കുണ്ടറ ബോംബ് കേസ്;വിളിച്ചറിയിച്ചത് സരിത, സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ല-ഒന്നാംപ്രതി വിനുകുമാർ

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കുണ്ടറ ബോംബ് കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ഒന്നാംപ്രതി വിനുകുമാര്‍. സംഭവം നടക്കുമ്പോള്‍ താന്‍ വെഞ്ഞാറമൂടായിരുന്നുവെന്നും സോളാര്‍ കേസ് പ്രതി സരിത എസ് നായരാണ് ബോംബെറിഞ്ഞ കാര്യം വിളിച്ചറിയിച്ചതെന്നും കേസില്‍ താന്‍ നിരപരാധിയാണെന്നും വിനുകുമാര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ഇ.എം.സി.സി ഡയറക്ടറായിരുന്ന ഷിജുവര്‍ഗീസിന്റേയും ദല്ലാള്‍ നന്ദകുമാര്‍ എന്ന വിളിക്കുന്ന വിവാദ വ്യവസായിടേയും ഗൂഢാലോചനയാണ് ബോംബ് കേസ്. കുറച്ചു ജോലിക്കാരെ വേണമെന്ന് പറഞ്ഞ് തന്നെ ദല്ലാള്‍ നന്ദകുമാര്‍ വിളിച്ചിരുന്നു. അതനുസരിച്ച് തനിക്കറിയാവുന്ന ചിലരെ ജോലിക്ക് റെഡിയാക്കി കൊടുത്തു. ബോംബെറിഞ്ഞ സംഭവമൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. സരിത എസ്.നായര്‍ വിളിച്ച് പറയുകയായിരുന്നുവെന്നും അവരെ 2016-മുതല്‍ പരിചയമുണ്ടെന്നും വിനുകുമാര്‍ പറഞ്ഞു.
സ്വന്തം കാര്‍ കത്തിച്ച് മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് കാലത്ത് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ് ഇ.എം.സി.സി ഡയറക്ടര്‍ കൂടിയായിരുന്ന ഷിജു വര്‍ഗീസ്. ഷിജു വര്‍ഗീസും വിനുകുമാറും ഉള്‍പ്പെടെ നാല് പേരെ കേസില്‍ പ്രതികളാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഷീജു വര്‍ഗീസ് നാലാം പ്രതിയാണ്. തിരുവനന്തപുരം സ്വദേശികളായ വിനുകുമാര്‍, കൃഷ്ണകുമാര്‍, പാലക്കാട് സ്വദേശി ശ്രീകാന്ത് എന്നിവരാണ് മറ്റ് പ്രതികള്‍. വിനുകുമാര്‍ ഒന്നാംപ്രതിയാണ്.
ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ റദ്ദാക്കിയതിലെ പക തീര്‍ക്കാനും മേഴ്‌സിക്കുട്ടിയമ്മയെ അപകീര്‍ത്തിപ്പെടുത്താനുമായിരുന്നു കരാറിന് ചുമതലയുണ്ടായിരുന്ന ഇ.എം.സി.സി ഡയറക്ടര്‍ ഷിജുകുമാര്‍ ഡി.എസ്.ജെ.പി പാര്‍ട്ടിയുണ്ടാക്കി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തിരഞ്ഞെടുപ്പ് ദിനത്തില്‍ സ്വന്തം കാറിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഇതിന് പിന്നില്‍ മേഴ്‌സിക്കുട്ടിയമ്മയുടെ സംഘമാണെന്ന പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നില്‍ ഷിജുകുമാര്‍ തന്നെയാണെന്ന വ്യക്തമാവുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു.
Content Highlights: EMCC Bomb case; Political Conspiracy Says Vinu kumar