കുറ്റ്യാടി ചുരത്തിൽ വാൻ താഴ്ചയിലേക്ക് മറിഞ്ഞു; മരത്തിൽ കുടുങ്ങി ടയർ, തോട്ടിലേക്ക് വീഴാതെ ഡ്രൈവർ രക്ഷപ്പെട്ടു

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ പച്ചക്കറി വാൻ താഴ്ചയിലേക്ക് മറിഞ്ഞു. മരത്തിൽ കുടുങ്ങി നിന്നതിനാൽ വൻ അപകടം ഒഴിവായി. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. ചുരം ഇറങ്ങിവരുന്നതിനിടെ വാൻ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
കർണാടകയിലെ ചിക്ക മംഗളൂരുവിൽ നിന്ന് തൃശ്ശൂരിലേക്ക് പച്ചക്കറി കയറ്റിവന്ന വാനാണ് ചുരം ഇറങ്ങുന്നതിനിടയിൽ ബ്രേക്ക് ഡൗൺ ആയി അപകടത്തിൽപ്പെട്ടത്. മരത്തിൽ കുടുങ്ങി നിന്നതിനാൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഒന്നാം വളവു കഴിഞ്ഞ് ഇറങ്ങുന്നതിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ട വാൻ മുന്നിൽ ഉണ്ടായിരുന്ന കെഎസ്ആർടിസി ബസിലും കാറിലും ഇടിക്കാതിരിക്കാൻ ഹാൻഡ് ബ്രേക്ക് ഇട്ട് വലതുവശത്തേക്ക് മാറാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. മരത്തിൽ മുൻവശത്തെ ടയർ കുടുങ്ങി കിടന്നതിനാലാണ് വാഹനം താഴെ തോട്ടിലേക്ക് വീഴാതെ നിന്നത്.