കുഫോസ് അധ്യപക നിയമനക്കുരുക്ക്: സ്പീക്കര്‍ ഉള്‍പ്പെടെ ഉത്തരവാദികളെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

കൊച്ചി: കേരള ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) അധ്യാപക നിയമനക്കുരുക്കില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉള്‍പ്പെടെ ഉത്തരവാദികളെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് റിപ്പോര്‍ട്ട്. സ്പീക്കര്‍ക്കു പുറമേ ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറി മനു സി. പുളിക്കല്‍, കയ്പമംഗലം എം.എല്‍.എ. ഇ.ടി. ടൈസണ്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള 12 മുന്‍ ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളെയാണ് ഉത്തരവാദികളാക്കിയിരിക്കുന്നത്.
കുഫോസ് തന്നെ നിയോഗിച്ച എ.എന്‍. ഷംസീര്‍ ചെയര്‍മാനായുള്ള അന്വേഷണ സമിതിയാണ് അധ്യാപക നിയമന നടപടിക്രമങ്ങളില്‍ ആദ്യം ക്രമക്കേടുകള്‍ കണ്ടെത്തിയത്.
2018-19-ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേടുകള്‍ സംബന്ധിച്ച് പരാമര്‍ശം ഉണ്ടായെങ്കിലും സര്‍വകലാശാല മറുപടി നല്‍കിയില്ല. തുടര്‍ന്ന് 2019-20 ഓഡിറ്റ് റിപ്പോര്‍ട്ടിലും ഇതുള്‍പ്പെട്ടു. ഇതില്‍ ഭാഗികമായാണ് മറുപടി നല്‍കിയത്. 2020-21 ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേടുകള്‍ക്ക് സര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ അംഗങ്ങള്‍ ഉത്തരവാദികളാണെന്ന് പരാമര്‍ശിക്കപ്പെട്ടു.
യു.ജി.സി. ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് നിയമനങ്ങളെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഓഡിറ്റ് വകുപ്പ് ഈ അധ്യാപകരുടെ ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞിരുന്നു. 2019-20 മുതല്‍ 2021-22 വരെ 4.88 കോടി രൂപ തടഞ്ഞിട്ടുണ്ട്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി യു.ജി.സി. അംഗീകരിക്കാത്ത ജേണലുകളും പ്രസിദ്ധീകരണങ്ങള്‍ക്കുമാണ് മാര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ഇതടക്കം നിരവധി ക്രമക്കേടുകളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സര്‍ക്കാര്‍ എന്തു ചെയ്യും
സര്‍വകലാശാലയുടെ നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാരിന് അന്വേഷണം നടത്താന്‍ കുഫോസ് ആക്ടിലെ അധ്യായം രണ്ടിലെ വകുപ്പ് എട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ സര്‍വകലാശാലയ്ക്ക് വീണ്ടും അന്വേഷണം നടത്താമോ എന്ന ചോദ്യത്തിന്, പരമാധികാര സഭയായ ഗവേണിങ് കൗണ്‍സിലിന് വ്യക്തത വരുത്തുന്നതിനായി ഉപസമിതിയെ നിയോഗിക്കാന്‍ അധികാരമുണ്ടെന്നാണ് സര്‍വകലാശാലയുടെ മറുപടി. എന്നാല്‍, ഏത് വകുപ്പ് പ്രകാരം എന്നതിന് മറുപടിയില്ല.
കെ.വി. സുമേഷ് എം.എല്‍.എ. ചെയര്‍മാനായ സമിതിയുടെ റിപ്പോര്‍ട്ട് സര്‍വകലാശാലയുടെ മറുപടി എന്ന നിലയ്ക്ക് സര്‍ക്കാരിലേക്ക് അയച്ചിരുന്നു. ഇതില്‍ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കും എന്നതിനനുസരിച്ചായിരിക്കും മുന്നോട്ടുള്ള കാര്യങ്ങള്‍.
Content Highlights: kufos teachers appointment controversy an shamseer