ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ പിടിയിൽ, നീറ്റലായി മുനീറിന്റെയും കുടുംബത്തിന്റെയും അവസാന ചിത്രം

തൃശ്ശൂർ: കുന്നംകുളം ആർത്താറ്റ് മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഡ്രൈവർ കീഴടങ്ങി. അപകടശേഷം ഒളിവിൽ പോയിരുന്ന ബെൻ ആണ് കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ബെൻ മദ്യലഹരിയിലായിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്. എന്നാൽ 36 മണിക്കൂറിന് ശേഷമാണ് ഇയാൾ കീഴടങ്ങിയത് എന്നതിനാൽ മെഡിക്കൽ പരിശോധനയിൽ ഇയാൾ മദ്യലഹരിയിലാണ് വണ്ടി ഓടിച്ചതെന്ന് തെളിയിക്കുന്നതിൽ പ്രായോഗികബുദ്ധിമുട്ടുകളുണ്ട്. കാറിൽ സഞ്ചരിച്ചിരുന്ന മറ്റു രണ്ടുപേരുടെ അറസ്റ്റ് മുമ്പ് രേഖപ്പെടുത്തുകയും ഇവെര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ബെന്നിനെയും കോടതിയിൽ ഹാജരാക്കി മറ്റു നടപടികളിലേക്ക് കടക്കും.
ഒളിവിൽ പോയ ഇയാളുടെ പേരിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തായിരുന്ന ഇയാൾ അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇയാൾ രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങളിലേക്കും പോലീസ് അറിയിപ്പ് നൽകിയിരുന്നു.
ആർത്താറ്റ് പള്ളിക്കുസമീപം കുറുക്കൻപാറ സെന്ററിൽ കാർ ബൈക്കിൽ ഇടിച്ചാണ് മൂന്നുവയസ്സുള്ള കുട്ടി ഉൾപ്പെടെ ബൈക്ക് യാത്രികരായ മൂന്നുപേർ മരിച്ചത്. എടക്കഴിയൂർ സ്വദേശികളായ മുനീർ (35), ഷിഫ്ന (24), മൂന്നുവയസ്സുള്ള മകൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.40-നാണ് അപകടം ഉണ്ടായത്. അതിവേഗതയിൽ എത്തിയ കാർ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചതിനുശേഷം സമീപത്തെ വൈദ്യുതിക്കാലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ദയ റോയൽ ആശുപത്രിയിലും മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മുനീറും ഷിഫ്നയും മരിച്ചിരുന്നു ചികിത്സയിലിരിക്കെയാണ് എമിൽ ഐബക്ക് മരിച്ചത്. അപകടത്തിൽ കാറും ബൈക്കും പൂർണമായും തകർന്നു.
നെഞ്ചിലൊരു നീറ്റലായി മുനീറിന്റെയും കുടുംബത്തിന്റെയും അവസാന ചിത്രം
വിവാഹത്തലേന്നത്തെ ആഘോഷങ്ങളിൽ നിന്നും സന്തോഷങ്ങളിൽനിന്നും മുനീറും കുടുംബവും യാത്രപറഞ്ഞിറങ്ങി മിനിറ്റുകൾക്കകം ഇടിത്തീ പോലെ ആ ദുരന്തവാർത്തയെത്തി. പൊട്ടിച്ചിരികൾ നിറഞ്ഞ കല്യാണവീട്ടിൽനിന്ന് കരച്ചിലുയർന്നു. കുന്നംകുളം അർത്താറ്റ് ശനിയാഴ്ച അർധരാത്രിയോടെ കാർ ബൈക്കിലിടിച്ച് മരിച്ച മുനീറും ഭാര്യ ഷിഫ്നയും മൂന്നുവയസ്സുകാരൻ മകൻ എമിൽ ഐബക്കും മാതൃസഹോദരിയുടെ മകളുടെ വിവാഹാഘോഷം പൂർത്തിയാകും മുൻപേയാണ് എന്നെന്നേക്കുമായി വിടപറഞ്ഞത്.
മുനീറിന്റെ മാതൃസഹോദരി ഫാത്തിമയുടെ മകൾ അൽഫിയയുടെ കല്യാണത്തലേന്നത്തെ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് അപകടം. വിവാഹത്തലേന്നത്തെ ചടങ്ങിനായാണ് മുനീറും കുടുംബവും ചൊവ്വനൂരിലെ വീട്ടിലെത്തിയത്. ഇവിടെനിന്ന് എടക്കഴിയൂരിലെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് കുന്നംകുളത്ത് അർത്താറ്റിനടുത്തുവെച്ച് നിയന്ത്രണം വിട്ട കാറിടിച്ച് മൂന്നുപേർക്കും ജീവൻ നഷ്ടപ്പെട്ടത്. ഹാലിലെ ചടങ്ങിനിടെ പകർത്തിയ ഇവരുടെ അവസാനചിത്രം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൊമ്പരക്കാഴ്ചയായി. വധുവിനൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്ക് പുറമേ തങ്ങൾ മൂന്നുപേരും മാത്രമുള്ള ചിത്രവും ഫോട്ടോഗ്രാഫറോട് പറഞ്ഞ് പ്രത്യേകം ഇവർ എടുപ്പിച്ചിരുന്നു. ആ ചിത്രം അവരുടെ അവസാന ചിത്രമായി മാറുമെന്ന് കരുതിയില്ലെന്ന് ചടങ്ങിന്റെ ഫോട്ടോ പകർത്തിയ മാജിദ് വേദനയോടെ പറഞ്ഞു.
മുനീറിന്റെയും കുടുംബത്തിന്റെയും വിയോഗത്തെ തുടർന്ന് ഞായറാഴ്ച ചൊവ്വനൂർ അൽ അമീൻ ഓഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ നടത്താനിരുന്ന വിവാഹസത്കാരങ്ങളും ആഘോഷങ്ങളും ഉപേക്ഷിച്ചു. തുടർന്ന് പന്നിത്തടം ജുമാ മസ്ജിദിൽ അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ ചടങ്ങുമാത്രമാക്കി വിവാഹം നടത്തി.
Content Highlights: Car driver Ben surrendered 36 hours after the fatal accident in Kunnamkulam Arthat. The accident resulted in the tragic deaths of Munir, his wife Shifna, and their 3-year-old son Emil Aybak. The family was returning from a wedding eve celebration when the speeding car hit their bike.