പ്രസവമടുത്തപ്പോൾ ഉരുൾഭയത്തിൽ ഇടുക്കിവിട്ടു, കുട്ടനാടൻ വെള്ളം ക്യാമ്പിലാക്കി

#രേവതി എസ് പിള്ള

ആലപ്പുഴ: കുട്ടനാട്ടുകാരി സ്നേഹയെ കല്യാണം കഴിച്ചയച്ചത് ഇടുക്കിയിലാണ്. മിടുക്കിയാണെങ്കിലും മഴക്കാലത്ത് ഇടുക്കിയുടെ ‘സ്വഭാവം’ മാറുമെന്നു ഭയന്നാണ് ഏഴുമാസം ഗർഭിണിയായ സ്നേഹ, സ്വദേശമായ കുട്ടനാട്ടിലെ രാമങ്കരിയിലെത്തിയത്. പക്ഷേ, കനത്തമഴയും കിഴക്കൻവെള്ളത്തിന്റെ കുത്തിയൊലിച്ചുള്ള വരവും സ്നേഹയുടെ പ്രതീക്ഷ തകിടംമറിച്ചു. ഒടുവിൽ, ഒന്നരമാസവും രണ്ടുവയസ്സും പ്രായമുള്ള കുട്ടികളുമായി ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ് അവർ.

ഇടുക്കി ചപ്പാത്തിലാണ് ഭർത്താവ് പ്രവീണിനൊപ്പം സ്നേഹ താമസിച്ചിരുന്നത്. പ്രസവം മഴക്കാലത്തായിരിക്കുമെന്നതിനാൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമൊക്കെ പേടിച്ചാണ് കുട്ടനാട്ടിലെ വീട്ടിലേക്കു വന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ. അതിനുള്ള സൗകര്യംകൂടി കണക്കിലെടുത്തായിരുന്നു വരവ്. ജൂണിൽ രണ്ടാമത്തെ ആൺകുഞ്ഞിനു ജന്മംനൽകി വീട്ടിൽ വിശ്രമത്തിലായിരുന്നു.

എന്നാൽ, കഴിഞ്ഞദിവസങ്ങളിലെ മഴയും കിഴക്കൻവെള്ളവും കണക്കുകൂട്ടലുകൾ തെറ്റിച്ചു. രാമങ്കരിയിലെ വീടു മുങ്ങി. കിട്ടിയതെല്ലാം കെട്ടിപ്പെറുക്കി ഞായറാഴ്ച രാമങ്കരി എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിലെ ക്യാമ്പിലേക്കു മാറി. വെള്ളം പൊങ്ങിയതോടെ ക്യാമ്പും പരിസരവും ശൗചാലയവുമെല്ലാം മുങ്ങി. അതോടെ ആലപ്പുഴ നഗരത്തിലെ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലേക്ക്.

‘വീട്ടുസാധനങ്ങളെല്ലാം നശിച്ചും ഒഴുകിയും പോയി. ഒന്നും എടുത്തുവെക്കാൻ കഴിഞ്ഞില്ല. കുഞ്ഞുങ്ങളുടെ ജീവനെക്കരുതി ഓടിയതാണ്. 2018-ലെ പ്രളയത്തിൽപ്പോലും രാമങ്കരിയിലെ വീട് ഇങ്ങനെ മുങ്ങിയിട്ടില്ല. ജീവിതം ഇനി ഒന്നിൽനിന്നു തുടങ്ങേണ്ട അവസ്ഥയാണ്’- സ്നേഹ പറഞ്ഞു. ഇവരുടെ അച്ഛൻ മധുസൂദനൻ ചെത്തുതൊഴിലാളിയാണ്. അമ്മ: ബീന. സ്നേഹയുടെ സഹോദരങ്ങളും ക്യാമ്പിലുണ്ട്.

Content Highlights: Sneha moved from Idukki to Kuttanad to escape landslide risks during pregnancy., Unprecedented rainfall in 2026 flooded her ancestral home in Ramankary., The family lost all belongings and relocated to the Thiruvambadi relief camp., The 2026 flood intensity surpassed the historical 2018 event in Kuttanad.