ്ദിൻ റൂമി, അലിയ.

നൊമ്പരമായി വാട്‌സാപ്പ് സ്റ്റാറ്റസ്

അവസാനമായി തന്റെ വാട്‌സാപ്പ് സ്റ്റാറ്റസിൽ പങ്കുവെച്ച ഒരു കുറിപ്പ്, മണിക്കൂറുകൾക്കകം ആ വാക്കുകൾ സ്വന്തം ജീവിതത്തിൽത്തന്നെ ഒരു ക്രൂരമായ യാഥാർഥ്യമായി മാറി ഷറഫുദ്ദീന്.

'മദ്യപിച്ച് വാഹനമോടിക്കുന്നത് അപകടമല്ല, കൊലപാതകമാണ്' മരണത്തിന് തൊട്ടുമുൻപ് അധ്യാപകനായ ഷറഫുദ്ദീൻ തന്റെ വാട്സാപ്പിൽ കുറിച്ച വാക്കുകളാണിത്. മണിക്കൂറുകൾക്കകമാണ് മദ്യപിച്ചെത്തിയ ഡ്രൈവർ ഓടിച്ച കാറിടിച്ച് അദ്ദേഹം ദാരുണമായി കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്‌കൂട്ടറിൽ പോവുകയായിരുന്ന കുഴിപ്പുറം സ്വദേശി അമ്പലവൻ കുളപ്പുരയ്ക്കൽ ഷറഫുദ്ദീനെ (36) അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlights: A 36-year-old college teacher, Sharafudeen, died after a speeding car hit his scooter at Kuzhippuram junction., The car driver, Akbarali, was arrested and confirmed to be under the influence of alcohol during the accident., Tragically, the victim had posted a WhatsApp status shortly before his death stating that drunk driving is murder, not an accident.