കുടുംബകാര്യംപോലെ കഥകളി; മക്കള്‍ക്കൊപ്പം ആടി മാതാപിതാക്കളും

#ദിവ്യാ ചൂലിശ്ശേരി
കുമാരനല്ലൂരില്‍ ലവണാസുരവധം കഥകളിക്ക് തയ്യാറാകുന്ന (ഇടത്തുനിന്ന് വലത്തേക്ക്) കലാകേന്ദ്രം ബാലു എം. നായര്‍, നന്ദകി ബാലു, തീര്‍ഥ വിജയകുമാര്‍, കലാമണ്ഡലം ചമ്പക്കര വിജയകുമാര്‍,പരിപ്പ് ഒളവൂര്‍മഠം അദ്വൈത് അരുൺ, അഞ്ജലി അരുൺ
കുമാരനല്ലൂരില്‍ ലവണാസുരവധം കഥകളിക്ക് തയ്യാറാകുന്ന (ഇടത്തുനിന്ന് വലത്തേക്ക്) കലാകേന്ദ്രം ബാലു എം. നായര്‍, നന്ദകി ബാലു, തീര്‍ഥ വിജയകുമാര്‍, കലാമണ്ഡലം ചമ്പക്കര വിജയകുമാര്‍,പരിപ്പ് ഒളവൂര്‍മഠം അദ്വൈത് അരുൺ, അഞ്ജലി അരുൺ

കുമാരനല്ലൂര്‍: 'നിന്‍ പാദാംഭോരുഹം കുമ്പിടുന്നു ഞങ്ങള്‍ അംബാ ദയാനിലയേ വരമമ്പോടു നല്‍കുക' വനത്തിനുള്ളിലേക്ക് മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ വിടാന്‍ അമ്മയായ സീതാദേവിയോട് മക്കളായ കുശനും ലവനും അനുവാദം ചോദിക്കുന്ന സന്ദര്‍ഭത്തോടെയാണ് കുമാരനല്ലൂര്‍ ദേവീക്ഷേത്ര നടപ്പന്തലില്‍ കഴിഞ്ഞ രാത്രിയില്‍ ലവണാസുരവധം കഥകളിയാരംഭിച്ചത്. മൂന്ന് മാതാപിതാക്കളിലൊരാളും അവരുടെ മക്കള്‍ക്കൊപ്പം കഥകളി ആടിയ അസുലഭ മുഹൂര്‍ത്തമായിരുന്നു അത്. നടപ്പന്തലിലെ നിറഞ്ഞ സദസ്സ് സാക്ഷ്യംവഹിച്ചു.

തിരുവഞ്ചൂര്‍ വാസികത്തില്‍ കലാകേന്ദ്രം ബാലു എം. നായരുടെ മകള്‍ നന്ദകി ബാലുവിന്റെ അരങ്ങേറ്റമാണ് ഇതിന് വഴിയൊരുക്കിയത്. ഹനുമാനായി ബാലു എം. നായരും കുശനായി മകള്‍ നന്ദകിയും. സീതയായി വാഴപ്പള്ളി സ്വാതിയില്‍ കലാമണ്ഡലം ചമ്പക്കര വിജയകുമാറും ലവനായി മകള്‍ തീര്‍ഥയും. കൊല്ലം അമൃത യൂണിവേഴ്‌സിറ്റിയില്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ബാച്ച് കോഡിനേറ്ററായ പരിപ്പ് ഒളവൂര്‍മഠം അഞ്ജലി അരുണും ഇല്ലിക്കല്‍ ചിന്മയവിദ്യാലയത്തില്‍ മൂന്നാം ക്‌ളാസ് വിദ്യാര്‍ഥിയായ മകന്‍ അദ്വൈതും ബ്രാഹ്‌മണക്കുട്ടികളായെത്തി.

ബാലു, മലപ്പുറത്ത് മോട്ടോര്‍ വാഹന വകുപ്പ് ജൂനിയര്‍ സൂപ്രണ്ടാണ്. മകള്‍ നന്ദകി കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്‌ളസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനിയും. കലാമണ്ഡലം ഭാഗ്യനാഥിന്റെ ശിക്ഷണത്തില്‍ കുടമാളൂര്‍ കരികുളങ്ങര നാട്യമണ്ഡലത്തിലാണ് നന്ദകിയുടെ കഥകളിപഠനം. ഇരിഞ്ഞാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ കഥകളി അധ്യാപകനാണ് വിജയകുമാര്‍. മകള്‍ തീര്‍ഥ, വാഴപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ഥിനി .

ഉത്തരരാമായണത്തിലെ 'സീതാപരിത്യാഗം', 'ലവണാസുരവധം' എന്നീ കഥാഭാഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് പാലക്കാട് അമൃതശാസ്ത്രികള്‍ രചിച്ച ആട്ടക്കഥയാണ് 'ലവണാസുരവധം'. അനുഗ്രഹ ഇഷാനി, കെ.ആര്‍. ദേവി എന്നിവര്‍ പുറപ്പാട് ഒരുക്കി. കലാനിലയം സിനു, കലാമണ്ഡലം രാജേഷ് ബാബു, കലാമണ്ഡലം ശ്രീജിത്ത് (പാട്ട്), കിടങ്ങൂര്‍ രാജേഷ്, കലാമണ്ഡലം ശ്രീഹരി (ചെണ്ട), മാര്‍ഗി നാരായണന്‍ നമ്പൂതിരി, കലാമണ്ഡലം കാര്‍ത്തിക് (മദ്ദളം), കലാരംഗം കണ്ണന്‍, നീലംപേരൂര്‍ അര്‍ജുന്‍ (ചുട്ടി), കലാമണ്ഡലം കാശിനാഥന്‍, കുറിച്ചി അനന്തകൃഷ്ണന്‍ (മുഖത്തെഴുത്ത്), പള്ളിപ്പുറം ഉണ്ണിക്കൃഷ്ണന്‍, മഹേഷ് നാട്യകല, രാമപ്പണിക്കര്‍, ശ്രീരാജ് ചേര്‍ത്തല (അണിയറ) എന്നിവരാണ് മറ്റ് കലാകാരന്‍മാര്‍.