മധ്യപ്രദേശ് പോലീസ് കേരളത്തിൽ, കൊണ്ടുപോകരുതെന്ന് കുംഭമേള വൈറൽ പെൺകുട്ടി; കേരളാപോലീസിനോട് സംരക്ഷണംതേടി

കൊച്ചി: വിവാഹം വിവാദത്തിലായതിന് പിന്നാലെ കുംഭമേള വൈറൽ പെൺകുട്ടി സംരക്ഷണം തേടി കൊച്ചി പോലീസിനെ സമീപിച്ചു. മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയതിന് പിന്നാലെയാണ് തനിക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി കൊച്ചി പോലീസിൽ പരാതി നൽകിയത്.
തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാൻ അനുവദിക്കരുതെന്നാണ് പെൺകുട്ടിയുടെ പ്രധാന ആവശ്യം. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് കേരളത്തിൽനിൽക്കുന്നതെന്നും 18 വയസ്സ് തികഞ്ഞതാണെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. വയസ്സ് തെളിയിക്കുന്നതിനുള്ള രേഖകളും പോലീസിന് സമർപ്പിച്ചു.
അതേസമയം, കുംഭമേള വൈറൽ പെൺകുട്ടിയെ ഫർമാൻ അഹമ്മദ് എന്നയാൾ വിവാഹംചെയ്ത സംഭവത്തിൽ അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് മധ്യപ്രദേശ് പോലീസ് ഫർമാനെതിരേ പോക്‌സോ കേസ് രജിസ്റ്റർചെയ്തിരുന്നു. ഈ കേസിന്റെ ഭാഗമായാണ് മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തിയത്. ഫർമാന്റെ സുഹൃത്തിനെയും മധ്യപ്രദേശ് പോലീസ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ, ഫർമാന്റെ അറസ്റ്റ് തടഞ്ഞ് നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മേയ് 20 വരെ അറസ്റ്റ് തടഞ്ഞാണ് ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്. ഇക്കാര്യം മധ്യപ്രദേശ് പോലീസിനെ അറിയിച്ചതായും കോടതി ഉത്തരവിന്റെ പകർപ്പ് അവർക്ക് കൈമാറിയതായും കൊച്ചി സിറ്റി പോലീസ് അറിയിച്ചു. അതേസമയം, പെൺകുട്ടിയെ കൊണ്ടുപോകാനാണോ മധ്യപ്രദേശ് പോലീസ് വന്നതെന്ന ചോദ്യത്തിന് അത് മധ്യപ്രദേശ് പോലീസിനോട് ചോദിക്കേണ്ടിവരുമെന്നായിരുന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രതികരണം.
നേരത്തേ തിരുവനന്തപുരത്തുവെച്ചാണ് കുംഭമേള വൈറൽ പെൺകുട്ടിയും ഫർമാനും വിവാഹിതരായത്. മന്ത്രി വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാൽ, വിവാഹത്തിന് പിന്നാലെ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതികളുയർന്നു. 16 വയസ്സ് മാത്രമാണ് പെൺകുട്ടിയുടെ പ്രായമെന്നും ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നുമായിരുന്നു പരാതി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ദേശീയ പട്ടികവർഗ കമ്മിഷനും കണ്ടെത്തി. തുടർന്നാണ് മധ്യപ്രദേശ് പോലീസ് പോക്‌സോ കേസ് രജിസ്റ്റർചെയ്തത്.
Content Highlights: The viral Kumbh Mela girl has formally requested police protection in Kochi., She opposes being sent back to Madhya Pradesh against her will., The individual has provided legal documentation proving she is over 18 years of age., Current status as of 2026 indicates she is seeking legal sanctuary in Kerala.