തദ്ദേശസ്ഥാപനങ്ങളുടെ പരിപാടിയിൽ കുടുംബശ്രീ അംഗങ്ങളെ നിർബന്ധിച്ചു പങ്കെടുപ്പിക്കേണ്ടതില്ല-മന്ത്രി ഷാജി

ആലപ്പുഴ: പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുടുംബശ്രീ അംഗങ്ങളെയും ഹരിതകർമസേനാംഗങ്ങളെയും നിർബന്ധിച്ചു പങ്കെടുപ്പിക്കേണ്ടതില്ലെന്ന് മന്ത്രി കെ.എം. ഷാജി. അംഗങ്ങൾക്കു താത്പര്യമുണ്ടെങ്കിൽ മാത്രം പങ്കെടുത്താൽ മതി. ‘ഓണം കുടുംബശ്രീക്കൊപ്പം’ ഓണം വിപണനമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ബീച്ചിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലത്തിനനുസരിച്ച് കുടുംബശ്രീയിലും മാറ്റം വേണം. മികവുറ്റ പ്രവർത്തനങ്ങളുമായി കുടുംബശ്രീ 2.0-യിലേക്കു കടക്കുകയാണ്. അതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. വ്യക്തിത്വം തിരിച്ചറിയാൻ സ്ത്രീകളെ പ്രാപ്തമാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീ. ലിംഗതുല്യതയല്ല, ലിംഗനീതിയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. നൂതനാശയങ്ങളിൽ അധിഷ്ഠിതമായ സംരംഭമേഖലകളിലേക്കു മാറാൻ കുടുംബശ്രീ അംഗങ്ങൾക്കു കഴിയണം -മന്ത്രി പറഞ്ഞു.
ജി. സുധാകരൻ എം.എൽ.എ. അധ്യക്ഷനായി. എ.ഡി. തോമസ് എം.എൽ.എ., എക്സിക്യുട്ടീവ് ഡയറക്ടർ വി. വിഘ്‌നേശ്വരി, ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ്, ജില്ല മിഷൻ കോഡിനേറ്റർ ആർ. വിമൽ ചന്ദ്രൻ, എ.എം. നൗഫൽ, ഷീലാ മോഹൻ, ഹെലൻ ഫെർണാണ്ടസ്, എ.എം. നസീർ തുടങ്ങിയവർ പങ്കെടുത്തു. 25 വരെയാണ് മേള.
Content Highlights: Kudumbashree and Haritha Karma Sena participation in local body events is now optional., Kudumbashree is transitioning towards 'Kudumbashree 2.0' with innovative business sectors., The 'Onam Kudumbashreekoppam' state-level expo was inaugurated at Alappuzha beach., Minister emphasized gender justice over mere gender equality for women's empowerment.