പശ്ചിമേഷ്യൻയുദ്ധം: കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് നഷ്ടം മൂന്നുകോടിയിലേറെ

കോട്ടയം: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് സഞ്ചാരികളുടെ കുറവുമൂലം കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കഴിഞ്ഞമാസമുണ്ടായ നഷ്ടം മൂന്നു കോടിയിലേറെ. മുൻകൂട്ടി ബുക്കുചെയ്ത സഞ്ചാരികൾക്ക് ബുക്കിങ് തുക തിരികെ നൽകേണ്ടിവന്നു. യുദ്ധം തുടരുന്നതിനാൽ അടുത്ത സീസണിലേക്കുള്ള ബുക്കിങ്ങും മുൻവർഷത്തെ അപേക്ഷിച്ച് വളരെ കുറവാണ്. അതോടെ ഏപ്രിൽ മാസവും സഞ്ചാരികൾ കുറയുമെന്ന് ഉറപ്പായി.
ഏപ്രിലിലേക്ക് മുൻകൂട്ടി ബുക്കുചെയ്തിരുന്ന പല വിദേശ വിനോദസഞ്ചാരികളും റദ്ദാക്കിക്കൊണ്ടിരിക്കുകയാണ്. നേരിട്ടുള്ള വിമാന സർവീസുകളുടെ അഭാവത്തിൽ ദോഹ, ദുബായ് വഴി കേരളത്തിലേക്ക് വിദേശികളുടെ വരവുനിലച്ചു. വിമാനടിക്കറ്റുകളുടെ നിരക്ക് വർധനമൂലം ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽനിന്ന് കൂട്ടമായി എത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു. ജൂൺ-ജൂലായ് മാസത്തിൽ ഉണ്ടാകാറുള്ള അറബ് സഞ്ചാരികളുടെ വൻതോതിലുള്ള വരവ് കുറയുമോയെന്നതാണ് നിലവിൽ ഹോട്ടൽ അധികൃതരെ ഏറ്റവുംകൂടുതൽ ആകുലപ്പെടുത്തുന്നത്.
അവധിക്കാലങ്ങളിൽ വിദേശത്തുള്ള ബന്ധുക്കൾക്കൊപ്പം എത്തുന്ന വടക്കേയിന്ത്യൻ സഞ്ചാരികളുടെ ബുക്കിങ്ങിലും കുറവുണ്ട്. ഏപ്രിലിൽ മുൻകൂട്ടി ബുക്ക് ചെയ്ത ഡെസ്റ്റിനേഷൻ വെഡിങ്ങുകളിലാണ് ചില ഹോട്ടലുകളുടെ പ്രതീക്ഷ. തായ്‌ലാൻഡ്, മലേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികൾ വരുന്നുണ്ടെന്നതും ആശ്വാസമാണ്. ചില ഹോട്ടലുകളിൽ കേരളത്തിലെ കന്പനികളുടെ സമ്മേളനങ്ങൾക്ക് ബുക്കിങ് കിട്ടിയിട്ടുണ്ട്്.
റെസ്റ്ററന്റ് വിഭവം കുറഞ്ഞു
ഇന്ധനക്ഷാമം പല ഹോട്ടലുകളേയും വിറക്, ഇലക്ട്രിക് അടുപ്പുകളിേലക്ക് മാറ്റിയതോടെ െെവവിധ്യമുള്ള ഭക്ഷണം കുറഞ്ഞതും വരുമാനത്തെ പരോക്ഷമായി ബാധിച്ചിട്ടുണ്ട്. വിദേശികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ചില ഭക്ഷണങ്ങൾ പല ഹോട്ടൽ മെനുവിൽ നിന്നും പുറത്തായി. ചൈനീസ് വിഭവങ്ങൾ, ദോശ, പൊറോട്ട, അപ്പം വിഭവങ്ങൾക്കാണ് ആദ്യം വിലക്കു വീണത്. കനലടുപ്പിൽ തയ്യാറാക്കുന്ന തന്തൂരി വിഭവങ്ങൾ മെനുവിൽ ഇടം നേടി.
നഷ്ടം 30-ശതമാനം
ടൂറിസം മേഖലയ്ക്ക് 30 ശതമാനംവരെ ബിസിനസ് നഷ്ടമുണ്ട്. വെള്ളപ്പൊക്കവും കോവിഡുമുൾപ്പെടെ തുടർച്ചയായുണ്ടായ പ്രതിസന്ധികളെ അതിജീവിച്ചാണ് ഹോട്ടലുകൾ മുന്നേറിയത്. യുദ്ധം തുടരുന്നത് വലിയ ഭീഷണിയാണ്.
- കെ.വി. മനോജ് കുമാർ, ജനറൽ മാനേജർ, ഗോകുലം ഹോട്ടൽ, കുമരകം (ജനറൽ സെക്രട്ടറി, ചേംബർ ഓഫ് വേന്പനാട് ഹോട്ടൽസ് ആൻഡ് റെസ്റ്ററന്റ്സ്)
Content Highlights: Luxury hotels in Kumarakom recorded over 3 crore loss in the previous month., The Middle East conflict has led to significant cancellations for the 2026 season., Rising flight costs and lack of direct connectivity are deterring European tourists., Hotels are shifting to tandoori menus due to fuel shortages affecting traditional cooking methods., Industry experts estimate an overall 30% decline in tourism business.