കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്: അവിശ്വാസ പ്രമേയത്തിലൂടെ ഭരണം തിരിച്ചുപിടിച്ച് യു.ഡി.എഫ്.

കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ഭരണം തിരിച്ചുപിടിച്ച് യു.ഡി.എഫ്. അവിശ്വാസ പ്രമേയത്തിലൂടെയാണിത്. വോട്ടെടുപ്പില്‍ യു.ഡി.എഫ്. വിജയിച്ചു. മുന്‍പ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെത്തുടര്‍ന്ന് നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് ഭരണംപിടിച്ച പഞ്ചായത്താണ് യുഡിഎഫ് അവിശ്വാസത്തിലൂടെ തിരിച്ചുപിടിച്ചത്.
ഓഗസ്റ്റ് 26-ന് യു.ഡി.എഫിലെ 10 അംഗങ്ങള്‍ ഒപ്പിട്ടുനല്‍കിയ അവിശ്വാസപ്രമേയത്തിനുള്ള നോട്ടീസ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിരുന്നു. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ശാഫിയായിരുന്നു റിട്ടേണിങ് ഓഫീസര്‍.
ബ്ലോക്ക് പഞ്ചായത്തില്‍ ആകെയുള്ള 19 സീറ്റില്‍ യു.ഡി.എഫിന് പത്തും എല്‍.ഡിഎഫിന് ഒന്‍പതും അംഗങ്ങളാണുള്ളത്. യു.ഡി.എഫില്‍ കോണ്‍ഗ്രസിന് ആറും ലീഗിന് നാലും അംഗങ്ങളും എല്‍.ഡി.എഫില്‍ സി.പി.എമ്മിന് ഏഴും എല്‍.ജെ.ഡി.ക്ക് ഒന്നും എന്‍.സി.പി.ക്ക് ഒന്നും അംഗങ്ങളുണ്ട്.
യു.ഡി.എഫ്. ധാരണപ്രകാരം കോണ്‍ഗ്രസിലെ ബാബു നെല്ലൂളിയായിരുന്നു ആദ്യ രണ്ടുവര്‍ഷം ബ്ലോക്ക് പ്രസിഡന്റ്. മുന്നണി ധാരണയെത്തുടര്‍ന്ന് അദ്ദേഹം രാജിവെച്ചപ്പോള്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു യു.ഡി.എഫ്. അംഗത്തിന്റെ വോട്ട് അസാധുവാകുകയും തുല്യ നിലയിലായതിനാല്‍ നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫിലെ സി.പി.എം. പ്രതിനിധി ടി.പി. മാധവന്‍ പ്രസിഡന്റാകുകയുമായിരുന്നു.
എല്‍.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത് അന്ന് വിവാദത്തിനു വഴിയൊരുക്കി. പിന്നീട് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയിച്ചിരുന്നു. യു.ഡി.എഫിലെ കോണ്‍ഗ്രസ് പ്രതിനിധി മൈമൂന കടുക്കാഞ്ചേരിയാണ് വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
Content Highlights: kunnamanglam block panchayath, no confidence debate